സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ താളംതെറ്റുന്നു: ലോക സമ്പദ്‌വ്യവസ്ഥ പ്രതിസന്ധിയിലേയ്‌ക്കോ? 


വിനോദ് നായര്‍ആദ്യ പാദത്തിലുണ്ടായ കനത്ത വീഴ്ചയ്ക്കുശേഷം കഴിഞ്ഞ രണ്ടു മാസമായി ലോകത്തിലെ ഓഹരി വിപണികള്‍ തിരിച്ചുവരവു നടത്തിയിട്ടുണ്ട്. ഉപഭോക്താവിനെ ഭയപ്പെടുത്താതെ വിലക്കയറ്റം നിയന്ത്രിക്കാനുള്ള കഴിവിനെ ആശ്രയിച്ചായിരിക്കും ഈ കുതിപ്പിന്റെ നിലനില്‍പ്പ്.

Photo: Gettyimages

ടുത്ത വിലക്കയറ്റം നിയന്ത്രിക്കാനുള്ള കഠിനശ്രമങ്ങളുടെ ഭാഗമായി യുഎസ് കേന്ദ്ര ബാങ്ക് കര്‍ശന പണനയം തുടരുന്നതിനിടയില്‍ അമേരിക്കന്‍ സമ്പദ്ഘടന രണ്ടാം പാദത്തിലും സങ്കോചം രേഖപ്പെടുത്തി. ജിഡിപി കണക്കുകള്‍ പരസ്യമായതോടെ, യുഎസ് മാന്ദ്യത്തിലായിക്കഴിഞ്ഞതായി വിദഗ്ധര്‍ വിലയിരുത്തുന്നു. ഇക്കാര്യം നിഷേധിക്കുന്ന കേന്ദ്ര ബാങ്കിന്റെ നിലപാടിനോടുള്ള വിമര്‍ശനം ശക്തമാണ്.

എന്താണ് മാന്ദ്യം?
ഡിമാന്റ്-സപ്ളൈ ബലതന്ത്രം തകരുന്നതുള്‍പ്പടെ സമ്പദ് വ്യവസ്ഥയില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ താളംതെറ്റുന്നതിനെയാണ് മാന്ദ്യം എന്നു നിര്‍വചിക്കുന്നത്. സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാനിരക്കു കണക്കാക്കുന്നത് മൊത്ത അഭ്യന്തര ഉല്‍പാദനം അഥവാ ജിഡിപി അടിസ്ഥാനമാക്കിയാണ്. യഥാര്‍ത്ഥ ജിഡിപി വളര്‍ച്ചയുടെ ത്രൈമാസ കണക്കുകള്‍ സമ്പദ് വ്യവസ്ഥയുടെ യഥാര്‍ത്ഥ സൂചകമായിരിക്കും.

മാന്ദ്യത്തിന്റെ ശരിയായ നിര്‍വചനം സംബന്ധിച്ച് ആഗോളമായ സമവായം ഇല്ലാത്തതിനാല്‍, രണ്ടുപാദങ്ങളില്‍ തുടര്‍ച്ചയായി പ്രതികൂല വളര്‍ച്ച രേഖപ്പെടുത്തിയാല്‍ സാങ്കേതികമായി അത് മാന്ദ്യമാണ് എന്നാണ് സമ്പദ് ശാസ്ത്രജ്ഞരും ധനകാര്യ വിദഗ്ധരും വിലയിരുത്തുന്നത്. തൊഴില്‍ വിപണി ഭദ്രമായി നിലനില്‍ക്കുന്ന സമ്പദ് വ്യവസ്ഥയില്‍ അതിനെ ബാധിക്കാതെ ഹ്രസ്വകാല കാരണങ്ങളാല്‍ ജിഡിപി വളര്‍ച്ചയില്‍ കുറവു വരാം.

