ഹരി സൂചികകൾ എക്കാലത്തെയും ഉയരംകുറിച്ച് മുന്നേറുന്നതിനിടെ നിരവധി ഓഹരികളാണ് നിക്ഷേപകർക്ക് മികച്ചനേട്ടം സമ്മാനിച്ചത്. ആ വിഭാഗത്തിൽ എടുത്തുപറയേണ്ട ഓഹരിയാണ് കോണ്ടിനെന്റൽ കെമിക്കൽസ്. മൂന്നുമാസത്തിനിടെ ഓഹരി 1,500ശതമാനത്തിലേറെ കുതിപ്പാണ് രേഖപ്പെടുത്തിയത്. 

2021 ജൂൺ 24ലെ 21.49 രൂപയിൽനിന്ന് 343.5 രൂപയായാണ് ഓഹരി വില ഉയർന്നത്. കൃത്യമായി കണക്കാക്കിയാൽ മൂന്നുമാസത്തിനിടെ 1,497.25ശതമാനം വർധന. ഇതുപ്രകാരം മൂന്നുമാസംമുമ്പ് ഓഹരിയൊന്നിന് 21.49 രൂപ നിരക്കിൽ ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കിൽ ഇന്നതിന്റെ മൂല്യം 15.98 ലക്ഷമാകുമായിരുന്നു. ഈകാലയളവിൽ സെൻസെക്‌സിലുണ്ടായ മുന്നേറ്റം 13.49ശതമാനംമാത്രമാണ്. 

2021 ജൂണിലവസാനിച്ച പാദത്തിലെ കണക്കുപ്രകാരം കമ്പനിയിലെ 61.57 ശതമാനം ഓഹരിയും കൈവശംവെച്ചിരിക്കുന്നത് രണ്ട് പ്രൊമോട്ടർമാരാണ്. 38.43ശതമാനം ഓഹരികളാണ് പൊതുവിഭാഗത്തിലുള്ളത്. വിദേശ നിക്ഷേപ സ്ഥാപനങ്ങളോ മ്യൂച്വൽ ഫണ്ടുകളോ ഓഹരിയിൽ നിക്ഷേപം നടത്തിയിട്ടില്ല. 

നോയ്ഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യപാദത്തിൽ 0.03 കോടി രൂപയാണ് അറ്റാദായംനേടിയത്. 200ശതമാനമാണ് വർധന. 2021 മാർച്ചിൽ അവസാനിച്ച സാമ്പത്തികവർഷത്തെ മൊത്തംലാഭം 0.14 കോടി രൂപയുമാണ്. മുൻസാമ്പത്തികവർഷം ഇത് 0.08 കോടി രൂപമാത്രമായിരുന്നു. സോപ്പ്, ഡിറ്റർജന്റ് തുടങ്ങിയവയാണ് കമ്പനിയുടെ ഉത്പന്നങ്ങൾ. 

നിലവിൽ ഉയർന്ന മൂല്യത്തിൽ കുതിക്കുന്ന ഓഹരിയിൽ കരുതലോടെവേണം നിക്ഷേപം നടത്താനെന്ന് ബിഎസ്ഇയും എൻഎസ്ഇയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഗ്രേഡഡ് സർവെയ്‌ലൻസ് മെഷ(ജിഎസ്എം)റിന്റെ കീഴിലാണ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകൾ ഈ ഓഹരിയെ ഉൾപ്പെടുത്തിയിട്ടുള്ളത്. 

മുന്നറിയിപ്പ്: ഓഹരി വിപണിയിൽ സമീപകാലയളവിലുണ്ടായ കുതിപ്പിൽ മികച്ചനേട്ടമുണ്ടാക്കിയ ഓഹരികൾ പരിചയപ്പെടുത്തുകമാത്രമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. നിക്ഷേപത്തിനുള്ള ശുപാർശയായി കാണേണ്ടതില്ല. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. സ്വന്തം ഉത്തരവാദിത്വത്തിൽവേണം നിക്ഷേപംനടത്താൻ.