ത്തവണത്തെ ദീപാവലി ആഘോഷമാക്കാന്‍ നിക്ഷേപകര്‍ക്ക് മറ്റൊരുകാരണംകൂടിയുണ്ട്. കോവിഡ് വ്യാപനത്തെതുടര്‍ന്ന് തകര്‍ന്നടിഞ്ഞ വിപണി ചരിത്രനേട്ടം എത്തിപ്പിടിച്ചിരിക്കുന്നു. 

സമ്പദ്ഘടന വൈകാതെ മികച്ചമുന്നേറ്റംനടത്തുമെന്ന പ്രതീക്ഷയും വിപണിയിലേയ്ക്ക് തുടര്‍ച്ചയായി പണമൊഴുകിയതും പ്രതീക്ഷിച്ചതിലും മികച്ച പ്രവര്‍ത്തനഫലം സെപ്റ്റംബര്‍ പാദത്തില്‍ കമ്പനികള്‍ പുറത്തുവിട്ടതുമൊക്കെയാണ് കോവിഡ് വ്യാപനംതുടരുമ്പോഴും വിപണിയെ റെക്കോഡ് ഉയരത്തിലെത്തിച്ചത്.  

സംവത് 2077ല്‍ ഈ നേട്ടം തുടര്‍ന്നും നിലനിര്‍ത്താനാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. അതേസമയം, അടിസ്ഥാനം ഭദ്രമല്ലാത്ത കമ്പനികളുടെ ഓഹരികളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ നിക്ഷേപകര്‍ അതീവ ശ്രദ്ധപുലര്‍ത്തുകയുംവേണം. കോവിഡ് വ്യാപനത്തിന്റെതോത് ഇപ്പോഴും കൂടുതലായിതുടരുന്നതിനാല്‍ വേലിയേറ്റത്തോടൊപ്പം വേലിയിറക്കവും ഉണ്ടാകുമെന്നകാര്യത്തില്‍ സംശയംവേണ്ട.

വിപണിയില്‍നിന്ന് മികച്ച ഓഹരികള്‍ ചൂണ്ടയിട്ട് പിടിക്കാനും ഓരോതിരുത്തലിലും വാങ്ങിക്കൂട്ടാനുമുള്ള ആര്‍ജവമാണ് ഇനി നിക്ഷേപകര്‍ക്കുണ്ടാകേണ്ടത്. ഈ സാഹചര്യത്തില്‍ വിവധി ബ്രോക്കിങ് ഹൗസുകള്‍ നിര്‍ദേശിച്ചവയില്‍നിന്ന് മികവിന്റെ അടിസ്ഥാനം കണക്കിലെടുത്ത് അഞ്ച് ഓഹരികളുടെ പോര്‍ട്ട്‌ഫോളിയോ നിര്‍ദേശിക്കുന്നു. അടുത്ത ഒരുവര്‍ഷത്തിനുള്ളില്‍ മികച്ചആദായം ഈ ഓഹരികളില്‍നിന്ന് പ്രതീക്ഷിക്കാം.

Aurobindo

അരബിന്ദോ ഫാര്‍മ
ഓഹരി വില 833 രൂപ| വിപണിമൂല്യം 49,157.32 കോടി

ആഗോളതലത്തില്‍ സാന്നിധ്യമുള്ള അരബിന്ദോ ഫാര്‍മ 150 രാജ്യങ്ങളിലേയ്ക്ക് മരുന്നുകള്‍ കയറ്റിയയക്കുന്നുണ്ട്. കമ്പനിയുടെ 90ശതമാനംവരുമാനവും വിദേശത്തുനിന്നാണ്. വരുമാനത്തിന്റെകാര്യത്തില്‍ മുന്‍പന്തിയിലുള്ള രാജ്യത്തെ പ്രമുഖ രണ്ട് മരുന്നുകമ്പനികളിലൊന്നാണ് അരബിന്ദോ. 

