കൊറോണ വൈറസ് വാക്സിന്‍ ഉടനെയെത്തുമെന്ന പ്രതീക്ഷയില്‍ ആഗോളമായി സാമ്പത്തിക വിപണികള്‍ ഒരുതരം ഉന്മാദാവസ്ഥയിലെത്തിയിരിക്കുന്നു. ആദ്യഫലങ്ങളനുസരിച്ച് ഫൈസര്‍ കമ്പനിയുടെ വാക്സിന്‍ 90 ശതമാനം ഗുണം വാഗ്ദാനം ചെയ്യുന്നതിനാല്‍ നേരത്തേ പ്രതീക്ഷതിനേക്കാള്‍ വേഗത്തില്‍ കാര്യങ്ങള്‍ സാധാരണ നിലയിലാകും എന്ന കാഴ്ചപ്പാടാണ് ഇതിനുകാരണം. 

അങ്ങനെയെങ്കില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍  തിരിച്ചുവരുന്നതിന്റേയും പുതിയ ധനാഗമത്തിന്റേയും ഗുണഫലം അനുഭവിക്കുന്ന ഓഹരി വിപണിക്ക് വലിയകുതിപ്പ് സമ്മാനിക്കും.   മുന്‍ പാദത്തെയപേക്ഷിച്ച് സാമ്പത്തികനിലയില്‍ മൂന്നിലൊന്നിലധികം മുന്നേറ്റമുണ്ടായിട്ടുണ്ട്. യുഎസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആശയക്കുഴപ്പംകാരണം പിടിച്ചു വെച്ചിരുന്ന പണം വിപണിയിലേക്കു കുതിച്ചെത്തിയിരിക്കയാണ്. തെരഞ്ഞെടുപ്പുഫലം പ്രതീക്ഷതിനേക്കാള്‍ മെച്ചമായതോടെ പണത്തിന്റെ വലിയ ഒഴുക്കുണ്ടാവുകയും വിപണിയില്‍ വലിയ ഉണര്‍വ് അനുഭവപ്പെടുകയും ചെയ്തു. 

കൂടുതല്‍ മെച്ചപ്പെട്ടൊരുലോകവും തെരഞ്ഞെടുപ്പിനുമുമ്പായി വാഗ്ദാനം ചെയ്യപ്പെട്ട വര്‍ധിച്ച സാമ്പത്തിക ഉത്തേക പദ്ധതിയിലുള്ള പ്രതീക്ഷയുമാണ് പണത്തിന്റെ ഒഴുക്കിനു പിന്നില്‍. യുഎസില്‍ 2021 ജനുവരിയില്‍ പുതിയ ഭരണകൂടം അധികാരം ഏറ്റെടുക്കുമെന്നാണ് കരുതപ്പെടുന്നത്. പുതിയ ടീമിനെക്കുറിച്ച് വലിയപ്രതീക്ഷയാണുള്ളത്. 

സൗഹാര്‍ദപൂര്‍ണമായ ലോകനയങ്ങളും ആഗോള വ്യാപാര അഭിവൃദ്ധിയും മുന്നില്‍ കാണുന്നു. സമാനമായ വലിയൊരു ഉത്തേജക പദ്ധതിയെക്കുറിച്ചുള്ള പ്രതീക്ഷ യൂറോപ്പിലുമുണ്ട്.  ഈഘടകങ്ങളെല്ലാം ഓഹരിവിപണിയില്‍ 'റിസ്‌ക്-ഓണി' ന് തുടക്കം കുറിച്ചു. ഈമാസം ഇതുവരെ യുഎസ്, യൂറോപ്യന്‍, ഏഷ്യന്‍ വിപണികളില്‍ യഥാക്രമം 10 ശതമാനം, 15 ശതമാനം, 10 ശതമാനം എന്നക്രമത്തില്‍ കുതിപ്പുണ്ടായി.

ഇടക്കാല, ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഈ ട്രെന്‍ഡ് മാറുമെന്നു വിശ്വസിക്കാന്‍ കാരണംകാണുന്നില്ല. നവംബറില്‍ യുഎസ് ഇലക്ഷനും അവരുടെ കേന്ദ്ര ബാങ്ക് യോഗത്തിനും മുന്നോടിയായി ധാരാളംപണം പിടിച്ചുവെക്കപ്പെട്ടിരുന്നു. കോവിഡ് 19ന്റെ വരവിനുശേഷം പ്രഖ്യാപിക്കപ്പെട്ട ധന, സാമ്പത്തിക ഉത്തേജക പദ്ധതികളിലൂടെലഭിച്ച പണമായിരുന്നു ഇത്. ഇതെല്ലാം ഇപ്പോള്‍ സ്വതന്ത്രമായിരിക്കുന്നു. 

