Photo: Gettyimages
2023 സാമ്പത്തിക വര്‍ഷം വെല്ലുവിളികളോടെ അവസാനിച്ചിരിക്കുന്നു. വിലക്കയറ്റം, അനുബന്ധ വിതരണ തടസങ്ങള്‍, രാജ്യത്തെ ഏറ്റവും വലിയ വ്യവസായ സമുച്ചയത്തിന്റെ പരിധി കടന്ന മൂല്യ നിര്‍ണ്ണയം, കൂടിയ പലിശ നിരക്കിന്റെ കെടുതിയില്‍ അന്താരാഷ്ട്ര ബാങ്കുകള്‍ക്കുണ്ടായ തകര്‍ച്ച തുടങ്ങി നിരവധി പ്രശ്നങ്ങളുടെ ഭാരം സമ്പദ് വ്യവസ്ഥയും വിപണിയും ഒരു പോലെ ബാധിച്ചു. ഓഹരി വിപണിയുടെ പ്രകടനത്തെ സ്വാധീനിക്കുന്ന അവയുടെ കാണാച്ചരടുകള്‍ ഇപ്പോഴും സജീവമായി നില്‍ക്കുന്നു എന്നതാണ് വസ്തുത.
.png?$p=f2212e3&&q=0.8)
ഇപ്പോഴത്തെ അസ്ഥിര സാഹചര്യത്തില്‍, 2024 സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കം പതിഞ്ഞ താളത്തിലായിരിക്കും. സാമ്പത്തിക പ്രശ്നങ്ങള്‍ ഇതര ബാങ്കുകളിലേക്കും വായ്പാ ദാതാക്കളിലേക്കും റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്കും പകരുമോ എന്ന ഭയം നിക്ഷേപകര്‍ക്കുണ്ട്. ഉദാഹരണത്തിന്, യുഎസ് സമ്പദ് വ്യവസ്ഥയുടെ പ്രധാന വിഭാഗങ്ങളിലൊന്നായ യുഎസ് ഹൗസിംഗ് കൊമേഴ്സ്യല്‍ മേഖലകള്‍ മാന്ദ്യത്തിലാണ്. കോവിഡ് കാലം മുതല്‍ താഴോട്ടുപോയ ഈ മേഖല കൂടിയ തോതിലുള്ള പണയ നിരക്കിനെത്തുടര്‍ന്ന് ഇപ്പോള്‍ കൂടുതല്‍ തകര്‍ച്ചനേരിട്ടു.
വര്‍ധിച്ച അറ്റകുറ്റ ചെലവുകളും വീണ്ടും പണമിറക്കാനുള്ള ബുദ്ധിമുട്ടും കൊമേഴ്സ്യല്‍ മേഖലയെ ബാധിക്കുകയാണ്. ബാങ്കുകളുടേയും സമ്പദ് വ്യവസ്ഥയുടേയും പ്രകടനത്തെ ഇതു പിന്നോട്ടു വലിക്കും. ഭവന മേഖലയില്‍ മുന്നേറ്റമില്ലെങ്കിലും വാണിജ്യ കെട്ടിടങ്ങള്‍ക്കു കൂടിയ വിലയുണ്ട്. ബാങ്കുകള്‍ക്ക് യഥേഷ്ടം പണം ലഭിക്കുന്ന അവസ്ഥയുണ്ടായാല്‍ മൊത്തത്തില്‍ പരിക്ക് കുറയ്ക്കും. പുതിയൊരു ബാങ്ക് തകര്‍ച്ചയ്ക്ക് സാധ്യത കുറവാണെങ്കിലും ബാങ്കുകളുടെ വ്യാപാരം കുറയുന്നതും സമ്പദ് വ്യവസ്ഥയുടെ ദൗര്‍ബല്യവും ഹ്രസ്വകാലത്തേക്കെങ്കിലും ഓഹരി വിപണിക്കുമേല്‍ നിഴല്‍ പരത്തും.
ബാങ്കിംഗ് മേഖലയിലെ പ്രതിസന്ധി ബാങ്കിംഗ് ഇതര മേഖലകളിലേക്കും ബാധിക്കുമോ എന്നു ചോദിച്ചാല്‍ സമ്പദ് വ്യവസ്ഥയുടേയും ബിസിനസ് മാതൃകകളുടെ കരുത്തിനേയും ആശ്രയിച്ചാണതിരിക്കുന്നത് എന്ന് പറയേണ്ടിവരും. ലോക സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലായിരിക്കുമെന്ന് ഐഎംഎഫ് വിലയിരുത്തിയിട്ടുണ്ട്. എന്നാല്‍ ജനുവരിയില്‍ 2023 ലേക്കുള്ള വളര്‍ച്ചാ നിരക്ക് പ്രതീക്ഷ 0.2 ശതമാനത്തില്‍ നിന്ന് 2.9 ശതമാനമായി വര്‍ധിപ്പിച്ചിരുന്നു. 2022 ഒക്ടോബറില്‍ വളര്‍ച്ചാ നിരക്ക് 2.7 ശതമാനമായിരിക്കുമെന്നാണ് കണക്കാക്കിയിരുന്നത്.
