ഹാമാരിക്കാലത്തെ മികച്ച പ്രകടനത്തിനുശേഷം ഓഹരി വിപണി ഇപ്പോൾ ഏകീകരണത്തിന്റെ ഘട്ടത്തിലാണ്. ഇടത്തരം, ചെറുകിട ഓഹരികളേക്കാൾ കൂടുതൽ ആകർഷകമായതിനാൽ വൻകിട ഓഹരികളാണിപ്പോൾ കുതിക്കുന്നത്. അടച്ചിടൽ അവസാനിക്കുന്നതോടെ വൻകിട ഓഹരികൾക്കു കൂടുതൽ പ്രയോജനം പ്രതീക്ഷിക്കുന്നതിനാലാണിത്. 

വിശാല വിപണിയുമായി താരതമ്യം ചെയ്യുമ്പോൾ വിലകൾ നീതീകരിക്കത്തക്കതാണ്. ആഗോളതലത്തിൽ നിലനിൽക്കുന്ന അനിശ്ചിതത്വത്തിനിടയിൽ സുരക്ഷിത ആസ്തികളിലേക്കാണ് നിക്ഷേപകർ നീങ്ങുന്നത്.

ഉദാര പണനയങ്ങൾ പിൻവലിക്കാനുള്ള യുഎസ് കേന്ദ്ര ബാങ്കിന്റെ നീക്കങ്ങളും പലിശ നിരക്കിൽ വരാനിരിക്കുന്ന വ്യത്യാസവും ഉറ്റു നോക്കുകയാണ് വിപണി. മഹാമാരിക്കാലത്തെ കുതിപ്പിന്റെ പ്രധാന ചാലകമായ ആഗോള വിപണിയിലെ പണമൊഴുക്കിനെ ഇതു ബാധിക്കും. 

ഉദാരവൽക്കരണത്തിൽനിന്നുള്ള പിൻമാറ്റം എത്രമാത്രം ഉണ്ടാകുമെന്നതു സംബന്ധിച്ച വ്യക്തത കൈവരിക്കാൻ ഈവർഷം സെപ്റ്റംബർ മുതൽ ഡിസംബർ വരെയുള്ള കാലയളവ് വേണ്ടിവരും. വിപണിയിൽ വർധിക്കുന്ന ചാഞ്ചാട്ടങ്ങളുടേയും ഉൽപന്ന വിലയിലെ വ്യതിയാനങ്ങളുടേയും ഐപിഒയുടേയും ഇടത്തരം, ചെറുകിട ഓഹരികളിലെയും പലിശയുടെ പതനത്തിന്റേയും ഒരുകാരണം ഇതാണ്. 

യഥേഷ്ടം ഒഴുകിയ പണവും ഉദാരനയങ്ങളും ഓഹരി വിപണിയെ മാത്രമല്ല സമ്പദ് വ്യവസ്ഥയെ പൊതുവേയും ഏറെ സഹായിച്ചിട്ടുണ്ട്.  ഈആനുകൂല്യം നിലനിൽക്കുമെന്നും ദീർഘകാലാടിസ്ഥാനത്തിൽ സമ്പദ് വ്യവസ്ഥക്കു ഗുണംനൽകുമെന്നും  പ്രതീക്ഷിക്കപ്പെടുന്നു. എന്നാൽ ഓഹരി മൂല്യനിർണയം പരമാവധിയിലെത്തിക്കഴിഞ്ഞിട്ടുണ്ട്. ഇതും വിപണിയെ നിയന്ത്രിക്കുന്ന ഒരുഘടകമാണ്. 

പണമൊഴുക്കു കുറയുകയും കൂടിയവിലകൾ നിലനിൽക്കുകയും ചെയ്യുമ്പോഴും ഹ്രസ്വകാലം മുതൽ ഇടക്കാലത്തേക്കുമാത്രമേ ഏകീകരണത്തിനു സാധ്യതയുള്ളു എന്നാണ് കരുതുന്നത്. കാരണം കുറഞ്ഞ പലിശനിരക്കും ഉദാര നിലപാടുകളും 2023വരെ തുടരുമെന്നാണ് കരുതപ്പെടുന്നത്. കൂടിയ വിലകൾ ലാഭത്തിൽ കുറവുണ്ടാക്കുമെങ്കിലും ലോക സാമ്പത്തികരംഗം വീണ്ടെടുക്കപ്പെടുന്നത് കൂടിയ മൂല്യനിർണയത്തിനു സഹായകരമാകും. ഇതിനൊക്കെ പുറമേ രാഷ്ട്രീയ, ഭൂമിശാസ്ത്രപരമായ സംഘർഷങ്ങൾ വർധിച്ചുകൊണ്ടിരിക്കുന്നു എന്നതും കാണാതെവയ്യ. പക്ഷേ വിപണിയിൽ ഇത് കാര്യമായി പ്രതിഫലിച്ചിട്ടില്ല.  

