അദാനി സാമ്രാജ്യം കെട്ടിപ്പടുത്തതെങ്ങനെ; ഹിന്‍ഡെന്‍ബെര്‍ഗിന്റെ വെളിപ്പെടുത്തൽ തിരിച്ചടിയാകുമോ?


Money Desk

ഗൗതം അദാനിയും കുടുംബാംഗങ്ങളും ഉള്‍പ്പെട്ട കൂട്ടുകുടുംബ വ്യവസായത്തെ കൃത്രിമ കണക്കുകളിലൂടെ രാജ്യത്തെതന്നെ വന്‍ കോര്‍പറേറ്റ് സാമ്രാജ്യമായി ഉയര്‍ത്തിയതെങ്ങനെയെന്ന് ഹിന്‍ഡെന്‍ബെര്‍ഗ് അക്കമിട്ട് നിരത്തി വിശദീകരിക്കുന്നു.

Premium

.

ദാനിക്കെതിരായ ആരോപണങ്ങള്‍ വിപണിയിലേയ്ക്ക് പ്രവഹിക്കുമ്പോള്‍ തകര്‍ന്നടിയുന്നത് കമ്പനികളുടെ ഓഹരി മൂല്യവും ചോരുന്നത് നിക്ഷേപകരുടെ കീശയും.

ഗൗതം അദാനിയും കുടുംബാംഗങ്ങളും ഉള്‍പ്പെട്ട കൂട്ടുകുടുംബ വ്യവസായത്തെ കൃത്രിമ കണക്കുകളിലൂടെ രാജ്യത്തെതന്നെ വന്‍ കോര്‍പറേറ്റ് സാമ്രാജ്യമായി ഉയര്‍ത്തിയതെങ്ങനെയെന്ന് ഹിന്‍ഡെന്‍ബെര്‍ഗ് അക്കമിട്ട് നിരത്തി വിശദീകരിക്കുന്നു. കൊടുമുടിയോളം ഉയര്‍ന്ന കടബാധ്യതകളും ഭരണപ്രശ്‌നങ്ങളും വിഗദ്ധമായി ഒളിപ്പിച്ച് കമ്പനികളുടെ ഓഹരി മൂല്യം വ്യാജമായി ഉയര്‍ത്തി അവയിന്മേല്‍ വന്‍തോതില്‍ കടമെടുത്ത്, വന്‍ ഏറ്റെടുക്കലുകള്‍ക്ക് നേതൃത്വം നല്‍കി രാജ്യത്തെ കോര്‍പറേറ്റ് സാമ്രാജ്യം പിടിച്ചെടുത്തതിന്റെ വഴികളാണ് ആരോപണത്തില്‍ ഏറെഭാഗവും.

അതേസമയം, കടബാധ്യത സമ്പന്ധിച്ച ആരോപണങ്ങള്‍ അദാനി ഗ്രൂപ്പ് തള്ളിക്കളയുന്നു. നിക്ഷേപകരെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിക്കാനും അവരുടെ താല്‍പര്യത്തെ ഹനിക്കാനും ലക്ഷ്യമിട്ട് വിദേശ സ്ഥാപനം നടത്തിയ ബോധപൂര്‍വമായ ശ്രമമാണിതെന്ന് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ജുഗേഷിന്ദര്‍ സിങ് വ്യക്തമാക്കി. അദാനി എന്റര്‍പ്രൈസസിന്റെ ഓഹരി വില്‍പന അട്ടിമറിക്കാനുള്ള ശ്രമം ഇതിനുപിന്നിലുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു.

വിശദമായ റിപ്പോര്‍ട്ട് പുറത്തുവിട്ട ഹിന്‍ഡെന്‍ബര്‍ഗിനെതിരെ നിയമനടപടിയെടുക്കുമെന്ന് അദാനി വ്യക്തമാക്കിയിട്ടുണ്ട്. ഏതുതരത്തിലുള്ള നിയമനടപടി സ്വീകരിച്ചാലും അതിനെ സ്വാഗതം ചെയ്യുന്നതായി ഹിന്‍ഡെന്‍ബെര്‍ഗും മറുപടി നല്‍കി. അദാനി ഗൗരവമായാണ് നിയമനടപടിയെക്കുറിച്ച് പറയുന്നതെങ്കില്‍ ഞങ്ങളുടെ പ്രവര്‍ത്തന മേഖലയായ യുഎസിലും കേസ് ഫയല്‍ ചെയ്യണമെന്നും കൃത്യമായ രേഖകള്‍ കൈവശമുണ്ടെന്നും ഹിന്‍ഡെന്‍ബെര്‍ഗ് വെല്ലുവിളിക്കുന്നു.

