ന്യൂഡല്‍ഹി: ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍(ബിഎസ്ഇ)ലിസ്റ്റ് ചെയ്തിട്ടുള്ള 36 കമ്പനികളെക്കൂടി ഓഹരി വ്യാപാരത്തില്‍നിന്ന് നീക്കുന്നു. മാര്‍ച്ച് അഞ്ചുമുതലാണ് ഈ കമ്പനികളുടെ ഓഹരി വ്യാപാരത്തിന് വിലക്ക് നിലവില്‍വരിക. ടെക്‌സ്റ്റൈല്‍, കെമിക്കല്‍സ്, ഫാര്‍മ, ടെക്‌നോളജി എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന കമ്പനികളാണിവ. 

മഫത്‌ലാല്‍ ഡൈസ് ആന്റ് കെമിക്കല്‍സ്, വേറോനിക്ക് ലബോറട്ടറീസ്, പോളാര്‍ ഫാര്‍മ ഇന്ത്യ, ഷോങ്ക് ടെക്‌നോളജീസ് ഇന്റര്‍നാഷണല്‍, ബെല്ലേരി സ്റ്റീല്‍സ് ആന്റ് അലോയ്‌സ്, വോള്‍പ്ലാസ്റ്റ്, അശോക കോട്‌സീഡ്‌സ്, വിജയകമാര്‍ മില്‍സ്, ഗ്രേറ്റ് വെസ്‌റ്റേണ്‍ ഇന്‍ഡസ്ട്രീസ്, അശോഖ കോട്‌സീഡ്‌സ്, രുപാല്‍ ലാമിനേറ്റ്‌സ്, എന്‍വിറോ ക്ലീന്‍ സിസ്റ്റംസ്, ഗാന്ധിധാം സ്പിന്നിങ് ആന്റ് മാനുഫാക്ചറിങ് തുടങ്ങിയ കമ്പനികളെയാണ് ഡീലിസ്റ്റ് ചെയ്യുന്നത്. 

ഇതിനുമുമ്പ് കഴിഞ്ഞ ഓഗസ്റ്റില്‍ 200 കമ്പനികളെ ബിഎസ്ഇ ഡീലിസ്റ്റ് ചെയ്തിരുന്നു. സാമ്പത്തിക ക്രമക്കേടിനും കള്ളപ്പണം വെളുപ്പിക്കുന്നതിനുമുള്ള ഒരുമറയായി ഈ കമ്പനികളെ ഉപയോഗിക്കുന്നുവെന്ന് സംശയിക്കുന്ന കമ്പനികള്‍ക്കെതിരെ നടപടിയെടുക്കുന്നതിന്റെ ഭാഗമായാണ് ഓഹരി വ്യാപാരത്തില്‍നിന്ന് നീക്കുന്നത്. 

കമ്പനികള്‍ ഡീലിസ്റ്റ് ചെയ്യുന്നതോടെ മുഴുവന്‍സമയ ഡയറക്ടര്‍മാര്‍, പ്രൊമോട്ടര്‍മാര്‍ എന്നിവര്‍ക്ക് നിശ്ചിത കാലത്തേയ്ക്ക് ഓഹരി വ്യാപാരത്തില്‍ ഏര്‍പ്പെടുന്നതിന് വിലക്കുള്‍പ്പടെയുള്ളവ നേരിടേണ്ടിവരും. 

കേന്ദ്രത്തിന്റെ കണ്ടെത്തല്‍ പ്രകാരം രാജ്യത്ത് മൊത്തം 1.75 ലക്ഷം കമ്പനികള്‍ പേരിനു മാത്രമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ ഭൂരിഭാഗവും പത്തു വര്‍ഷമായി പേരിനു മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളൂവെന്നും കേന്ദ്രം കണ്ടെത്തിയിട്ടുണ്ട്.