ഭാവിയില്‍ കൂടുതല്‍ പണം വിപണിയിലേക്കും സാമ്പത്തിക രംഗത്തേക്കും എത്തിച്ചേരാനിരിക്കുകയാണ്. അതുകൊണ്ടു തന്നെ ട്രെന്‍ഡ് മാറാനുള്ള സാധ്യത കുറവാണ്. മറിച്ചാകണമെങ്കില്‍ ഉത്തേജക പദ്ധതികളുടെ വലിപ്പം വിചാരിച്ചതിലും കുറവായിരിക്കുകയും അതിനകംതന്നെ വിപണി അമിത പ്രതീക്ഷയില്‍ എത്തിച്ചേരുകയുംവേണം.  

വിലകള്‍ ഇപ്പോള്‍ റെക്കാര്‍ഡുയരത്തിലായതിനാല്‍ വിപരീത വാര്‍ത്തകള്‍വരുന്നത് തടയുന്നതില്‍ പരിമിതിയുണ്ടെന്നത്  ഹൃസ്വകാലത്തേക്ക് ബാധിച്ചേക്കാം. സാമ്പത്തികരംഗത്ത്  തിരിച്ചുവരവ് തുടങ്ങിയിട്ടേയുള്ളു, നേട്ടങ്ങള്‍ താഴ്ന്നനിലയിലും. ഈഘട്ടത്തില്‍ വിലകള്‍ ഉയര്‍ന്നനിരക്കില്‍തന്നെ തുടരുമെന്നാണ് കരുതപ്പെടുന്നത്. അതിനാല്‍ പിഇ പോലുള്ള അളവുകോലുകള്‍ ഹൃസ്വകാലത്തേക്ക് ഉയര്‍ന്നുനിലകൊള്ളുമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ സാധാരണനില വീണ്ടെടുക്കും. ദീര്‍ഘകാലത്തേക്ക് ഈ പ്രവണതയില്‍ മാറ്റമുണ്ടാകാനിടയില്ല.

ഇതിലുപരിയായി  ആശങ്കയുള്ളത് പാശ്ചാത്യ ലോകത്തെ ശൈത്യകാലത്തെക്കുറച്ചുള്ളതാണ്. വൈറസ് ബാധ വര്‍ധിക്കാനും ഇപ്പോള്‍തന്നെ കോവിഡ് രോഗികള്‍ തിങ്ങി നിറഞ്ഞ ആശുപത്രികള്‍ക്ക് കൂടുതല്‍ സമ്മര്‍ദ്ദം സൃഷ്ടിക്കാനും അതിനു കഴിയും. 2021ന്റെ പകുതിക്കുശേഷം മാത്രമേ വാക്സിന്‍ വ്യാപകമാവുകയുള്ളു. ശൈത്യകാല രോഗവ്യാപനം കൂടുതല്‍ നിയന്ത്രണങ്ങളിലേക്കും അടച്ചിടലുകളിലേക്കും യൂറോപ്പിനെ  നയിക്കാനും മൂന്നാംപാദത്തില്‍ കാണപ്പെട്ടതു പോലെ സാമ്പത്തികവളര്‍ച്ച കുറയാനും ഇടയാക്കിയേക്കും.

ഇന്ത്യയെ സംബന്ധിച്ചേടത്തോളം ഫൈസര്‍ കമ്പനിയുടെ വാക്സിന്റെ ഉപയോഗമോ പ്രയോജനമോ ഇവിടെ വളരെ കുറവായിരിക്കുമെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. വാക്സിന്‍ പെട്ടെന്നുതന്നെ എത്തിച്ചേരുമെന്ന പ്രതീക്ഷ പാശ്ചാത്യ വിപണികളില്‍ ഊര്‍ജ്ജം വിതയ്ക്കുന്നു. വാക്സിന്‍ ഫലപ്രദമായി സൂക്ഷിക്കുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ കുറവുകാരണം ഇന്ത്യയില്‍ ഇത് വിജയകരമായി ഉപയോഗപ്പെട്ടേക്കില്ല. കൂടിയ തണുപ്പില്‍ സംഭരണ സൗകര്യവും ഇതേനിലവാരത്തിലുള്ള ഗതാഗത സംവിധാനവും സാധാരണ ഗതിയില്‍ രാജ്യത്ത് ലഭ്യമല്ല.

രാജ്യത്തെ  സമ്പദ്ഘടനയെ മുന്നോട്ടു  നയിക്കുന്നതിന് ആഭ്യന്തര വിപണിയില്‍ കൂടുതല്‍ ഉത്തേജക സംവിധാനം ആവശ്യമുണ്ട്. നികുതിയിളവ് ഹൗസിംഗ് ഡെവലപ്പര്‍മാര്‍ക്കും വീടുവാങ്ങുന്നവര്‍ക്കും ഗുണകരമാണത്. ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്ന ഭവന മേഖലയില്‍ ഡിമാന്‍ഡ് വര്‍ധിക്കാനും ഇതിടയാക്കും. വളത്തിന് 65,000 കോടി രൂപയുടെ സബ്സിഡി പ്രഖ്യാപിച്ചത് ഗ്രാമീണമേഖലയ്ക്കും കാര്‍ഷിക മേഖലയ്ക്കും സഹായകമാകും. ഉല്‍പാദനത്തിനനുസരിച്ചുള്ള ആനുകൂല്യ വര്‍ധനപദ്ധതി 10 മേഖലകളിലേക്കുകൂടി വ്യാപിപ്പിച്ചത്  ദീര്‍ഘകാലാടിസ്ഥാനത്തില്‍ അഭ്യന്തര ഉല്‍പാദനം വര്‍ധിക്കാനിടയാക്കും. 