ആരോപണങ്ങള്‍
ഓഹരികളില്‍ കൃത്രിമം നടത്തിയും തെറ്റായ കണക്കുകള്‍ അവതരിപ്പിച്ചും കമ്പനികളുടെ മൂല്യം ഉയര്‍ത്തി വന്‍തോതില്‍ തട്ടിപ്പ് നടത്തിയന്നെതാണ് ഹിന്‍ഡന്‍ബെര്‍ഗിന്റെ പ്രധാന ആരോപണം. വിപണിയില്‍ ലിസ്റ്റ് ചെയ്ത ഏഴ് പ്രധാന കമ്പനികളുടെയും യഥാര്‍ഥമൂല്യം നിലവിലുള്ളതിനേക്കാള്‍ 85ശതമാനം കുറവാണെന്ന് ഹിന്‍ഡന്‍ബെര്‍ഗ് ആരോപിക്കുന്നു.

കമ്പനികള്‍ കനത്ത കടബാധ്യതയാണ് നേരിടുന്നത്. മൂല്യം പെരുപ്പിച്ചു കാണിച്ച് ഓഹരികള്‍ പണയംവെച്ച് വന്‍തുകയുടെ വായ്പയാണ് തരപ്പെടുത്തിയത്. കമ്പനികളുടെ അടിത്തറതന്നെ തര്‍ക്കാന്‍ ഇതിടയാക്കും.

കമ്പനികളുടെ ഉന്നതരെല്ലാം കുടുംബാംഗങ്ങളാണ്. 22 പ്രധാന ഉദ്യോഗസ്ഥരില്‍ എട്ടുപേരും കുടുംബത്തില്‍പ്പെട്ടവരാണ്. അതുകൊണ്ടുതന്നെ സാമ്പത്തിക കാര്യങ്ങള്‍ ഉള്‍പ്പടെയുള്ള തീരുമാനങ്ങള്‍ കുറച്ചുപേരില്‍ മാത്രമൊതുങ്ങുന്നു. അദാനി ഗ്രൂപ്പില്‍ നേരത്തെ ഉന്നത സ്ഥാനംവഹിച്ചിരുന്ന ഒരു ഉദ്യോഗസ്ഥന്‍ കുടുംബ ബിസിനസ് എന്നാണ് വിശേഷിപ്പിച്ചത്.

കള്ളപ്പണം വെളുപ്പിക്കല്‍, നികുതിദായകരുടെ പണം തട്ടിയെടുക്കല്‍, അഴിമതി എന്നീ നാല് മേഖലകളിലായി 1,38,000 കോടി രൂപ(17 ബില്യണ്‍ ഡോളര്‍)യുടെ ഇടപാട് നടന്നതായുള്ള അന്വേഷണത്തില്‍ നേരത്തെ അദാനി ഗ്രൂപ്പ് ഇടപെട്ടിരുന്നു. നികുതി വെട്ടിപ്പിന്റെ ഭാഗമായി കരീബിയന്‍ ദ്വീപുകള്‍, മൗറീഷ്യസ്, യുഎഇ എന്നി രാജ്യങ്ങളില്‍ കുടുംബാംഗങ്ങളുടെ സഹായത്തോടെ ഷെല്‍ കമ്പനികളുണ്ടാക്കി. വ്യാജ ഇറക്കുമതി, കയറ്റുമതി രേഖകളുണ്ടാക്കി രാജ്യത്തെ സ്ഥാപനങ്ങളുടെ വിറ്റുവരവില്‍ കൃത്രിമം കാണിക്കാനും നികുതിവെട്ടിക്കാനും ഷെല്‍ കമ്പനികളെ ഉപയോഗിച്ചു.

2004-2005 കാലയളവില്‍ ഡയമണ്ട് ഇറക്കുമതിക്ക് ഗൗതം അദാനിയുടെ സഹോദരനായ രാജേഷ് അദാനി നേതൃത്വം നല്‍കിയിരുന്നതായി ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ്(ഡിആര്‍ഐ) ആരോപിച്ചിരുന്നു. വ്യാജരേഖ ചമയ്ക്കല്‍, നികുതിവെട്ടിപ്പ് എന്നീ കുറ്റങ്ങള്‍ ചുമത്തി രണ്ടുതവണ രാജേഷിനെ അറസ്റ്റു ചെയ്തു. ഇതിനുശേഷമാണ് രാജേഷ് അദാനി ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറാകുന്നത്.