2020 ജൂണില്‍ അവസാനിച്ച പാദത്തില്‍ 5835.23 കോടി രൂപയാണ് കമ്പനിയുടെ വിറ്റുവരവ്. നികുതി കിഴിച്ചുള്ള ലാഭം 792.68 കോടി രൂപയുമാണ്. മുന്‍വര്‍ഷത്തെ ഇതേപാദത്തെ അപേക്ഷിച്ച് 25.63ശതമാനാണ് അറ്റാദായത്തിലുണ്ടായ വര്‍ധന.കമ്പനിയുടെ 52.01ശതമാനം ഓഹരികളും പ്രൊമോട്ടര്‍മാരാണ് കൈവശംവെച്ചിട്ടുള്ളത്. 

Axis bank

ആക്‌സിസ് ബാങ്ക്
ഓഹരി വില 584.30രൂപ |വിപണിമൂല്യം 1,83,498.20 കോടി

രാജ്യത്തെ സ്വകാര്യ ബാങ്കുകളില്‍ മൂന്നാമതാണ് ആക്‌സിസ് ബാങ്കിന്റെ സ്ഥാനം. കോര്‍പ്പറേറ്റ് തലത്തിലും എംഎസ്എംഇ, കൃഷി, റീട്ടെയില്‍ ബിസിനസ് മേഖലയിലും ബാങ്കിന് കാര്യമായ സാന്നിധ്യമുണ്ട്. 

സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ 20,446.79 കോടി രൂപയാണ് ബാങ്കിന്റെ വരുമാനം. പലിശയിനത്തില്‍ 16,299.76 കോടിയും ലഭിച്ചു. നികുതികിഴിച്ച് 1,849.05 കോടി രൂപ അറ്റാദായവുംനേടി. മുന്‍വര്‍ഷം ഇതേകാലയളവില്‍ 18.14 കോടി രൂപ നഷ്ടമുണ്ടാക്കിയ സ്ഥാനത്താണിത്. 14.78ശതമാനം ഓഹരികളാണ് പ്രൊമോട്ടര്‍മാരുടെ കൈവശമുള്ളത്. 

Bharati Airtel

ഭാരതി എയര്‍ടെല്‍
ഓഹരി വില 470 രൂപ |വിപണിമൂല്യം 2,61,675.81 കോടി

രാജ്യത്തെതന്നെ മുന്‍നിര ടെലികോം സേവനദാതാക്കളിലൊന്നാണ് ഭാരതി എയര്‍ടെല്‍. ഏഷ്യയിലും ആഫ്രിക്കയിലും ഉള്‍പ്പടെ 18 രാജ്യങ്ങിളില്‍ കമ്പനിയ്ക്ക് സാന്നിധ്യമുണ്ട്. വയര്‍ലെസ്, ഫിക്‌സ്ഡ് ലൈന്‍ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി കമ്പനി ടെലികോം സേവനം നല്‍കിവരുന്നു. ബ്രോഡ്ബാന്‍ഡ്, ഡിജിറ്റല്‍ ടിവി, ഐപിടിവി, പെയ്മന്റെ് ബാങ്ക് എന്നീ മേഖലകളിലും പ്രവര്‍ത്തിക്കുന്നു. 

സെപ്റ്റംബറില്‍ അവസാനിപ്പിച്ച പാദത്തില്‍ 25,785 കോടി രൂപയാണ് കമ്പനിയുടെ വരുമാനം. വരുമാനത്തിന്റെകാര്യത്തില്‍ ഓരോപാദത്തിലും സ്ഥിരതയാര്‍ന്ന നേട്ടമുണ്ടാക്കാന്‍ കമ്പനിക്കുകഴിയുന്നുണ്ട്. നികുതി കിഴിച്ചുള്ള ആദായം 8.40 കോടി രൂപയാണ്. മുന്‍വര്‍ഷം ഇതേപാദത്തില്‍ 23,145.60 കോടി രൂപയുടെ നഷ്ടമാണ് കമ്പനിയ്ക്കുണ്ടായിരുന്നത്. 56.23ശതമാനം ഓഹരിയും പ്രൊമോട്ടര്‍മാരുടെ കൈവശമാണ്. 

