നിങ്ങള്‍ക്ക് ക്ഷമയുണ്ടോ? എങ്കില്‍ ഓഹരി വിപണിയില്‍ കോടികള്‍ സ്വന്തമാക്കാം. സഫാരി ഇന്‍ഡസ്ട്രീസിനെ നോക്കൂ. 10 വര്‍ഷംകൊണ്ട് നിക്ഷേപകന് സമ്മാനിച്ചത് 10,000 ശതമാനത്തിലേറെ നേട്ടം.
2009ല്‍ അഞ്ചുരൂപയുണ്ടായിരുന്ന സഫാരിയുടെ ഓഹരി വില ഇപ്പോള്‍(2019 നവംബര്‍ 27, 11.15 എ.എം) 562.10 രൂപയാണ്. പത്തുവര്‍ഷ കാലയളവില്‍ 11,600 ശതമാനത്തിലേറെയാണ് കമ്പനിയുടെ ഓഹരി വില കുതിച്ചത്.
2009ല്‍ ഒരു ലക്ഷം രൂപ നിങ്ങള്‍ നിക്ഷേപിച്ചിരുന്നെങ്കില്‍ 2019ല്‍ 1.17 കോടി രൂപ നിങ്ങള്‍ക്ക് സ്വന്തമാക്കാമായിരുന്നു. 1263 കോടിയിലേറെ രൂപയാണ് കമ്പനിയുടെ നിലവിലെ വിപണി മൂല്യം.
വിഐപി, സ്‌കൈബാഗ്‌സ്, സാംസോണൈറ്റ്, അമേരിക്കന്‍ ടൂറിസ്റ്റര്‍ തുടങ്ങിയവയാണ് സഫാരിയുമായി മത്സരിക്കുന്ന പ്രധാന കമ്പനികള്‍. ഇതില്‍ വിഐപിയുടെ ഓഹരിയാകട്ടെ കഴിഞ്ഞ 10 വര്‍ഷത്തിനിടെ 1,500 ശതമാനത്തിലേറെ നേട്ടമുണ്ടാക്കി.
കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ സഫാരിയുടെ ഓഹരിയില്‍ ഇടിവുണ്ടായിട്ടുപോലും ദീര്‍ഘകാലയളവില്‍ മികച്ച നേട്ടം നിക്ഷേപകന് നല്‍കാന്‍ കമ്പനിക്കായി.
ഒരുവര്‍ഷത്തിനിടെ 30 ശതമാനമാണ് ഓഹരിവില ഇടിഞ്ഞത്. 2018 ഡിസംബര്‍ 21നാണ് 52 ആഴ്ചയിലെ ഉയര്‍ന്നവില രേഖപ്പെടുത്തിയത്. ഓഹരിയൊന്നിന് 829 രൂപ.
2019 ഓഗസ്റ്റ് 9ന് 52 ആഴ്ചയിലെ താഴ്ന്ന നിലവാരമായ 481 രൂപയിലുമെത്തി. തുടര്‍ന്നങ്ങോട്ട് നൂറുരൂപയോളം കൂടുകയും ചെയ്തു.
കമ്പനിയുടെ പ്രകടനത്തിലും കഴിഞ്ഞ 10 വര്‍ഷം നിര്‍ണായകമായിരുന്നു. ഈകാലയളവില്‍ അറ്റാദായം 1300ശതമാനത്തിലേറെ ഉയര്‍ന്നു. 2009-2010 സാമ്പത്തിക വര്‍ഷത്തില്‍ 1.93 കോടിയായിരുന്ന ലാഭം 2019 മാര്‍ച്ചിലെത്തിയപ്പോള്‍ 27 കോടിയായി.
വില്പന വരുമാനത്തിലും സമാനമായ വര്‍ധനവുണ്ടായി. 62.01 കോടി രൂപയിയില്‍നിന്ന് 572.63 കോടിയായാണ് വര്‍ധിച്ചത്. പ്രതിഓഹരി വരുമാനം 6.46 രൂപയില്‍നിന്ന് 12.20 രൂപയായി വര്‍ധിക്കുകയും ചെയ്തു.
ബാഗ് നിര്‍മാണമേഖലയില്‍ രാജ്യത്തെതന്നെ മൂന്നാമത്ത വലിയ കമ്പനിയാണ് സഫാരി. 2012ല്‍ മാനേജുമെന്റ് തലത്തിലുണ്ടായ മാറ്റമാണ് കമ്പനിയുടെ കുതിപ്പിന് വഴിതുറന്നത്.
ബായ്ക്ക്പാക്ക്, സ്‌കൂള്‍ ബാഗ് തുടങ്ങിയ ഉത്പന്നങ്ങളുടെ കാറ്റഗറിയില്‍ മുന്നേറാന്‍ കമ്പനിയ്ക്കുകഴിഞ്ഞു. വിതരണശൃംഖലയും കരുത്തുറ്റതായി.
If one lakh were invested 10 years ago, they would have got Rs 1.17 crore