ഇടത്തരം, ചെറുകിട ഓഹരികളിൽ ഇപ്പോൾ നടക്കുന്ന ഏകീകരണം ദീർഘകാല നിക്ഷേപകർക്ക് ഓഹരികൾ വാങ്ങിക്കൂട്ടാനുള്ള അവസരം കൂടിയാണു നൽകുന്നത്. ഹ്രസ്വകാലം മുതൽ ഇടക്കാലംവരെ വൻകിട ഓഹരികൾ ക്രിയാത്മകമായ പ്രവണത തുടരുകയും ഇടത്തരം, ചെറുകിട ഓഹരികൾ ചില പ്രത്യേക ഓഹരികളിലും മേഖലകളിലും ഒഴികെ ചാഞ്ചാട്ടത്തിനു വിധേയമായിക്കൊണ്ടിരിക്കുകയുംചെയ്യും.

വിപണിയിൽ നല്ലപ്രകടനം നടത്തുന്നതിന്, അപകട സാധ്യത കുറഞ്ഞ പുതുകാല ബിസിനസ് വളർച്ചാ അവസരമുള്ള ഓഹരികളിൽ നിക്ഷേപിക്കുകയാണുവേണ്ടത്. പുതിയ സാമ്പത്തിക വ്യവസ്ഥയ്ക്കനുസരിച്ച് നവീന ബിസിനസ് മാതൃകകൾ സൂക്ഷിക്കുന്ന ടെക് കമ്പനികളും കരാറടിസ്ഥാനത്തിലുള്ള ആഗോള നിർമ്മാണ യൂണിറ്റുകളും മികച്ച അവസരമാണു വാഗ്ദാനം ചെയ്യുന്നത്. 

ലോകമെങ്ങും ആവശ്യക്കാരുള്ള കെമിക്കൽ, ഐടി, ഇലക്ട്രോണിക്, ഫാർമമേഖലകളിൽ കൂടിയ വളർച്ചാ സാധ്യതയുണ്ട്. മൂല്യ നിർണയം കൂടിയ വിപണിയിൽ ഗുണനിലവാരംനോക്കി ഓഹരികൾ വാങ്ങാൻ പ്രത്യേകം ശ്രദ്ധിക്കണം. അപകടസാധ്യത കുറച്ച് പോർട്ഫോളിയോയെ ബലപ്പെടുത്താൻ അതിനുകഴിയും. 

ദീർഘകാലാടിസ്ഥാനത്തിൽ ബാങ്കിംഗ് മേഖല ഗുണകരമാണെങ്കിലും  ദുർബ്ബലമായ ആസ്തി നിലവാരം സമീപകാല സാധ്യതകളെ ബാധിക്കുന്നുണ്ട്. ലോഹങ്ങൾ, പ്രധാന ഉൽപന്നങ്ങൾ, വാഹനമേഖല, അടിസ്ഥാന വികസനം തുടങ്ങിയ, നിയന്ത്രണങ്ങൾ അവസാനിക്കുന്നതിന്റെ ആനുകൂല്യം ഏറ്റവും കൂടുതൽ ലഭിക്കുന്ന മേഖലകളിലാണ് നിക്ഷേപിക്കേണ്ടത്. ഈ മേഖലകളിലും കടപ്പത്രങ്ങളിലും സ്വർണ ബോണ്ടുകളിലും നിക്ഷേപിക്കുന്നത് പോർട്ഫോളിയോ സന്തുലനത്തിനും ഗുണംചെയ്യും.

(ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണവിഭാഗം മേധാവിയാണ് ലേഖകൻ)