Photo:Gettyimages
രാജ്യത്തെ ഓഹരി സൂചികകളില്‍നിന്ന് തിങ്കളാഴ്ച കൊറോണ വൈറസ് കവര്‍ന്നത് രണ്ടുശതമാനത്തിലേറെ. ബിഎസ്ഇ സെന്‍സെക്‌സ് 834 പോയന്റ് താഴ്ന്ന് 40,335ലിലും നിഫ്റ്റി 259 പോയന്റ് നഷ്ടത്തില്‍ 11,821 ലുമാണ് 3.18ഓടെ വ്യാപാരം നടന്നത്.
ദക്ഷിണി കൊറിയയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 700 കവിഞ്ഞതും ഏഴുപേര്‍ മരിച്ചതുമാണ് വിപണിയെ തളര്‍ത്തിയത്. മൂന്നുദിവസത്തിനുള്ളില്‍ 150 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ചൈനയ്ക്കുപുറത്ത് ഏറ്റവുംകൂടുതല്‍ വൈറസ് ബാധയുണ്ടാകുന്നത് ദക്ഷിണ കൊറിയയിലാണ്.
ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ ചൈനയിലാണെങ്കില്‍ ഇതുവരെ 2,400ലേറെപ്പേര്‍ മരണത്തിന് കീഴടങ്ങി. വൈറസ് ബാധിച്ചവരുടെ എണ്ണം 76,936ഉമായി.
വിപണിയുടെ തകര്‍ച്ചയ്ക്കുപിന്നില്‍
ലോകമാകെ കൊറോണ പരക്കുന്നതിന്റെ സൂചനകള്‍ പുറത്തുവന്നതിനെതുടര്‍ന്ന് ഏഷ്യയിലെ പ്രധാന സൂചികകളായ ഹാങ് സെങ്, നിക്കി, ഷാങ്ഹായ് എന്നിവ 1.50 ശതമാനമാണ് താഴ്ന്നത്. ആഭ്യന്തര സൂചികകളിലും ഇത് പ്രതിഫലിച്ചു.
സുരക്ഷിത താവളം
താരതമ്യേന സുരക്ഷിത നിക്ഷേപങ്ങളായ സ്വര്‍ണം, ഡോളര്‍ എന്നിവയിലേയ്ക്ക് ഓഹരിയില്‍നിന്ന് പണമൊഴുകി. അന്തര്‍ദേശീയ വിപണിയില്‍ ഫെബ്രുവരിയില്‍തന്നെ സ്വര്‍ണത്തിന് രണ്ടുശതമാനത്തിലേറെ വിലകൂടി.
കൊറോണ വൈറസ് വ്യാപിക്കുന്നതിനാല്‍ ആഗോളതലത്തിലുണ്ടായ മാന്ദ്യപ്പേടിയാണ് സ്വര്‍ണത്തിലേയ്ക്ക് തിരിയാന്‍ നിക്ഷേപകരെ പ്രേരിപ്പിച്ചത്.
ജിഡിപി
നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തിലെ ജിഡിപി ഡാറ്റ ഈയാഴ്ച അവസാനം പുറത്തുവരാനിരിക്കുകയാണ്. നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ചിന്റെ വിലയിരുത്തല്‍ പ്രകാരം ജിഡിപി 4.9ശതമാനമാകുമെന്നാണ്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസിന്റെ നിഗമനമായ അഞ്ചുശതമാനത്തിന് താഴെയാണിത്.
ലോഹവിഭാഗം ഓഹരികള്‍
ലോഹ നിര്‍മാണക്കമ്പനികളുടെ ഓഹരി വിലയില്‍ 6 ശതമാനംവരെ നഷ്ടമുണ്ടായി. ചൈനയ്ക്ക് പുറത്ത് കോവിഡ്-19 വൈറസ് അതിവേഗത്തില്‍ വ്യാപിക്കുന്നതായുള്ള വാര്‍ത്തകളാണ് ഈ വിഭാഗം ഓഹരികളെ ബാധിച്ചത്.
ഹിന്‍ഡാല്‍കോ, ജിന്‍ഡാല്‍ സ്റ്റീല്‍, ടാറ്റ സ്റ്റീല്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍, വേദാന്ത, സെയില്‍, നാല്‍കോ, കോള്‍ ഇന്ത്യ, ഹിന്ദുസ്ഥാന്‍ സിങ്ക്, എന്‍എംഡിസി തുടങ്ങിയ ഓഹരികളെയാണ് പ്രധാനമായും ബാധിച്ചത്.
തകര്‍ച്ച ഇങ്ങനെ
സെന്‍സെക്‌സിലെ 30 ഓഹരികളില്‍ 25 എണ്ണവും നഷ്ടത്തിലാണ്. ടാറ്റ സ്റ്റീല്‍(6.50%), ഐസിഐസിഐ ബാങ്ക്(3.18%), എച്ച്ഡിഎഫ്‌സി(3.15%), എന്‍ടിപിസി(1.62%), ആക്‌സിസ് ബാങ്ക്(2.77) എന്നിങ്ങനെ എന്നിങ്ങനെയാണ് താഴ്ന്നത്.
അതേസമയം, പ്രമുഖ ഐടി കമ്പനികളായ ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, ടിസിഎസ് എന്നിവ 1.25ശതമാനത്തോളം നേട്ടത്തിലാണ്. രൂപയുടെ മൂല്യമിടിഞ്ഞതാണ് ഈ ഓഹരികള്‍ക്ക് ഗുണകരമായത്.
ഒടുവില്‍ സെന്‍സെക്‌സ് 806.89 പോയന്റ് നഷ്ടത്തില്‍ 40363.23ലും നിഫ്റ്റി 251.50 പോയന്റ് താഴ്ന്ന് 11,829.40ലുമാണ് ക്ലോസ് ചെയ്തത്.
ലോഹ സൂചിക അഞ്ചുശതമാനവും വാഹന സൂചിക മൂന്നുശതമാനവും താഴ്ന്നു. ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്‌സ്, മാരുതി സുസുകി, വേദാന്ത, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികള്‍ നാലുമുതല്‍ആറുശതമാനംവരെ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..