രാജ്യത്തെ ഓഹരി വിപണി മറ്റെല്ലാ നിക്ഷേപമാര്‍ഗങ്ങളെയും പിന്നിലാക്കി ഇത്തവണയും കുതിച്ചു. 

2017 ജനുവരി-ഡിസംബര്‍ കാലയളവില്‍(ഡിസംബര്‍ 26വരെയുള്ള കണക്കുപ്രകാരം) ഓഹരി നിക്ഷേപകര്‍ക്ക് ലഭിച്ച നേട്ടം 27-28 ശതമാനമാണ്. 

നിഫ്റ്റിയും സെന്‍സെക്‌സും എക്കാലത്തെയും ഉയരംകുറിക്കുകയും ചെയ്തു. ജൂലായ് മാസത്തില്‍തന്നെ നിഫ്റ്റി 10,000 കടന്നെങ്കിലും പിന്നീടുണ്ടായ തിരുത്തലില്‍ താഴെപ്പോയി. എന്നിരുന്നാലും ഡിസംബറോടെ പൂര്‍വാധികം ശക്തിയോടെ 10,500ന് മുകളിലെത്തുകയും ചെയ്തു. സെന്‍സെക്‌സാണെങ്കില്‍ ഈ കാലയളവില്‍ ചരിത്രത്തില്‍ ആദ്യമായി (ഡിസംബര്‍ 26ന്) 34,000വും കടന്നു.

വിദേശ നിക്ഷേപകര്‍ കളംനിറഞ്ഞാടിയിരുന്നകാലം കഴിഞ്ഞു. ആഭ്യന്തര നിക്ഷേപകരാണ് ഓഹരി വിപണിയിലെ ഈ റാലിയ്ക്ക് ഉത്തേജനമേകിയത്. 

മ്യൂച്വല്‍ ഫണ്ടുവഴി ഒഴുകിയെത്തിയ നിക്ഷേപം ഓഹരി സൂചികകളെ കുത്തനെ ഉയര്‍ത്തി. നവംബറില്‍മാത്രം ഫണ്ടുകളിലെത്തിയ നിക്ഷേപം 20,000 കോടിയോളം രൂപയാണ്.

കണക്കിന്റെ അത്ഭുതം ഇതുകൊണ്ടൊന്നും തീരുന്നില്ല. നവംബര്‍മാസംവരെയുള്ള കണക്കെടുക്കുമ്പോള്‍ മ്യൂച്വല്‍ ഫണ്ടുകളുടെ മൊത്തം ആസ്തി 7.33 ലക്ഷം കോടിയിലേറെയായതായി കാണാം. 

നേട്ടത്തിനുമുന്നില്‍ ഓഹരിതന്നെ
ഓഹരിയിലെ നേട്ടം 2017ലും ആവര്‍ത്തിക്കാന്‍ കാരണമെന്താണ്? 

നോട്ട് അസാധുവാക്കല്‍, പലിശ നിരക്കിലെ ഇടിവ്, റിയല്‍ എസ്റ്റേറ്റ് മേഖലയിലെ തകര്‍ച്ച, സ്വര്‍ണം ഉള്‍പ്പടെയുള്ള അമൂല്യ ലോഹങ്ങളുടെ വിലയിലെ അനിശ്ചിതാവസ്ഥ തുങ്ങിയവ ഓഹരി വിപണിയിലേയ്ക്ക് തിരിയാന്‍ നിക്ഷേപകരെ പ്രേരിപ്പിച്ചുവെന്നുവേണം കരുതാന്‍. 

ഓഹരി നിക്ഷേപത്തെക്കുറിച്ച് നിക്ഷേപകര്‍ക്ക് കാര്യമായ അറിവ് ലഭിച്ചത് മറ്റൊരുകാരണമായി വിദഗ്ധര്‍ വിലയിരുത്തുന്നു.

2018ലും നേട്ടംതുടരുമോ?
ആഗോള-ആഭ്യന്തര സാഹചര്യങ്ങള്‍ അനുകൂലമായതിനാല്‍ വരുംവര്‍ഷങ്ങളിലും ഓഹരിയില്‍നിന്ന് നിക്ഷേപകന് മികച്ച നേട്ടം ലഭിക്കാനാണ് സാധ്യത. 

ശരാശരി ഇന്ത്യക്കാരന്‍ കൂടുതല്‍ തുക നിക്ഷേപത്തിനായി നീക്കിവെയ്ക്കുന്നതായി ഈയടുത്തകാലത്ത് നടന്ന പഠനം വ്യക്തമാക്കുന്നു. മൊത്തംവരുമാനത്തില്‍നിന്ന് 31-32 ശതമാനത്തോളം തുകയാണ് ഇവര്‍ കരുതിവെയ്ക്കുന്നത്.  

മധ്യവര്‍ഗ ജോലിക്കാരുടെ നിക്ഷേപ താല്‍പര്യം ഉയര്‍ന്നതും മൂലധന നേട്ട നികുതിയില്ലാത്തതും ഓഹരിയെ മികച്ച ദീര്‍ഘകാല നിക്ഷേപമാര്‍ഗമായി കരുതാന്‍ തുടങ്ങിയതും ഓഹരി വിപണിക്ക് നേട്ടമായി. ഈകാഴ്ചപ്പാട് കൂടുതല്‍പേരിലേയ്ക്ക് ഭാവിയില്‍ വ്യാപിക്കുമെന്നുറപ്പാണ്.