HDFC

എച്ച്ഡിഎഫ്‌സി
ഓഹരി വില 2284 രൂപ |വിപണിമൂല്യം 4,19,152.19 കോടി

വാണിജ്യ കെട്ടിടനിര്‍മാണം ഭവന നിര്‍മാണം തുടങ്ങിയ മേഖലകളില്‍ വായ്പ നല്‍കുന്ന പ്രമുഖ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമാണ് ഹൗസിങ് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍. വായ്പ നല്‍കുന്നതിനുപുറമെ, ലൈഫ് ഇന്‍ഷുറന്‍സ്, ജനറല്‍ ഇന്‍ഷുറന്‍സ്, അസറ്റ് മാനേജുമെന്റ് തുടങ്ങിയ മേഖലകളിലും കമ്പനിയ്ക്ക് സാന്നിധ്യമുണ്ട്. 

സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ 12,244.26 കോടി രൂപയാണ് കമ്പനിയുടെ വരുമാനം. നികുതി കിഴിച്ചുള്ള അറ്റാദായമാകട്ടെ 3392.98 കോടി രൂപയുമാണ്. മുന്‍വര്‍ഷം ഇതേപാദത്തില്‍ 9,547.69 കോടി രൂപയായിരുന്ന കമ്പനിയുടെ ലാഭം. 

Hero Motorcorp

ഹീറോ മോട്ടോര്‍കോര്‍പ്
ഓഹരി വില 3,071 രൂപ |വിപണിമൂല്യം 61,639.29 കോടി

ഇരുചക്ര വാഹന വിപണിയിലെ മുന്‍നിര കമ്പനികളിലൊന്നാണ് ഹീറോ മോട്ടോര്‍കോര്‍പ്. 350 ക്യുബിക് സെന്റീമീറ്റര്‍(സി.സി)വരെയുള്ള ഇരുചക്ര വാഹങ്ങളുടെ നിരതന്നെ കമ്പനിക്കുണ്ട്. ആഭ്യന്തര ഇരുചക്ര വാഹനവിപണിയില്‍ ഹീറോതന്നെയാണ് ഹീറോ. 

സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ 9,473.32 കോടി രൂപയാണ് കമ്പനിയുടെ വിറ്റുവരവ്. 950.85 കോടി രൂപ അറ്റാദായവും(നികുതി കിഴിച്ച്)നേടി. മൂന്‍വര്‍ഷം ഇതേപാദത്തില്‍ 7,660.60 കോടി രൂപയായിരുന്നു ക്മ്പനിയുടെ വിറ്റുവരവ്. അറ്റാദായമാകട്ടെ 869.78 കോടി രൂപയും. 34.76ശതമാനം ഓഹരിയും പ്രൊമോട്ടര്‍മാരുടെ കൈവശമാണ്. 

നിക്ഷേപ തന്ത്രം
ഫാര്‍മ, ബാങ്ക്, ടെലികോം, ഹൗസിങ് ഫിനാന്‍സ്, ഓട്ടോ എന്നീ സെക്ടറുകളിലെ ഓഹരികളാണ് മുകളില്‍ നല്‍കിയിട്ടുള്ളത്. മികച്ച വൈവിധവത്കരണത്തിന് അനുയോജ്യമായ പോര്‍ട്ട്‌ഫോളിയോയാണിത്. 

20ശതമാനം തുകവീതം ഓരോ ഓഹരിയിലും നിക്ഷേപിക്കുക. അതായത്, ഒരു ലക്ഷം രൂപയാണ് നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഓരോ ഓഹരിയിലും 20,000 രൂപവീതം മുടക്കുക. തുടര്‍ന്ന് നിക്ഷേപം നടത്തുമ്പോഴെല്ലാം ഈ രീതി തുടരുക. 

കുറിപ്പ്: ദീപാവലി വ്യാപാരത്തോടെ തുടക്കമിടുകയും തിരുത്തലുണ്ടാകുമ്പോള്‍ സമാഹരിക്കുകയും ചെയ്യുകയെന്ന നിക്ഷേപ തന്ത്രമായിരിക്കും നിലവിലെ വിപണി സാഹചര്യത്തില്‍ അനുയോജ്യം. ഓഹരി വിപണി നഷ്ടസാധ്യതകള്‍ക്ക് വിധേയമാണെന്നകാര്യം ഓര്‍ക്കുക. പെട്ടെന്ന് ആവശ്യമുള്ളതുക വിപണിയില്‍ നിക്ഷേപിക്കാതിരിക്കുക. ദീര്‍ഘകാല ലക്ഷ്യം മുന്നില്‍കാണുക.