Photo: Gettyimages
രാജ്യത്തെ ഓഹരി വിപണിയില്‍നിന്ന് ഒരുകാലത്തുമുണ്ടാകാത്തതരത്തില്‍ വിദേശ നിക്ഷേപകര്‍ കൂട്ടത്തോടെ പിന്‍വാങ്ങുന്നു. 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ കാലത്തുപോലുമുണ്ടാകാത്ത അത്ര നിക്ഷേപം രാജ്യത്തുനിന്ന് വിദേശ നിക്ഷേപകര്‍ തിരികെയെടുത്തുകൊണ്ടുപോയി.
ഇന്ധന വിലവര്‍ധന അനിവാര്യമായിരിക്കെ അതുയര്‍ത്തുന്ന പണപ്പെരുപ്പ ഭീഷണിയാണ് വിദേശ നിക്ഷേപകരെ ഇപ്പോള്‍ ഭയപ്പെടുത്തുന്നത്. രാജ്യത്തെ ഇന്ധന ആവശ്യത്തിന്റെ 85ശതമാനവും ഇറക്കുമതി വഴിയാണല്ലോ ലഭിക്കുന്നത്.
സെന്‍സെക്‌സ് എക്കാലത്തെയും റെക്കോഡ് ഉയരം കുറിച്ച 2021 ഒക്ടോബറിനു പിന്നാലെതന്നെ വിദേശ നിക്ഷേപകരുടെ പാലായനം തുടങ്ങിയിരുന്നു. റഷ്യ-യുക്രൈന്‍ സംഘര്‍ഷംകൂടിയായപ്പോള്‍ പിന്മാറ്റത്തിന് വേഗംകൂടി.
എക്‌സ്‌ചേഞ്ചുകളില്‍നിന്ന് ലഭിക്കുന്ന വിവരപ്രകാരം ഈയാഴ്ചയിലെ ആദ്യ രണ്ടുദിവസംമാത്രം 15,244 കോടി(2 ബില്യണ്‍ ഡോളര്‍)രൂപയുടെ ഓഹരികളാണ് ഇവര്‍ വിറ്റൊഴിഞ്ഞത്. കഴിഞ്ഞയാഴ്ചയിലെ റെക്കോഡ് വിറ്റൊഴിക്കലിനുശേഷമാണ് രണ്ടുദിവസംകൊണ്ട് ഇത്രയും തുക പുറത്തേയ്‌ക്കൊഴുകിയത്. 22,100 കോടി രൂപയുടെ ഓഹരികളാണ് കഴിഞ്ഞയാഴ്ച ഇവര്‍ വിറ്റൊഴിഞ്ഞത്. സെപ്റ്റംബര്‍ 30 മുതലുള്ള കണക്കുനോക്കുകയാണെങ്കില്‍ പിന്‍വലിച്ചത് 1.45 ലക്ഷം കോടി രൂപയാണെന്നുകാണാം.
കോവിഡിനെതുടര്‍ന്ന് 2020 മാര്‍ച്ചില്‍ വിപണി കുത്തനെ ഇടിഞ്ഞതിനുശേഷം വിപണിയിലെത്തിയ വിദേശ നിക്ഷേപത്തിന്റെ പകുതിയോളം ഇതിനകം രാജ്യത്തിന് പുറത്തേയ്‌ക്കൊഴുകി. രൂപയുടെ മൂല്യം എക്കാലത്തേയും താഴ്ന്ന നിലവാരത്തിലെത്താനിത് കാരണമാകുകയുംചെയ്തു. ഇതൊക്കെയാണെങ്കിലും ആഭ്യന്തര നിക്ഷേപകരുടെ തുടര്‍ച്ചയായ വാങ്ങല്‍ അതിരൂക്ഷമായ തകര്‍ച്ചയില്‍നിന്ന് വിപണിയെ താങ്ങിനിര്‍ത്തി. രാജ്യത്തെ ഫണ്ടുകള്‍ സെപ്റ്റംബര്‍ മുതല്‍ 25,000 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിയത്.
സെന്‍സെക്‌സ് ഒക്ടോബറിലെ റെക്കോഡ് നിലവാരത്തില്‍നിന്ന് 10ശതമാനമാണ് തകര്‍ച്ചനേരിട്ടത്. എം.എസ്.സി.ഐ ഏഷ്യന്‍ പസഫിക് സൂചികയാകട്ടെ മാര്‍ച്ചില്‍ 4.1ശതമാനവും. റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തിന്റെ ആഘാതം രണ്ടു പാദങ്ങളിലെങ്കിലും രാജ്യത്തെ ബാധിക്കുമെങ്കിലും പരിമുറുക്കം തണുക്കുമ്പോള്‍ വിദേശ നിക്ഷേപകര്‍ പോയതുപോലെ തിരിച്ചെത്തുമെന്നാണ് വിലയിരുത്തല്‍. രാജ്യത്തെ ജിഡിപിയിലെ മുന്നേറ്റവും വരുമാനവളര്‍ച്ചയും അവരെ മോഹിപ്പിക്കുകതന്നെചെയ്യും.
Content Highlights: foreign selloff in Indian stock market
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..