Photo: Gettyimages
മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ വിദേശനിക്ഷേപ സ്ഥാപനങ്ങളുടെ നിക്ഷേപം ഉയരുന്നു. ജൂൺ ഒന്നു മുതൽ 26 വരെയുള്ള കണക്കു പ്രകാരം 21,600 കോടിയിലധികം രൂപയുടെ നിക്ഷേപമാണ് വിപണിയിലേക്ക് ഒഴുകിയെത്തിയത്.
സമ്പദ് വ്യവസ്ഥയെ തിരിച്ചുകൊണ്ടുവരാൻ കേന്ദ്രസർക്കാർ സ്വീകരിച്ച ഉത്തേജക നടപടികളും റിസർവ് ബാങ്കിന്‍റെ നയതീരുമാനങ്ങളും ലോക്ഡൗണിനിടയിലും വിപണിയുടെ പ്രവർത്തനം സാവധാനം സാധാരണ നിലയിലേക്കു വരുന്നതുമെല്ലാം ഇന്ത്യൻ വിപണിയിൽ പ്രതീക്ഷ വർധിപ്പിച്ചിട്ടുണ്ട്. ഇതാണ് കൂടുതൽ വിദേശനിക്ഷേപം എത്താൻ വഴിയൊരുക്കിയതും.
2020-ൽ ഒരു മാസം ഉണ്ടാകുന്ന ഏറ്റവും ഉയർന്ന വിദേശനിക്ഷേപവും ജൂണിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മേയിൽ 12,000 കോടിയിലധികം ഇത്തരത്തിൽ എത്തിയിരുന്നു. അതേസമയം, മാർച്ച് , ഏപ്രിൽ മാസങ്ങളിലായി ഇവർ വിറ്റൊഴിവാക്കിയത് 63,500 കോടിയുടെ നിക്ഷേപമാണ്. വിദേശനിക്ഷേപം കൂടുതൽ വന്നതോടെ ജൂണിൽ ഓഹരി സൂചികകൾ എട്ടു ശതമാനത്തിനടുത്ത് വർധന രേഖപ്പെടുത്തിയിട്ടുണ്ട്.
നാഷണൽ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡിന്‍റെ (എൻ.എസ്.ഡി.എൽ) കണക്കു പ്രകാരം സാന്പത്തിക സേവന കന്പനികളിലാണ് ഇത്തവണ വിദേശ നിക്ഷേപക സ്ഥാപനങ്ങൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. ഏകദേശം 11,800 കോടിയിലധികം രൂപ ഈ രംഗത്ത് നിക്ഷേപിക്കപ്പെട്ടു. അതേസമയം, ടെലികോം സേവന കന്പനികളിൽ വിൽപ്പന തുടരുകയാണ്. ജൂൺ 15 വരെ 4,200 കോടിയുടെ നിക്ഷേപമാണ് ഇവർ പിൻവലിച്ചത്. വരും മാസങ്ങളിൽ വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ സാന്നിധ്യം ഇന്ത്യൻ വിപണിയിൽ കൂടുതലുണ്ടാകുമെന്നാണ് ഈ രംഗത്തുള്ളവർ നൽകുന്ന സൂചന.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..