ടവേളയ്ക്കുശേഷം ഐ.പി.ഒ വിപണി സജീവമാകുന്നു. ഒരുമാസത്തിനകം നാല് കമ്പനികൾ പ്രാരംഭ ഓഹരി വില്പനയുമായി രംഗത്തെത്തും. 4,000 കോടി രൂപയാകും ഈ കമ്പനികൾ വിപണിയിൽനിന്ന് സമാഹരിക്കുക.

മുമ്പ് വിപണിയിലെത്താൻ തീരുമാനിച്ചതും എന്നാൽ സാഹചര്യം മനസിലാക്കി പിൻവാങ്ങിയതുമായ കമ്പനികളാണ് വീണ്ടുമെത്തുന്നത്. ശ്യാം മെറ്റാലിക്‌സ്, ദോഡ്‌ല ഡയറി, കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്(കിംസ്), ക്ലീൻ സയൻസ് ആൻഡ് ടെക്‌നോളജി തുടങ്ങിയ കമ്പനികളാണ് ഐപിഒയ്ക്ക് തയ്യാറെടുക്കുന്നത്. 

ക്ലീൻ സയൻസ് ആൻഡ് ടെക്‌നോളജി 1,400 കോടി രൂപയാണ് സമാഹരിക്കാൻ ലക്ഷ്യമിട്ടിരിക്കുന്നത്. ശ്യാം മെറ്റാലിക്‌സ് 1,100 കോടി രൂപയും ദോഡ്‌ല ഡയറി 800 കോടി രൂപയും കിംസ് 700 കോടിയുമാകും സമാഹിരിക്കുക. 

കാര്യമായ നേട്ടമില്ലാതെ കനത്ത ചാഞ്ചാട്ടത്തിന്റെ പാതയിലാണ് ഓഹരി വിപണി. അതേസമയം, മിഡ്ക്യാപ്, സ്‌മോൾ ക്യാപ് വിഭാഗത്തിൽപ്പെട്ട ഓഹരികൾ ഈവർഷം മികച്ചനേട്ടമുണ്ടാക്കുകയുംചെയ്തിട്ടുണ്ട്. പുതിയതായി വിപണിയിലെത്തുന്ന കമ്പനികളിലേറെയും ഈ വിഭാഗത്തിലുള്ളവയുമാണ്. 

നിക്ഷേപകരിൽ പലരും വിപണിയിൽനിന്ന് പണംപിൻവലിച്ചിട്ടില്ലെന്നാണ് വിലയിരുത്തൽ. അതുകൊണ്ടുതന്നെ പണലഭ്യതയ്ക്ക് കുറവുമില്ല. കഴിഞ്ഞ സാമ്പത്തികവർഷം ഐപിഒകളെ നിക്ഷേപകർ രണ്ടുകയ്യുംനീട്ടിയാണ് സ്വീകരിച്ചത്. ഇതൊക്കെയാണ് ഇടവേളയ്ക്കുശേഷം ഐപിഒ വിപണി സജീവമാകാൻ കാരണമായി പറയുന്നത്. 

കഴിഞ്ഞവർഷം വിപണിയിലെത്തിയ 70ശതമാനം കമ്പനികളും ലിസ്റ്റ് ചെയ്ത് അന്നുതന്നെ നിക്ഷേപകന് നേട്ടംനേടിക്കൊടുത്തു. ഈ കമ്പനികൾ മൊത്തംനൽകിയ ശരാശരി നേട്ടം 34ശതമാനമാണ്. അഞ്ചുവർഷക്കാലയളവിലെ ഉയർന്ന നിരക്കാണിത്.