ചൈനയുടെ സാമ്പത്തിക മേഖല തുറക്കുകയും ചെയ്തു. യുഎസ് സമ്പദ് വ്യവസ്ഥയില്‍ വീണ്ടും നേരിയ വളര്‍ച്ചാ കുറവുണ്ടാകുമെന്നും ജിഡിപി വളര്‍ച്ചാ നിരക്ക് 2023ല്‍ 0.4 ശതമാനം ആയിരിക്കുമെന്നും യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് പ്രതീക്ഷിച്ചിരുന്നു. ഡിസമ്പറില്‍ 0.5 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിച്ചിരുന്നത്. ലോക സാമ്പത്തിക വളര്‍ച്ചാ പ്രതീക്ഷയായ 3.5 ശതമാനവും യുഎസ് വളര്‍ച്ചാ നിരക്കായ 2 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ കണക്കുകള്‍ താഴ്ന്ന നിലയിലാണ്.
സാമ്പത്തിക സ്ഥിതി മോശം അവസ്ഥയിലേക്കു നീങ്ങുന്നു എന്നാണ് ഇതു കാണിക്കുന്നത്. എന്നാല്‍ വരുമാന പ്രതീക്ഷയെ ഇതു ബാധിച്ചിട്ടില്ല. ഉദാഹരണത്തിന് 2024 സാമ്പത്തിക വര്‍ഷത്തേക്കുള്ള ജിഡിപി വളര്‍ച്ചാ നിരക്ക് ആറ് ശതമാനമായിരിക്കുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. എന്നാല്‍ നിഫ്റ്റി 50 സൂചികയുടെ വരുമാന വളര്‍ച്ച 20 ശതമാനമാണ്. സമ്പദ് വ്യവസ്ഥയുടെ സാധാരണ വളര്‍ച്ച 10 മുതല്‍ 12 ശതമാനം വരെയാണെന്നു വിലയിരുത്തിയാല്‍ പോലും ഇത് കൂടുതലാണ്. വിലക്കയറ്റം, കൂടിയ പലിശ നിരക്കുകള്‍, വേഗം കുറയുന്ന ലോക സമ്പദ് വ്യവസ്ഥ എന്നിവയെല്ലാം ലാഭത്തിന്റെ ഗുണനിലവാരത്തേയും മൂല്യത്തെയും ബാധിക്കും. ഭാവിയിലെ ലാഭ വളര്‍ച്ച താഴോട്ടുപോകാം എന്നതാണ് ഏറ്റവും വലിയ റിസ്‌ക്. 2023 സാമ്പത്തിക വര്‍ഷം നാലാം പാദത്തിലേയും 2024 സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തിലേയും പ്രകടനമായിരിക്കും യാഥാര്‍ത്ഥ്യത്തിന്റെ ഉരകല്ല്.
ഇതിന്റെയെല്ലാം മറുവശം എന്തെന്നാല്‍, മാന്ദ്യം മുതല്‍ ബാങ്ക് തകര്‍ച്ചവരെയുള്ള കാര്യങ്ങള്‍ ഒന്നര വര്‍ഷമായി വിപണി ഉള്‍ക്കൊണ്ടു കഴിഞ്ഞതാണ്. 18 മാസമായി വിപണിയില്‍ ട്രേഡിംഗ് നടക്കുന്നത് പ്രതികൂലമായ മുന്‍വിധിയോടെയാണ്. 2021 ഒക്ടോബര്‍ 21 മുതല്‍ 2022 മാര്‍ച്ച് 31 വരെ നിഫ്റ്റി 50യിലെ നേട്ടം -5 ശതമാനമായിരുന്നു. ഈ കാലയളവില്‍ ഇടത്തരം, ചെറുകിട ഓഹരി വിലകളില്‍ ഗണ്യമായ നഷ്ടം സംഭവിച്ചു. ഈ ദീര്‍ഘകാല ഏകീകരണം കൂടുതല്‍ തകര്‍ച്ച ഒഴിവാക്കും.
പ്രശ്നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും ശേഷം പരിഹാരത്തിനുള്ള അന്വേഷണത്തിലാണ് വിപണി ഇപ്പോള്‍. ഈ വര്‍ഷം ഇതുവരെയുണ്ടായ തിരുത്തലുകളും ആഗോള ബാങ്കിംഗ് ഓഹരികളില്‍ ഈയിടെ ഹ്രസ്വകാലത്തേക്കെങ്കിലും അനുഭവപ്പെട്ട സ്ഥിരതയും ആശ്വാസദായകമായ കുതിപ്പിന്റെ പ്രതീക്ഷകളാണു നല്‍കുന്നത്. അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ വിദൂരഘട്ടത്തിലേക്കു നോക്കുമ്പോള്‍ വര്‍ഷാന്ത്യം താരതമ്യേന സുരക്ഷിതമായിരിക്കുമെന്നു കാണാം. വിപണി വീഴ്ചകള്‍ കണ്ടെത്തി പ്രതിരോധം തീര്‍ക്കുകയും വാല്യുവേഷന്‍സ് യാഥാര്‍ത്ഥ്യ ബോധത്തോടെ ആയിത്തീരുകയും ചെയ്യുമ്പോള്‍ ഓഹരി വിപണിയുടെ വര്‍ഷാന്ത്യം ശക്തമാവാന്‍ തന്നെയാണിട. വരും പാദങ്ങളില്‍ പണ നയം സന്തുലിതാവസ്ഥയിലേക്കു തിരിച്ചെത്തുമെന്നു കരുതാം. പ്രക്ഷുബ്ധതകളെ വരുതിക്കു നിര്‍ത്താന്‍ കഴിയുന്ന നിക്ഷേപകന്‍ 2024ന്റെ ജേതാവാകും.
(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകന്‍)
Content Highlights: Crisis May Continue: Who Can Benefit in 2024?
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..