ഓഹരി വിപണിക്ക് കനത്ത ചാഞ്ചാട്ടത്തിന്റെ വര്‍ഷമായിരുന്നു 2020. 2021ലേയ്ക്ക് പ്രവേശിക്കാന്‍ ദിവസങ്ങള്‍ മാത്രംഅവശേഷിക്കേ, സൂചികകള്‍ എക്കാലത്തെയും ഉയരംകുറിച്ച് മുന്നേറുകയാണ്.
കോവിഡ് വ്യാപനത്തെതുടര്‍ന്നുള്ള അടച്ചിടലില്‍ നഷ്ടമായതെല്ലാം തിരിച്ചുപിടിച്ചാണ് വിപണിയിലെ മുന്നേറ്റം. കുതിപ്പിന്റെ പാതയില്‍ മുന്‍നിരയിലുള്ള ഓഹരികള്‍ 500ശതമാനത്തിലേറെ നേട്ടമാണ് നിക്ഷേപകന് സമ്മാനിച്ചത്.
പ്രധാന ഓഹരികള്‍
അദാനി ഗ്രീന്‍ എനര്‍ജി
വിപണി വില: 1,030 രൂപ
ഒരുവര്‍ഷത്തെ നേട്ടം: 522%
രാജ്യത്തെ മികച്ച 100 ഓഹരികളില്‍ 2020ല്‍ ഏറ്റവും നേട്ടം നിക്ഷേപകന് സമ്മാനിച്ചത് അദാനി ഗ്രീന്‍ എനര്‍ജിയാണ്. നടപ്പ് കലണ്ടര്‍വര്‍ഷം നിഫ്റ്റി 100 സൂചിക 13ശതമാനം നേട്ടംമാത്രം നല്‍കിയപ്പോള്‍ അദാനി ഗ്രീന്‍ കുതിച്ചത് 500ശതമാനത്തിലേറെയാണ്. 2025ഓടെ പുനരുപയോഗ ഊര്‍ജമേഖലയില്‍ ലോകത്തെ മുന്‍നിര കമ്പനികളിലൊന്നാകുകയാണ് അദാന ഗ്രീനിന്റെ ലക്ഷ്യം.
ഡിവീസ് ലാബ്
വിപണി വില: 3,765
ഒരുവര്‍ഷത്തെ നേട്ടം: 105%
ലിസ്റ്റ് ചെയ്ത കമ്പനികളില്‍ ഒരു ലക്ഷംകോടി രൂപ വിപണിമൂല്യം മറികടക്കുന്ന രണ്ടാമത്തെ ഫാര്‍മ കമ്പനിയായി ഡിവീസ് ലാബ്. 2020ല്‍ ഓഹരി വിലയില്‍ 100ശതമാനത്തിലേറെ കുതിപ്പുണ്ടായതാണ് ഡിവീസ് ലാബിനെ തുണച്ചത്. ഡോ.റെഡ്ഡീസ്, സിപ്ല, അരബിന്ദോ ഫാര്‍മ തുടങ്ങിയ വന്‍കിടക്കാരെപോലും മറികടന്നാണ് ഈനേട്ടം. മരുന്ന് കമ്പനികളില്‍ വരുമാനത്തിന്റെകാര്യത്തില്‍ 12-ാം സ്ഥാനമാണ് ഡിവീസിനുള്ളത്. ഇക്കാര്യത്തില്‍ സണ്‍ ഫാര്‍മയാണ് മുന്നില്‍. സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ 8,458.77 കോടി രൂപയായിരുന്നു സണിന്റെ വരുമാനം.
എല്‍ആന്റ്ടി ഇന്‍ഫോടെക്
വിപണി വില: 3630 രൂപ
ഒരുവര്‍ഷത്തെ നേട്ടം: 107%
ഐടി സേവനമേഖലയിലെ ഏറ്റവും വിലയുള്ള ഓഹരിയാണ് എല്‍ആന്‍ഡ്ടി ഇന്‍ഫോടെകിന്റേത്. എക്കാലത്തെയും ഉയരംകുറിച്ച് കഴിഞ്ഞയാഴ്ചയില്‍മാത്രം ഓഹരി 8.5ശതമാനം ഉയര്‍ന്നു. ഭാവിയിലെ ബിസിനസ് സാധ്യതായ ക്ലൗണ്ട് മേഖലയിലൂന്നിയുള്ള പ്രവര്‍ത്തനമാണ് കമ്പനി ലക്ഷ്യമിടുന്നത്. ആഗോള കമ്പനികളില്‍നിന്ന് ദശലക്ഷക്കണക്കിന് ഡോളറിന്റെ കരാറാണ് ഈയിടെ എല്‍ടിഐക്ക് ലഭിച്ചത്.
അരബിന്ദോ ഫാര്‍മ
വിപണി വില: 907 രൂപ
ഒരുവര്‍ഷത്തെ നേട്ടം: 99%
കോവിഡ് വാക്‌സിനായ കോവാക്‌സിന്‍ വികസിപ്പിക്കുന്നതിലും അതിന്റെ വിതരണത്തിലും പങ്കാളിയായ കമ്പനിയാണ് അരബിന്ദോ ഫാര്‍മ. വാക്‌സിന്‍ നിര്‍മാണത്തിനും വാണിജ്യാടിസ്ഥാനത്തിലുള്ള വിതരണത്തിനും കമ്പനി സജ്ജമാണ്. സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ അറ്റാദായം 26ശതമാനം ഉയര്‍ന്ന് 805.65 കോടി രൂപയായി.
ടാറ്റ കണ്‍സ്യൂമര്‍
വിപണി വില: 604 രൂപ
ഒരുവര്‍ഷത്തെ നേട്ടം: 90%
ഒരുമാസത്തിനിടെ കമ്പനിയുടെ ഓഹരി വില 14ശതമാനമാണ് കുതിച്ചത്. എക്കാലത്തെയും ഉയര്‍ന്ന വിലയായ 616ല്‍ ഓഹരി വില എത്തുകയുംചെയ്തു. നിഫ്റ്റി സൂചികയില്‍ താമസിയാതെ ഓഹരി കയറുമെന്നാണ് ബ്രോക്കിങ് ഹൗസുകളുടെ വിലയിരുത്തല്‍. കണ്‍സ്യൂമര്‍ മേഖലയില്‍ വന്‍കിട പദ്ധതികളാണ് ഭാവിയില്‍ കമ്പനി ലക്ഷ്യമിടുന്നത്.
Five stocks that will return up to 500 % in 2020