മീപകാലത്തൊന്നുമുണ്ടായിട്ടില്ലാത്ത സമാനതകളില്ലാത്ത തകർച്ചക്കാണ് ഓഹരി വിപണി സാക്ഷ്യംവഹിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ വിപണി കരടികളുടെ പിടിയിലമർന്നു. സെൻസെക്‌സ് 1,500ലേറെ പോയന്റ് തകർന്നു. നിഫ്റ്റിക്ക് 400 പോയന്റും നഷ്ടമായി. 

റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി വില ഇടിഞ്ഞതും ബാങ്ക്, ധനകാര്യ ഓഹരികളുടെ തകർച്ചയുമാണ് സൂചികകളിലെ നഷ്ടത്തിന്റെ ആഭ്യന്തരകാരണങ്ങളായി പറയാൻ കഴിയുക. ദുർബലമായ ആഗോള സാഹചര്യങ്ങളും തകർച്ചയോടൊപ്പംനിന്നു.

പ്രധാന കാരണങ്ങൾ അറിയാം:

ചൈന
ചൈനയിലെ വ്യവസായികോത്പാദനം സ്ഥിരതനേടിയെങ്കിലും റീട്ടെയിൽ വില്പനയിലെ മാന്ദ്യം ഏഷ്യൻ വിപണികളിലെ ദുർബലാവസ്ഥക്ക് കാരണമായി. കഴിഞ്ഞവർഷം ഏപ്രിലിൽ റീട്ടെയിൽ വില്പന 17.7ശതമാനം ഉയർന്നിരുന്നു. 

വിദേശനാണ്യ കരുതൽശേഖരം
നവംബർ 12ന് അവസാനിച്ച ആഴ്ചയിൽ രാജ്യത്തെ വിദേശനാണ്യ കരുതൽ ശേഖരം 5677 കോടി രൂപ (763 മില്യൺ)കുറഞ്ഞ് 47,62,272 കോടി(640.112 ബില്യൺ ഡോളർ)യായി. സെപ്റ്റംബർ മൂന്നിന് അവസാനിച്ച ആഴ്ചയിൽ എക്കാലത്തെയും റെക്കോഡായ 47,84,595 കോടി (642.453 ബില്യൺ ഡോളർ)യിലെത്തിയിരുന്നു. 

റിയൻസ്, പേടിഎം തകർച്ച
സൗദി ആരാംകോയുമായുള്ള ഇടപാടുമായി ബന്ധപ്പെട്ട് റിലയൻസിന്റെ പുനർമൂല്യനിർണയം നടത്താൻ തീരുമാനിച്ചതാണ് ഓഹരി വിലയെ ബാധിച്ചത്. സമീപകാല ചരിത്രത്തിലെ ഏറ്റവുംമോശം ലിസ്റ്റിങ് പ്രകടനത്തിനുശേഷം പേടിഎമ്മിന്റെ ഓഹരി വിലയിൽ രണ്ടാംദിവസവും ഇടിവുണ്ടായി. ബിസിനസ് മോഡൽ വളർച്ചാസാധ്യതയുള്ളതല്ലെന്ന പ്രമുഖ ബ്രോക്കിങ് ഹൗസിന്റെ വിലയിരുത്തൽ ഓഹരി വിലയെ ബാധിച്ചു. 

പൊതുമേഖല ബാങ്ക്, റിയാൽറ്റി
പൊതുമേഖല ബാങ്ക്, റിയാൽറ്റി സൂചികകൾ 3-4ശതമാനം ഇടിഞ്ഞു. ബാങ്ക് ഓഫ് ബറോഡ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, പിഎൻബി, എസ്ബിഐ തുടങ്ങിയ ഓഹരികൾ തകർച്ചനേരിട്ടു. റിയാൽറ്റി ഓഹരികളിൽ, ശോഭ, ഒബ്‌റോയ്, പ്രസ്റ്റീജ് എസ്റ്റേറ്റ്, ബ്രിഗേഡ് എന്റർപ്രൈസസ്, ഗോദ്‌റേജ് പ്രോപ്പർട്ടീസ് എന്നിവയും നഷ്ടത്തിലായി. 

യൂറോപ്പിലെ കോവിഡ് വ്യാപന ഭീതിയും യുഎസിലെ പണപ്പെരുപ്പ വർധനവുമൊക്കെ നിലനിൽക്കെയാണ് തിങ്കളാഴ്ച വിപണിയിൽ ന്യൂനമർദം രൂപപ്പെട്ടത്. വ്യത്യസ്ത ആഗോള-ആഭ്യന്തര കാരണങ്ങൾ ദലാൽ സ്ട്രീറ്റിൽ അടുത്തെങ്ങുമില്ലാത്തരീതിയിൽ മാന്ദ്യംപടർത്തി. ഒരൊറ്റ സെക്ടറിനുപോലും തലപൊക്കാനായില്ല.