Photo:Gettyimages
ഏപ്രിലില്‍ ഇന്ത്യന്‍ വിപണി 4.5 ശതമാനം കുതിപ്പു രേഖപ്പെടുത്തി. 2023 ജനുവരി മുതല്‍ മാര്‍ച്ചു വരെയുള്ള -5.8 ശതമാനവുമായാണ് ഇതിനെ താരതമ്യപ്പെടുത്തേണ്ടത്. സമ്മിശ്ര സാമ്പത്തിക വികസനത്തിനിടയ്ക്കാണ് ഈ കുതിപ്പെന്നോര്‍ക്കണം. ഏപ്രില്‍ മാസം ഇന്ത്യയില്‍ ആര്‍ബിഐയുടെ പലിശ വര്‍ധനാ നയത്തില്‍ അപ്രതീക്ഷിതമായി ഉണ്ടായ ഇടവേള ഗുണകരമായി. എന്നാല്‍ പ്രതീക്ഷിച്ചതിലും താഴെപ്പോയ നാലാം പാദ ഫലങ്ങള്‍ വിപണിയെ പ്രതികൂലമായി സ്വാധീനിക്കുകയും ചെയ്തു. രണ്ടു ഫലങ്ങളും ഓഹരി വിപണിയുടെ ഭാവി ഘടനയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയേക്കും. പണ നയത്തിലെ മാറ്റം ഇടക്കാലത്ത് വിപണിയുടെ മുന്നേറ്റത്തില്‍ ഇടിവുണ്ടാക്കുമെന്നാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്. ദുര്‍ബലമായ നാലാം പാദ ഫലങ്ങളാകട്ടെ വിപണിയുടെ പ്രതീക്ഷകള്‍ക്കു മങ്ങലേല്‍പ്പിക്കാനാണിട.
ഇന്ത്യയുടെ 10 വര്‍ഷ സര്‍ക്കാര്‍ ബോണ്ട് യീല്‍ഡ് ഇതിനകം 25 ബിപിഎസ് കുറഞ്ഞ് 7.1 ശതമാനമായിട്ടുണ്ട്. മൂല്യനിര്‍ണയത്തില്‍ കുറവു വരുത്തി ഓഹരി വിപണിയിലെ ചാഞ്ചാട്ടം കുറയ്ക്കാന്‍ ഇതിടയാക്കുമെന്നു കരുതപ്പെടുന്നു. ഭാവിയില്‍ പണ ലഭ്യത കൂടുമെന്നതിനാല്‍ അതിനുള്ള ചെലവും കുറഞ്ഞേക്കും. ഇന്ത്യയുടെ ഒരു വര്‍ഷം മുന്നോട്ടുള്ള പിഇ അനുപാതം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 10 ശതമാനം കുറഞ്ഞ് 20 ഃ ല്‍ നിന്ന് 18 ഃ ആയിട്ടുണ്ട്. 7 വര്‍ഷ ശരാശരിയായ 17 ഃ ല്‍ നിന്ന് നെല്ലിട മാത്രം മുകളിലാണിത്. ഇതോടൊപ്പം ഇന്ത്യന്‍ മൂല്യ നിര്‍ണയത്തിലെ ഭാവി പ്രവണത രണ്ടു പ്രധാന ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നതെന്നു കാണാം. വരുമാന കണക്കുകളും ആഗോള വിപണി ചലനങ്ങളുമാണ് ഈ ഘടകങ്ങള്‍.
വരുമാനം പരിശോധിക്കുമ്പോള്‍, ഏപ്രില്‍ മാസം പുറത്തുവന്ന നാലാം പാദ ഫലങ്ങള്‍ പ്രതീക്ഷയിലും താഴെപ്പോയതോടെ ഭാവിയിലെ വളര്‍ച്ച പരിമിതപ്പെട്ടു. ഐടി മേഖലയുടെ 2024 സാമ്പത്തിക വര്‍ഷത്തെക്കുറിച്ചുള്ള ജാഗ്രതാ കാഴ്ചപ്പാടും ഈ മേഖലയിലെ ഇപിഎസ് വളര്‍ച്ചയുമായിരുന്നു തുടക്കം. ആഗോള തലത്തില്‍ ബിസിനസ് ചെലവുകളിലും തീരുമാനങ്ങളിലുമുണ്ടാകുന്ന കാലതാമസവും ഇതിനെ തുണച്ചു. ഐടി മേഖലയിലെ വരുമാന വളര്‍ച്ച -5 ശതമാനത്തോളം താഴേക്കു പോയി. ഐടി ഓഹരികളുടെ വിറ്റഴിക്കലായിരുന്നു ഫലം. വിശാല വിപണിയില്‍ ഇതിന്റെ പ്രതിഫലനം അനുഭവപ്പെടുകയും ചെയ്തു.
