മുംബൈ: രാജ്യത്തെ ഓഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവുംവലിയ പ്രാരംഭ ഓഹരി വില്പനയ്ക്കായി ലൈഫ് ഇന്‍ഷുറന്‍സ് കോര്പറേഷന് ഓഫ് ഇന്ത്യ. 15 ലക്ഷംകോടി മൂല്യത്തോടെയാകും പൊതുമേഖല സ്ഥാപനമായ എല്‍ഐസി ഐപിഒ വിപണിയിലെത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. നടപടിക്രമങ്ങള്‍ക്കായി ജനുവരി അവസാനത്തോടെ സെബിയെ സമീപിക്കുമെന്നാണ് സൂചന.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടിസിഎസ് എന്നീ മുന്‍നിര കമ്പനികളോടൊപ്പമാകും അതോടെ എല്‍ഐസിയുടെ സ്ഥാനം. 17 ലക്ഷം കോടി രൂപയാണ് റിലയന്‍സിന്റെ നിലവിലെ വിപണിമൂല്യം. ടിസിഎസിന്റേതാകട്ടെ 14.2 ലക്ഷം കോടിയുമാണ്.
ഭാവിയിലെ ലാഭം ഉള്‍പ്പടെ കണക്കാക്കി ആസ്തികളും വിലയിരുത്തി നാലുലക്ഷംകോടിയിലേറെ രൂപയാണ് നിലവില്‍ മൂല്യം നിശ്ചയിച്ചിട്ടുളളത്. അതിന്റെ മൂന്നു മുതല്‍ അഞ്ച് ഇരട്ടിവരെയാകാം വിപണിമൂല്യം. നിക്ഷേപക താല്പര്യം, ലാഭക്ഷമത, ഇന്ഡസ്ട്രിയിലെ സാധ്യതകള്‍ തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് അന്തിമ മൂല്യനിര്‍ണയംനടത്തുക.
കോവിഡനെതുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കുക, ധനകമ്മി കുറയ്ക്കുക എന്നിവ ലക്ഷ്യമിട്ടാണ് എല്‍ഐസിയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.
കമ്പനിയിലെ അഞ്ചുമുതല്‍ 10ശതമാനംവരെ ഓഹരികള്‍ വില്‍ക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. നിലവില്‍ ലക്ഷ്യമിടുന്ന മൂല്യത്തിലാണെങ്കില്‍ അഞ്ചുശതമാനം ഓഹരി വിറ്റാല്‍ 75,000 കോടി രൂപ സമാഹരിക്കാനാകും. മാര്‍ച്ച് അവസാനത്തോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..