ഇന്ത്യയിലെ രണ്ടാമത്തെ വലിയ പൊതുമേഖലാ എണ്ണക്കമ്പനിയായ ബി.പി.സി.എല്ലിനെ വിൽക്കുക തുച്ഛമായ വിലയ്ക്കെന്ന് സൂചന. കൊച്ചി റിഫൈനറി ഉൾപ്പെടെ നാല് എണ്ണശുദ്ധീകരണ ശാലകളിൽ നിന്നായി 3.83 കോടി ടൺ ക്രൂഡോയിൽ സംസ്കരിക്കാൻ ശേഷിയുള്ള ബി.പി.സി.എല്ലിന് എട്ടു ലക്ഷം കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് കണക്കാക്കുന്നത്. എന്നാൽ, ഇപ്പോഴത്തെ ഓഹരി വില അനുസരിച്ച് കമ്പനിയുടെ വിപണിമൂല്യം ഏതാണ്ട് 1.10 ലക്ഷം കോടി രൂപ മാത്രം.
കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ള 53.29 ശതമാനം ഓഹരികളാണ് വിറ്റൊഴിയുന്നത്. നിലവിലെ വിപണിവില അനുസരിച്ച് ഇതിന് ലഭിക്കുക 60,000 കോടി രൂപയിൽ താഴെ മാത്രമാണ്. 25 ശതമാനം പ്രീമിയം ലഭിച്ചാൽപ്പോലും വില 75,000 കോടി രൂപയിലൊതുങ്ങും.
ഗുജറാത്തിൽ ഒരു റിഫൈനറി മാത്രമുള്ള എസ്സാർ ഓയിലിനെ 2017-ൽ 86,000 കോടി രൂപയ്ക്കാണ് റഷ്യയിലെ റോസ്നെഫ്റ്റും പങ്കാളികളും ചേർന്ന് ഏറ്റെടുത്തത്. കടബാധ്യതയിൽപ്പെട്ട് ഉലഞ്ഞ എസ്സാറിന് ഉണ്ടായിരുന്നത് വെറും 3,500 ഇന്ധന പമ്പുകൾ മാത്രമായിരുന്നു. ആ സ്ഥാനത്താണ് 15,087 വിപണന കേന്ദ്രങ്ങളും 6,000 കോടി പാചകവാതക വിതരണ ഏജൻസികളും 52 എൽ.പി.ജി. ബോട്ടിലിങ് കേന്ദ്രങ്ങളും 56 വിമാന ഇന്ധന (എ.ടി.എഫ്.) വിതരണ കേന്ദ്രങ്ങളും 11 അനുബന്ധ കമ്പനികളുമുള്ള ബി.പി.സി.എല്ലിനെ തുച്ഛമായ വിലയ്ക്ക് വിൽക്കാൻ ശ്രമിക്കുന്നത്. ഇതിനുപുറമെ, കണ്ണൂർ വിമാനത്താവള കമ്പനിയിൽ 21.6 ശതമാനവും പെട്രോനെറ്റ് എൽ.എൻ.ജി.യിൽ 12.5 ശതമാനവും ഓഹരി ഉൾപ്പെടെ 22 സംയുക്ത സംരംഭങ്ങളുമുണ്ട്. 2018-19 സാമ്പത്തിക വർഷം 7,802 കോടിയും 2017-18-ൽ 9,008 കോടി രൂപയുമായിരുന്നു കമ്പനിയുടെ അറ്റാദായം. വാർഷിക വിറ്റുവരവ് 3.50 ലക്ഷം കോടി രൂപയ്ക്കടുത്താണ്.
