ഓഹരി വിപണിയിലെ മുന്നേറ്റം അവസരമാക്കാന്‍ ജനുവരിയില്‍ നിരവധി കമ്പനികള്‍ ഐപിഒയുമായി വരുന്നു. നാലാഴ്ചക്കുള്ളില്‍ ആറുകമ്പനികളെങ്കിലും ഐപിഒയുമായെത്തുമെന്നാണ് വിവരം. 8,000 കോടി രൂപയാകും ഈ കമ്പനികള്‍ ദ്വിതീയ വിപണിയില്‍നിന്ന് സമാഹരിക്കുക.
റെയില്‍ടെല്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, ഇന്‍ഡിഗോ പെയിന്റ്‌സ്, ഹോം ഫെസ്റ്റ് ഫിനാന്‍സ് കമ്പനി, ഇന്ത്യന്‍ റെയില്‍വെ ഫിനാന്‍സ് കോര്‍പറേഷന്‍, സൂര്യോദയ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് തുടങ്ങിയ കമ്പനികളാണ് പ്രാഥമിക ഓഹരി വില്പനയ്ക്ക് ഒരുങ്ങുന്നത്.
2020ല്‍ ആകെ 15 കമ്പനികളാണ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തത്. മാര്‍ച്ചില്‍ ഒന്ന്, ജൂലായില്‍ ഒന്ന്, സെപ്റ്റംബറില്‍ എട്ട്, ഒക്ടോബറില്‍ ഒന്ന്, നവംബറില്‍ ഒന്ന്, ഡിസംബറില്‍ മൂന്ന് എന്നിങ്ങനെയായിരുന്നു ലിസ്റ്റിങ്.
മാര്‍ച്ചിലെ താഴ്ചയില്‍നിന്ന് ഓഹരി സൂചികകള്‍ 86ശതമാനത്തോളമാണ് നേട്ടമുണ്ടാക്കിയത്. യുഎസിലെ തിരഞ്ഞെടുപ്പ് ഫലവും കോവിഡ് വാക്‌സിന്റെ വരവുമാണ് രണ്ടുമാസമായി വിപണിയിലെ കുതിപ്പിനുപിന്നില്‍. ഡിസംബറില്‍മാത്രം 62,016 കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ രാജ്യത്തെ ഓഹരികളില്‍ നിക്ഷേപിച്ചത്.
നിക്ഷേപകരില്‍ പണലഭ്യത വര്‍ധിച്ചതോടെ ഓഹരിയിലെ നിക്ഷേപം വര്‍ധിക്കുന്നതായാണ് വിലയിരുത്തല്‍. മാര്‍ച്ചിലെ കനത്ത ഇടിവിനുശേഷമുണ്ടായ മുന്നേറ്റം നിരവധി പുതിയ നിക്ഷേപരെ വിപണിയിലെത്തിച്ചിട്ടുണ്ട്.