ഗൗതം അദാനിയുടെ ഭാര്യാ സഹോദരന്‍ സമീര്‍ വോറയും വജ്ര വ്യാപാര അഴിമതിയില്‍ പ്രധാനപങ്കുവഹിച്ചിട്ടുണ്ടെന്ന് ഡിആര്‍ഐ നേരത്തെതന്നെ ആരോപിച്ചിരുന്നു. അതിനുശേഷമാണ് അദാനിയുടെ ഓസ്‌ട്രേലിയ ഡിവിഷന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി അദ്ദേഹം നിയമിതനാകുന്നത്.

ഗൗതം അദാനിയുടെ മൂത്ത സഹോദരന്‍ വിനോദ് അദാനിയെ 'പിടികിട്ടാത്ത വ്യക്തിത്വ'മായാണ് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിട്ടുള്ളത്. തട്ടിപ്പ് സുഗമമായി നടത്താന്‍ ഉപയോഗിച്ചിരുന്ന ഓഫ്‌ഷോര്‍ കമ്പനികളുടെ ശൃംഖല കൈകാര്യം ചെയ്യുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. മൗറീഷ്യസിലെ കോര്‍പറേറ്റ് രേഖകള്‍ പരിശോധിച്ചും അതില്‍ ഗവേഷണം നടത്തിയുമാണ് വിനോദ് അദാനിയുടെ ഇടപാടുകള്‍ കണ്ടെത്തിയതെന്ന് ഹിന്‍ഡെന്‍ബെര്‍ഗ് വിശദീകരിക്കുന്നു.

വിനോദ് അദാനിയുടെയോ കൂട്ടാളികളുടെയോ നിയന്ത്രണത്തില്‍ മൗറീഷ്യസിലുള്ള 38 ഷെല്‍ കമ്പനികള്‍ കണ്ടെത്താനായി. സൈപ്രസ്, യുഎഇ, സിംഗപുര്‍, കരീബിയന്‍ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ വിനോദ് അദാനി രഹസ്യമായി നിയന്ത്രിക്കുന്ന സ്ഥാപനങ്ങളുണ്ട്.

വിനോദ് അദാനിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ പ്രവര്‍ത്തന വിവരങ്ങള്‍ ലഭ്യമല്ല. ജീവനക്കാരുണ്ടോയെന്നുപോലും അറിയില്ല. സ്ഥാപനങ്ങള്‍ക്ക് വിലാസമോ ഫോണ്‍ നമ്പറുകളോ ഓണ്‍ലൈന്‍ സാന്നിധ്യമോ ഇല്ല. എന്നിരുന്നാലും ബില്യണ്‍ കണക്കിന് ഡോളറിന്റെ ഇടപാടുകള്‍ ഇന്ത്യയിലെ അദാനി കമ്പനികളുമായുണ്ടായി. ഇടപാടുകളുടെ അനുബന്ധ രേഖകളൊന്നുമില്ലാതെതന്നെ.

വിവരാവകാശ നിയമപ്രകാരം സെബിക്ക് ലഭിച്ച അപേക്ഷകളില്‍ ഒന്നര വര്‍ഷമായി അന്വേഷണം നടന്നുവരികയാണെന്നും അറിയാന്‍ കഴിഞ്ഞു. മാധ്യമങ്ങളും എംപിമാരും ഇതുസംബന്ധിച്ച് ആശങ്കകള്‍ ഉന്നയിച്ചിരുന്നു.

അദാനി ഓഹരികളില്‍ മൂന്ന് ബില്യണ്‍ ഡോളറിലേറെ നിക്ഷേപമുള്ള വിദേശ നിക്ഷേപ സ്ഥാപനമായ എലോറയുടെ വെളിപ്പെടുത്തലുകളും ഹിന്‍ഡന്‍ബെര്‍ഗ് എടുത്തുകാണിക്കുന്നു. ഉടമസ്ഥാവകാശം മറച്ചുവെയ്ക്കാന്‍ ഫണ്ടുകള്‍ ബോധപൂര്‍വം വിന്യസിച്ചതായി എലോറ വെളിപ്പെടുത്തുന്നു.

വിലയിടിഞ്ഞ് ഓഹരികള്‍
ലിസ്റ്റ് ചെയ്തിട്ടുള്ള അദാനി ഗ്രൂപ്പിന്റെ ഏഴ് ഓഹരികളും രാണ്ടാമത്തെ ദിവസവും 20 ശതമാനത്തിനടുത്ത് തകര്‍ച്ച നേരിട്ടു. വെളിപ്പെടുത്തലുകള്‍ അടിസ്ഥാന രഹിതമെന്ന് ആരോപിച്ച് അദാനി ഗ്രൂപ്പ് തള്ളിക്കളഞ്ഞെങ്കിലും ഹിന്‍ഡന്‍ബെര്‍ഗിന്റെ ഭാഗത്തുനിന്ന് ശക്തമായ പ്രതിരോധമുണ്ടായതോടെയാണ് രണ്ടാമത്തെ ദിവസവും ഓഹരികള്‍ തകര്‍ച്ച നേരിട്ടത്.

