മുംബൈ: പ്രതികൂലമായ ആഗോള സൂചനകൾ രാജ്യത്തെ ഓഹരി വിപണിയിൽ രണ്ടാംദിവസവും നഷ്ടംവിതച്ചു. സെൻസെക്സ് 524 പോയന്റ് താഴ്ന്ന് 58,490 ലും നിഫ്റ്റി  188 പോയന്റ് നഷ്ടത്തിൽ 17,396 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 

ചൈനയിലെ എവർഗ്രാന്റെ റിയൽ എസ്റ്റേറ്റ് ഭീമന്റെ കടബാധ്യതയും കമ്മോഡിറ്റി വിലയിടിവും വരാനിരിക്കുന്ന യുഎസ് ഫെഡറൽ റിസർവ് യോഗവുമൊക്കെയാണ് നിക്ഷേപകരെ ആശയക്കുഴപ്പത്തിലാക്കിയത്. ഇതേതുടർന്ന് വിപണി വില്പന സമ്മർദംനേരിട്ടു. 

ടാറ്റാ സ്റ്റീൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടനേരിട്ടത്. ഐടിസി, ബജാജ് ഫിൻസർവ്, എച്ച്സിഎൽ ടെക്നോളജീസ്, ബ്രിട്ടാനിയ ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. 

നിഫ്റ്റി എഫ്എംസിജി ഒഴികെയുള്ള സെക്ടറുകൾ നഷ്ടത്തിലായി. ലോഹ സൂചിക ഏഴ് ശതമാനവും പൊതുമേഖല ബാങ്ക് സൂചിക നാല് ശതമാനവും തകർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ 2 ശതമാനം വീതം ഇടിഞ്ഞു.