ശുഭപ്രതീക്ഷ ഉയര്‍ത്തുന്ന കാര്യത്തില്‍ ഇപ്പോള്‍ വിപണി അമാന്തിച്ചുനില്‍പ്പാണ്. മന്ത്രിയുടെ പ്രഖ്യാപനത്തിനുശേഷം ബാങ്കിംഗ് മേഖലയില്‍ ലാഭവും ഉണര്‍വുമുണ്ടായിട്ടുണ്ട്. ആത്മനിര്‍ഭര്‍ ഭാരത്  3.0 പദ്ധതിയുടെ പാക്കേജിനായി കാത്തിരിക്കയായിരുന്ന വിപണിയില്‍ അതിന്റെഫലം കണ്ടുതുടങ്ങിയിരിക്കുന്നു.  

അനുകൂലമായ ഈ പ്രവണത തുടരുമെന്നു തന്നെയാണ് കരുതുന്നത്. സാമ്പത്തികമേഖല വേഗത്തില്‍ മെച്ചപ്പെടുന്നു. വിദേശ സ്ഥാപന നിക്ഷേപങ്ങളില്‍നിന്നും അഭ്യന്തര നിക്ഷേപകരില്‍നിന്നുമായി ധാരാളംപണം ഒഴുകിയെത്തുന്നു. ഈ ഡിസമ്പറില്‍ യുഎസിലും യൂറോപ്പിലും വലിയതോതിലുള്ള ഉത്തേജനം പ്രതീക്ഷിക്കപ്പെടുന്നുമുണ്ട്. ഒക്ടോബറില്‍ ഇന്ത്യന്‍ മ്യൂചല്‍ ഫണ്ടില്‍ വലിയതോതില്‍ കടംവീട്ടല്‍ നടന്നു. മുമ്പേ പോകുന്ന ഗോവിന്റെ പിന്നാലെ പോകുന്ന മാനസികാവസ്ഥയിലല്‍ ചില്ലറ നിക്ഷേപകര്‍ പെട്ടതാവാം. 

കോവിഡ് പെട്ടെന്നു പൊട്ടപ്പുറപ്പെട്ടപ്പോള്‍ ഉണ്ടായ നഷ്ടങ്ങള്‍ വീണ്ടെടുക്കാനുള്ള ധൃതഗതിയിലുള്ള ശ്രമമാണിത്.  ഒക്ടോബറിലാണ് ഈ പ്രവാഹമുണ്ടായത്. അതിനുശേഷം വിപണിയുടെ കാഴ്ചപ്പാടില്‍ വലിയ പുരോഗതിയുണ്ടായി. സാമ്പത്തികരംഗത്തെ തിരിച്ചുവരവിന്റേയും ലാഭവളര്‍ച്ചയുടേയും യഥേഷ്ടമുള്ള പണലഭ്യതയുടേയും ലോകസര്‍ക്കാരുകളുടെ ധനപരവും സാമ്പത്തികവുമായ പിന്തുണയോടെയും അടുത്ത വര്‍ഷം കാര്യങ്ങള്‍ മെച്ചപ്പെടുമെന്നു തന്നെയാണ് കണക്കു കൂട്ടല്‍.

ട്രെന്‍ഡ് മാറുമെന്നു വിശ്വസിക്കാനുള്ള യാതൊരു സാഹചര്യവും നിലവിലില്ല. വിപണിയും സമ്പദ്ഘടനയും തമ്മില്‍ അന്തരം രൂപപ്പെട്ടിട്ടുള്ളതിനാല്‍ ചെറിയ വിളംബവും ഏകീകകരണവും സംഭവിച്ചേക്കാം. കാഴ്ചപ്പാടുകള്‍ ഉയരുമ്പോള്‍ ഇതു സാധാരണമാണ്. എന്നാല്‍ താല്‍ക്കാലിക തെറ്റുതിരുത്തല്‍ സാധ്യത തള്ളിക്കളയാനാവില്ല. വാക്സിന്റെവരവ് കാര്യങ്ങള്‍ മെച്ചപ്പെടുത്തുമെന്ന കാര്യത്തില്‍ വിപണിക്ക് ഉയര്‍ന്ന ശുഭാപ്തി വിശ്വാസമുണ്ട്.  

ആഗോളാടിസ്ഥാനത്തിലുള്ള ഉത്തേജക പദ്ധതികളുടെ വ്യാപ്തിയും സമയവും കാത്തിരിക്കാനാണ് ലോക വിപണി ശ്രമിക്കുക. ഇവിടെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രയോജനകരമായ ഹൃസ്വകാല തെറ്റുതിരുത്തല്‍ പ്രതീക്ഷിക്കാം.

(ജിയോജിത് ഫിനാന്‍ഷ്യല്‍സര്‍വീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകന്‍)