Photo: Gettyimages
അവധി വ്യാപാരത്തിനുള്ള സെക്യൂരിറ്റി ട്രാന്‍സാക് ഷന്‍ ടാക്‌സ്(എസ്.ടി.ടി) 25ശതമാനംവരെ കൂട്ടി. ധനകാര്യ ബില്‍ 2023 ഭേദഗതി പ്രകാരമാണ് വര്‍ധന. ഓപ്ഷനുകളുടെ ഇടപാടിന് 23.52 ശതമാനവും ഫ്യൂച്ചര്‍ കരാറുകളുടെ ഇടപാടിന് 25ശതമാനവുമാണ് വര്‍ധന. അവധി വ്യാപാര ഇടപാടുകള്‍ നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നീക്കമെന്ന് അറിയുന്നു.
ഓഹരി അവധി വ്യാപാരത്തില്‍ പത്തില്‍ ഒമ്പത് പേര്‍ക്കും നഷ്ടം നേരിടുന്നതായി നേരത്തെ സെബി നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. 2020-21ല്‍ ഇടപാടുകാരുടെ ശരാശരി നഷ്ടം 1.25 ലക്ഷം രൂപയായിരുന്നു. നഷ്ടത്തോടൊപ്പം കനത്ത ഇടപാട് ചെലവുകളും ഉള്ളതിനാല്‍ അവധി വ്യാപാരം ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലാണ് പരിഗണിക്കുന്നത്.
2004ലാണ് സെക്യൂരിറ്റി ട്രാന്‍സാക് ഷന്‍ ടാക്‌സ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. സ്റ്റോക്ക് എക്‌സ്‌ചേഞ്ച് വഴിയുള്ള ഇക്വിറ്റി, ഇക്വിറ്റി ഡെറിവേറ്റീവ്, മ്യൂച്വല്‍ ഫണ്ട് ഇടപാടുകള്‍ക്കാണ് എസ്ടിടി ബാധകം. ദിനവ്യാപാരത്തിന് 0.025ശതമാനവും ഡെലിവറിയില്‍ ഓഹരി വാങ്ങുമ്പോഴും വില്‍ക്കുമ്പോഴും 0.1ശതമാനവുമാണ് ഈടാക്കുന്നത്.
അവധി വ്യാപാരം എന്നാല്‍
മുന്‍നിശ്ചയിച്ച ഒരു തിയതിക്ക് ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള കരാറുകളില്‍ ഏര്‍പ്പെടുന്നതാണ് അവധി വ്യാപാരം. ഒരു കമ്പനിയുടെ 100 ഓഹരികള്‍ 100 രൂപയ്ക്ക് വാങ്ങാമെന്ന കരാറില്‍ ഇടപാടുകാരന്‍ എത്തുന്നു എന്ന് കണക്കുകൂട്ടുക. കരാര്‍ കാലാവധി തീരുന്ന ദിവസം ഓഹരിയുടെ വിപണി വില 110 രൂപയായാലും 100 രൂപയ്ക്ക് ഇടപാടുകാരന് ലഭിക്കും. അങ്ങനെ വരുമ്പോള്‍ ഒരു ഓഹരിയില്‍ 10 രൂപയുടെ നേട്ടമുണ്ടാകും. അതേസമയം, നിശ്ചിത ദിവസം വില 90 രൂപയായി കുറഞ്ഞാല്‍ നഷ്ടവുമുണ്ടാകും. ഇടപാടിനായി മുഴുവന്‍ തുക നല്‍കേണ്ടതില്ല. അതേസമയം, കാലാവധി തീരുംമുമ്പ് ഓഹരിയുടെ വില കുറയുന്ന സാഹചര്യം ഉണ്ടായാല്‍ അധിക തുക നല്‍കേണ്ടിവരും.
Content Highlights: Centre hikes STT on futures and options trading
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..