കോവിഡ് വ്യാപനത്തെതുടർന്ന് 2020 ഏപ്രിലിൽ വിപണി തകർച്ചനേരിട്ടതിനുശേഷമുണ്ടായ ഉയർത്തെഴുന്നേൽപിൽ ഇരട്ടിയിലേറെ നേട്ടമാണ് നിഫ്റ്റി സൂചികയിലുണ്ടായത്. 

ശക്തമായ ഈ തിരുച്ചുവരവിൽ എല്ലാസെക്ടറുകളും മികച്ചനേട്ടമുണ്ടാക്കിയപ്പോൾ സ്‌മോൾ ക്യാപ്, മിഡ് ക്യാപ് ഓഹരികൾ റെക്കോഡ് ഉയരം കീഴടക്കി. ഈ കുതിപ്പിൽ നിരവധി ഓഹരികളാണ് നിക്ഷേപകരെ ഉയരങ്ങളിലെത്തിച്ചത്. 

ആ ഗണത്തിൽപ്പെട്ട ഓഹരികളിലൊന്നാണ് മൈൻഡ് ട്രീ. 10 വർഷംമുമ്പത്തെ 81.75 രൂപ നിലവാരത്തിൽനിന്ന് ഈ ഓഹരി കുതിച്ചത് 3,355ലേക്കാണ്. അതായത് 41 ഇരട്ടിയിലേറെ നേട്ടം. 

അഞ്ച് വ്യാപാര ദിനങ്ങൾക്കിടെ 2,930 രൂപയിൽനിന്ന് 3,355 നിലവാരത്തിലേക്കാണ് വില കുതിച്ചത്. കഴിഞ്ഞ ആറ് മാസത്തെ കണക്കെടുത്താൽ 107ശതമാനമാണ് നേട്ടം. 1,614 രൂപയിൽനിന്ന് 3,355 രൂപയായാണ് ഉയർന്നത്. ഒരുവർഷത്തിനിടെ 185ശതമാനവും ഓഹരി നേട്ടമുണ്ടാക്കി. 569രൂപയിൽനിന്ന് 3355 രൂപയിലെത്തുകയുംചെയ്തു. 

നിക്ഷേപകന് ലഭിച്ചനേട്ടം
ഒരുമാസം മുമ്പ് മൈൻഡ് ട്രീയിൽ ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കിൽ 1.21 ലക്ഷമായി ഉയരുമായിരുന്നു. ആറ് മാസംമുമ്പായിരുന്നു നിക്ഷേപമെങ്കിൽ 2.07 ലക്ഷം രൂപയാകുമായിരുന്നു. അഞ്ചുവർഷം മുമ്പായിരുന്നെങ്കിൽ 5.86 ലക്ഷമായും പത്തുവർഷം മുമ്പായിരുന്നെങ്കിൽ 41 ലക്ഷം രൂപയുമായും നിക്ഷേപം ഉയരുമായിരുന്നു. 

മുന്നറിയിപ്പ്: ഒരുവർഷത്തിനിടെ ഓഹരി വിപണിയിലുണ്ടായ കുതിപ്പിൽ മികച്ച നേട്ടമുണ്ടാക്കിയ ഓഹരികൾ പരിചയപ്പെടുത്തുകമാത്രമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. നിക്ഷേപത്തിനുള്ള ശുപാർശയായി കാണേണ്ടതില്ല. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. സ്വന്തം ഉത്തരവാദിത്വത്തിൽവേണം നിക്ഷേപം നടത്താൻ.