വാങ്ങല്‍ സൂചിക(പിഎംഐ), വ്യവസായ ഉല്‍പാദന സൂചിക, ഉപഭോക്തൃ വികാരം, ഭവന വില, എണ്ണ വില, കടപ്പത്ര ആദായം തുടങ്ങിയ പ്രതിമാസ സൂചികകള്‍ സാമ്പത്തിക വളര്‍ച്ചയുടെ ഭാവി പ്രവചിക്കാന്‍ പരിഗണിക്കാറുണ്ട്. ഓരോ മാസവും അസ്ഥിരമായ കണക്കുകള്‍ സൂചിപ്പിക്കുന്ന ഇന്ത്യയെപ്പോലൊരു വികസ്വര സമ്പദ് വ്യവസ്ഥയേക്കാള്‍ ഇത്തരം പ്രവചനങ്ങള്‍ കൂടുതല്‍ കൃത്യമായിരിക്കും അമേരിക്കയെപ്പോലൊരു വികസിത രാജ്യത്തിന്റെ കാര്യത്തില്‍.

കൂടിയതോതിലുള്ള വിലക്കയറ്റവും, രാഷ്ട്രീയ സാഹചര്യങ്ങളുമാണ് മാന്ദ്യത്തെക്കുറിച്ച് ഉല്‍ക്കണ്ഠപ്പെടാന്‍ ലോകത്തെ പ്രേരിപ്പിക്കുന്നത്. കോവിഡ് 19 നെത്തുടര്‍ന്നുണ്ടായ വിതരണ തടസങ്ങള്‍, യുദ്ധം, 2020-22 ലെ ഉദാര പണനയം എന്നീ കാരണങ്ങളാണ് വിലക്കയറ്റം വര്‍ധിക്കാനിടയാക്കിയത്. സാമ്പത്തിക അസന്തുലനങ്ങള്‍മൂലം വിലകള്‍ ഉയര്‍ന്നുതന്നെ നില്‍ക്കുമെന്നാണ് കണക്കാക്കുന്നത്. പണനയം പരിഷ്‌കരിക്കാന്‍ വൈകിയതു കാരണം പലിശ നിരക്കുകള്‍ കുതിച്ചുയര്‍ന്നു. ഈ ഘടകങ്ങള്‍ ആഗോള സമ്പദ് വ്യവസ്ഥയുടെ വേഗം കുറയ്ക്കാനും മാന്ദ്യത്തിലേക്കു നയിക്കാനും ഇടയാക്കും.

ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായ യുഎസ് സാങ്കേതികമായി ഇപ്പോള്‍ തന്നെ മാന്ദ്യത്തിലാണ്. ഈ വര്‍ഷത്തെ അവരുടെ യഥാര്‍ത്ഥ ജിഡിപിയുടെ മുന്‍പാദത്തെയപേക്ഷിച്ചുള്ള വളര്‍ച്ച -1.6 ശതമാനം വിപരീതമാണ്. രണ്ടാം പാദത്തില്‍ ഇത് -0.9 ശതമാനം കുറവുകാണിച്ചു. മൂന്നാം പാദത്തില്‍ ഈ കുറവ് -0.6 ശതമാനം മുതല്‍ -1 ശതമാനം വരെ ആകുമെന്നാണ് അനുമാനം. മറ്റു പ്രധാന സമ്പദ് വ്യവസ്ഥകളിലും സമാനമായ താഴ്ചയാണ് കാണപ്പെടുന്നത്.

ചൈനയില്‍ രണ്ടാം പാദത്തില്‍ -2..6 ശതമാനം കുറവു രേഖപ്പെടുത്തിയപ്പോള്‍ യൂറോ മേഖലയില്‍ അനിയന്ത്രിതമായ ഇന്ധന വിലകള്‍ കാരണം മൂന്ന്, നാല് പാദങ്ങളില്‍ ദുര്‍ബ്ബലമായ കണക്കുകളാണ് പ്രതീക്ഷിക്കുന്നത്. ശ്രീലങ്ക, റഷ്യ, യുക്രൈന്‍, കാനഡ, ന്യൂസിലാന്‍ഡ്, കിഴക്കനേഷ്യ, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവയെല്ലാം മാന്ദ്യത്തിന്റെ സമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ട്. ആഗോള സമ്പദ് വ്യവസ്ഥ തകരാറിലാണെന്ന് ഉറപ്പിച്ചു പറയാം. 2022ല്‍ ലോക സമ്പദ് വ്യവസ്ഥ താഴ്ചയിലാണെന്ന് ഐഎംഎഫ് വിലയിരുത്തുന്നു. മങ്ങിയതും അനിശ്ചിതവുമെന്നാണ് ലോക സമ്പദ് വ്യവസ്ഥയെ ഐഎംഎഫിന്റെ ഏറ്റവും പുതിയ കണക്കുകളില്‍ വിലയിരുത്തുന്നത്. 2022, 2023 കാലത്ത് ജിഡിപി വളര്‍ച്ചാ നിരക്ക് യഥാക്രമം 3.2 ശതമാനവും 2.9 ശതമാനവും ആയിരിക്കുമെന്നാണ് പ്രവചനം. കോവിഡ് കാലത്തിനു മുമ്പുള്ള ദശകത്തിലെ ശരാശരി വളര്‍ച്ചാ നിരക്കായ 3.7 ശതമാനത്തില്‍ താഴെയാണിത്.