50 നിഫ്റ്റി കമ്പനികളില്‍ 19 എണ്ണം ഫലപ്രഖ്യാപനം നടത്തി. ഇതില്‍ ബാങ്കുകളുടെ പ്രകടനം പ്രതീക്ഷിച്ചതിലും മെച്ചമായിരുന്നു. നിഷ്‌ക്രിയ ആസ്തിക കുറഞ്ഞതും നാലാം പാദത്തിലെ വായ്പാ വളര്‍ച്ചയുമായിരുന്നു കാരണം. നിക്ഷേപകരില്‍ ഇത് ആത്മ വിശ്വാസം വളര്‍ത്താന്‍ സഹായിച്ചു. യാത്രാ വാഹനങ്ങളുടേയും ഇരുചക്ര വാഹനങ്ങളുടേയും വില്‍പ്പനയിലുണ്ടായ വര്‍ധന വാഹന മേഖലയിലെ വരുമാനം പ്രതീക്ഷിച്ചതിലും വര്‍ധിപ്പിച്ചു. എന്നാല്‍ മൊത്തത്തില്‍ കമ്പനികളുടെ പ്രകടനം ദുര്‍ബലമായിരുന്നു. ഈ 19 കമ്പനികളുടെ നികുതി കഴിച്ചുള്ള വരമാന വളര്‍ച്ച 11 ശതമാനമായാണ് നേരത്തേ കണക്കാക്കിയതെങ്കിലും യഥാര്‍ത്ഥ വളര്‍ച്ച 3.6 ശതമാനം മാത്രമായിരുന്നു.
വേഗംകുറയുന്ന സമ്പദ് വ്യവസ്ഥയും കൂടിയ തോതിലുള്ള പ്രവര്‍ത്തനച്ചെലവുകളും കാരണം സമീപകാലത്ത് വരുമാന വളര്‍ച്ച പ്രതീക്ഷിക്കുന്നില്ല. 19 കമ്പനികളുടെ മൊത്തം വരുമാന വളര്‍ച്ച 13 ശതമാനമാണ്. പ്രതീക്ഷ 12 ശതമാനമായിരുന്നു. കൂടിയതോതിലുള്ള വിലക്കയറ്റം തന്നെയാണ് പ്രധാന വില്ലന്‍. ഭാഗ്യവശാല്‍, ആഗോള വിലക്കയറ്റം ഗണ്യമായി കുറഞ്ഞുകൊണ്ടിരിക്കയാണ്. മുന്‍ പാദത്തെയപേക്ഷിച്ച് ലാഭ വളര്‍ച്ചയുണ്ടാകുമെന്ന് വിപണി കരുതുന്നു. അടുത്ത പാദം മുതല്‍ വരുമാന വര്‍ധന പ്രതീക്ഷിച്ചുകൊണ്ടുള്ള വിപണിയിലെ ഇപ്പോഴത്തെ കുതിപ്പിനു പിന്‍ബലമേകുന്ന പ്രധാന ഘടകം ഇതായിരിക്കണം.
നിര്‍ഭാഗ്യവശാല്‍, ആഗോള സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലാണ്. ഏറ്റവും പുതിയ കണക്കുകളനസുരിച്ച് 2023 ലെ ഒന്നാം പാദത്തില്‍ യുഎസ് സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച വെറും 1.1 ശതമാനം മാത്രമാണ്. 2 ശതമാനമെങ്കിലും വിപണി പ്രതീക്ഷിച്ചിരുന്നു. കൂടിയ പലിശ നിരക്കുകളും ബിസിനസ് രംഗത്ത് നിക്ഷേപം കുറഞ്ഞതും കാരണം 2023ല്‍ ഈ പ്രവണത ഇനിയും താഴോട്ടു പോകുമെന്നാണ് കണക്കാക്കുന്നത്. മുന്‍പാദങ്ങളെയപേക്ഷിച്ച് ജിഡിപി വളര്‍ച്ചാ നിരക്ക് മുന്‍വര്‍ഷത്തെയപേക്ഷിച്ച് രണ്ട് ,മൂന്ന്, നാല് പാദങ്ങളില്‍ യഥാക്രമം 0.3 ശതമാനം, -0.6 ശതമാനം, -0.3 ശതമാനം എന്നാണ് സമവായം ഉരുത്തിരിഞ്ഞിട്ടുള്ളത്.
2024 സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ഇപിഎസ് 18 ശതമാനം വളരുമെന്ന് കണക്കാക്കിയിരിക്കുന്നു. വിപണി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വരുമാന വളര്‍ച്ച ഇനിയും താഴേക്കു പോകാനുള്ള സാധ്യതയാണ്. നാലാം പാദഫലങ്ങളുടെ അവസാന ഘട്ടത്തിലോ 2024 സാമ്പത്തിക വര്‍ഷം ആദ്യ പാദത്തിലോ ഒരു യാഥാര്‍ത്ഥ്യവല്‍ക്കരണം സംഭവിക്കാം.
കയറ്റുമതി പോലെ ആഗോള സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെടുന്ന കമ്പനികള്‍ക്കാണ് വരുമാനക്കുറവിന്റെ പ്രശ്നങ്ങള്‍ ഉണ്ടാകുക. അഭ്യന്തര വ്യാപാര രംഗത്ത് ആഴത്തില്‍ വേരുള്ള കമ്പനികള്‍ താരതമ്യേന സുരക്ഷിതമായിരിക്കും. ആഗോള വിലക്കയറ്റം കുറയുകയും ബിസിനസ് വളര്‍ച്ച ഭദ്രമാവുകയും ചെയ്യുന്നതോടെ ഇത്തരം കമ്പനികള്‍ക്ക് ലാഭവളര്‍ച്ചയുണ്ടാകും. ഈ സവിശേഷ സാഹചര്യത്തില്‍ നാട്ടിലെ ബിസിനസുകളില്‍ നിക്ഷേപിക്കുന്നതായിരിക്കും കൂടുതല്‍ ഗുണകരം.
(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകന്‍)
Content Highlights: Chance of a boom in domestic business: Look for the best stocks and invest
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..