അദാനി ട്രാന്‍സ്മിഷന്റെ ഓഹരി വില 19 ശതമാനത്തിലേറെയാണ് താഴെപ്പോയത്. അദാനി ടോട്ടല്‍ ഗ്യാസും സമാനമായ തകര്‍ച്ച നേരിട്ടു. അദാനി ഗ്രീന്‍ എനര്‍ജി 16ശതമാനവും നഷ്ടത്തിലാണ്. 20,000 കോടി സമാഹരിക്കാന്‍ ലക്ഷ്യമിട്ട് അദാനി എന്റര്‍പ്രൈസസിന്റെ എഫ്പിഒയ്ക്ക് തുടക്കമായെങ്കിലും രണ്ടു ശതമാനം ഇടിവോടെയാണ് ഓഹരിയില്‍ വ്യാപാരം നടക്കുന്നത്. 3,112-3,276 നിലവാരത്തിലാണ് വില നിശ്ചയിച്ചിട്ടുള്ളത്. ജനുവരി 31നാണ് ഇഷ്യു അവസാനിക്കുക.

അദാനി ഗ്രൂപ്പിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് പ്രതിപക്ഷ കക്ഷികള്‍ ഇതിനകം ഉന്നയിച്ചിട്ടുണ്ട്. ഹിന്‍ഡന്‍ബെര്‍ഗിന്റെ ആരോപണം ആര്‍ബിഐയും സെബിയും അന്വേഷിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ കമ്യൂണിക്കേഷന്‍സ് വിഭാഗം മേധാവി ജയറാം രമേഷ് ആവശ്യപ്പെട്ടിട്ടുള്ളത്.

സമ്പന്നരില്‍ ഏഴാം സ്ഥാനത്തേയ്ക്ക്
ആരോപണങ്ങള്‍ വിപണിയില്‍ പ്രതിഫലിച്ചപ്പോള്‍ അദാനിയുടെ ആസ്തിയിലുണ്ടായ ഇടിവ് 18 ബില്യണ്‍ ഡോളറിലേറെ. ഇതോടെ ലോക സമ്പന്ന പട്ടികയിലെ രണ്ടാം സ്ഥാനത്തുനിന്ന് അദ്ദേഹത്തിന് ഏഴിലേയ്ക്ക് പിന്മാറേണ്ടിവന്നു. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സിനും താഴെയാണ് ഇപ്പോള്‍ ഗൗതം അദാനിയുടെ സ്ഥാനം.

ഓഹരി വിലയില്‍ കുതിപ്പുണ്ടായതോടെയാണ് ഈയിടെ ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിനെ പിന്നിലാക്കി അദാനി രണ്ടാമതെത്തിയത്. പട്ടികയില്‍ 11-ാമതാണ് മുകേഷ് അംബാനിയുടെ സ്ഥാനം.

ഹിന്‍ഡെന്‍ബെര്‍ഗ്
ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിക്ഷേപ ഗവേഷണ സ്ഥാപനമാണ് ഹിന്‍ഡന്‍ബെര്‍ഗ്. കോര്‍പറേറ്റ് മേഖലയിലെ തട്ടിപ്പുകള്‍ വെളിച്ചത്തുകൊണ്ടുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രസീദ്ധീകരിക്കുന്നത് കമ്പനിയുടെ പ്രഖ്യാപിത ലക്ഷ്യമാണ്. നാഥാന്‍ ആന്‍ഡേഴ്‌സണണാണ് സ്ഥാപകന്‍. വിപണിയിലെ ഷോര്‍ട്ട് സെല്ലിങിനാണ്‌ കമ്പനി പ്രാധാന്യം നല്‍കുന്നത്.

Content Highlights: How did Adani build his empire? Hindenberg's accusations

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
lilly thoms
Premium

5 min

രാഹുലിന്റെ 'വിധി'ക്കുപിന്നിലെ മലയാളി, ആദ്യ നിയമ ബിരുദാനന്തരബിരുദക്കാരി; ചില്ലറക്കാരിയല്ല ലില്ലിതോമസ്

Mar 25, 2023


Rahul Gandhi Kapil Sibal

1 min

വിധി വിചിത്രം; രാഹുല്‍ അയോഗ്യനായിക്കഴിഞ്ഞെന്ന് കപില്‍ സിബല്‍

Mar 24, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022

Most Commented