വിപണിക്ക് കടുത്ത പ്രഹരം
ഓഹരി വിപണിയില്‍ മാന്ദ്യത്തിന്റെ പ്രഭാവം കടുത്തതാണ്. സമ്പദ് വ്യവസ്ഥയുടെ യഥാര്‍ത്ഥ പതനത്തിനു മുമ്പുതന്നെ വിപണി മുന്നറിയിപ്പു തരാറുണ്ട്. രാഷ്ട്രീയ പ്രശ്നങ്ങള്‍, മൂല്യ നിര്‍ണയ നിലവാരം, ബോണ്ട് യീല്‍ഡിന്റെ വ്യാപ്തി, വിപണിയുടെ വികാരം, പ്രതീക്ഷ, പണപ്പെരുപ്പം തുടങ്ങിയവയാണ് വിപണിയിലെ പ്രവണത രൂപപ്പെടുത്തുന്നത്.

ഈ വര്‍ഷം ആദ്യ പാദത്തിലുണ്ടായ കനത്ത വീഴ്ചയ്ക്കുശേഷം കഴിഞ്ഞ രണ്ടു മാസമായി ലോകത്തിലെ ഓഹരി വിപണികള്‍ തിരിച്ചുവരവു നടത്തിയിട്ടുണ്ട്. ഉപഭോക്താവിനെ ഭയപ്പെടുത്താതെ വിലക്കയറ്റം നിയന്ത്രിക്കാനുള്ള കഴിവിനെ ആശ്രയിച്ചായിരിക്കും ഈ കുതിപ്പിന്റെ നിലനില്‍പ്പ്. വര്‍ധിക്കുന്ന വിലക്കയറ്റവും കൂടിയ പലിശനിരക്കും കാരണം ചെലവാക്കാവുന്ന പണത്തിന്റെ അളവു കുറഞ്ഞതിനാല്‍ ഇതൊരു വെല്ലുവിളി തന്നെയാണ്.

തൊഴില്‍ വിപണിയെ നാളിതുവരെ ഇതുബാധിച്ചിട്ടില്ല. യുഎസില്‍ ജിഡിപി വളര്‍ച്ചാനിരക്ക് പ്രതികൂലമെങ്കിലും തൊഴിലില്ലായ്മാ നിരക്ക് 3.5 ശതമാനം മാത്രമാണ്. രാജ്യ ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിലില്ലായ്മാ നിരക്കായ 5.8 ശതമാനത്തേക്കാള്‍ കുറവാണിത്. ജൂലൈയില്‍ മാത്രം 5,30,000 പുതിയ തൊഴിലുകളാണ് സൃഷ്ടിക്കപ്പെട്ടത്. മുന്‍ മാസത്തെയപേക്ഷിച്ച് സാധന വിലകള്‍ കൂടിയിട്ടില്ല. മാന്ദ്യം ക്രമേണ ഇല്ലാതാകുമെന്ന പ്രതീക്ഷയിലാണ് ഓഹരി വിപണി. ലോഹവിലകള്‍ കുറയുന്നത് ഇതിന്റെ സൂചനയായാണ് കണക്കാക്കപ്പെടുന്നത്. ഭാവിയില്‍ പലിശ നിരക്കു കുത്തനെ വര്‍ധിപ്പിക്കേണ്ട സാഹചര്യം ഉണ്ടാവുകയില്ലെന്നാണ് പ്രതീക്ഷ. വിലകള്‍ കൂടിയ നിലവാരത്തില്‍ തിരിച്ചെത്താന്‍ വിപണി അല്‍പംകൂടി കാത്തിരിക്കേണ്ടിവരും.

(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകന്‍)

Content Highlights: Economic activity in trouble: Is the world economy in crisis?


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022

Most Commented