മൂല്യനിർണയത്തിന് 50 ദിവസം
സ്വകാര്യവത്കരണത്തിന് മുന്നോടിയായി ബി.പി.സി.എല്ലിന്റെ മൂല്യനിർണയത്തിന് കേന്ദ്രം ഉടൻതന്നെ ഏജൻസിയെ ചുമതലപ്പെടുത്തും. ഇതിനായുള്ള താത്പര്യപത്രം ഈയാഴ്ച ക്ഷണിക്കും. ബി.പി.സി.എല്ലിന്റെ വിവിധ റിഫൈനറികളുടെയും പമ്പുകളുടെയും മറ്റ് ആസ്തികളുടെയും മൂല്യനിർണയം നടത്തി റിപ്പോർട്ട് നൽകാൻ 50 ദിവസത്തെ സമയമാകും ഇവർക്ക് ലഭിക്കുക. അതിനുശേഷമാകും ബി.പി.സി.എല്ലിന്റെ ഓഹരികൾക്കായി താത്പര്യപത്രം ക്ഷണിക്കുക. ഇത് രണ്ട് ഘട്ടങ്ങളായാകും പൂർത്തിയാക്കുക.
കൊച്ചി റിഫൈനറിക്ക് മാത്രം ഒന്നര ലക്ഷം കോടിയുടെ ആസ്തി
ബി.പി.സി.എല്ലിന്റെ ഏറ്റവും വലിയ എണ്ണശുദ്ധീകരണ ശാലയായ കൊച്ചി റിഫൈനറിക്ക് ഒന്നര ലക്ഷം കോടിയുടെ ആസ്തി മൂല്യമുണ്ടെന്നാണ് കരുതുന്നത്. എറണാകുളത്ത് അമ്പലമുകളിൽ ഏതാണ്ട് 1,500 ഏക്കറിലാണ് കൊച്ചി എണ്ണശുദ്ധീകരണ ശാല വ്യാപിച്ചുകിടക്കുന്നത്. വർഷം 1.55 കോടി ടൺ ക്രൂഡോയിൽ സംസ്കരിക്കാൻ ശേഷിയുള്ളതാണ് കൊച്ചി റിഫൈനറി. വിവിധ പെട്രോകെമിക്കൽ പദ്ധതികൾ ഉൾപ്പെടെ 33,000 കോടി രൂപയുടെ വികസന പദ്ധതികൾ ഇവിടെ പുരോഗമിക്കുന്നുണ്ട്.
റിലയൻസിന്റെ റിഫൈനറി ബിസിനസ് മേധാവി ഇന്ന് കൊച്ചിയിൽ
ബി.പി.സി.എല്ലിനെ സ്വകാര്യവത്കരിക്കാനുള്ള നീക്കം പുരോഗമിക്കുന്നതിനിടെ റിലയൻസ് ഇൻഡസ്ട്രീസിന്റെ റിഫൈനറി ബിസിനസ് വിഭാഗം പ്രസിഡന്റ് പി.രാഘവേന്ദ്രൻ തിങ്കളാഴ്ച കൊച്ചിയിൽ എത്തുന്നു. ബി.പി.സി.എല്ലിനെ ഏറ്റെടുക്കാൻ റിലയൻസ് ഇൻഡസ്ട്രിയും രംഗത്തുണ്ടാകുമെന്ന വാർത്തകൾക്കിടയിലാണ് സന്ദർശനം. ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനികളിലൊന്നായ ‘സൗദി അരാംകോ’യുമായി ചേർന്നാവും ബി.പി.സി.എല്ലിന്റെ ഓഹരികൾക്കായി റിലയൻസ് ബിഡ് ചെയ്യുകയെന്നാണ് അറിയുന്നത്. കേരള മാനേജ്മെന്റ് അസോസിയേഷൻ (കെ.എം.എ.) സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്ന രാഘവേന്ദ്രൻ കൊച്ചി റിഫൈനറി മേധാവികളുമായി രഹസ്യചർച്ച നടത്തുന്നുണ്ട്. റിഫൈനറി സന്ദർശിക്കുമോ എന്ന് വ്യക്തമല്ല.
roshan@mpp.co.in
content highlights: bpcl privatisation