മാസങ്ങളായി സ്ഥിരതയാർജിച്ച വിപണി പെട്ടെന്നൊരുദിവസം കുതിച്ചു. നിഫ്റ്റി 16,000വും സെൻസെക്‌സ് 54,000വും മറികടക്കാൻ അധികസമയംവേണ്ടിവന്നില്ല. ഓഗസ്റ്റ് അഞ്ചിന് സെൻസെക്‌സ് 54,717.24വും നിഫ്റ്റി 16,349.45വും കീഴടക്കി. വ്യാപാര ആഴ്ച പിന്നിടുമ്പോൾ സെൻസെക്‌സിന് നേട്ടം 1,690.88(3.21ശതമാനം)പോയന്റും നിഫ്റ്റിക്ക് 475.15 പോയന്റുമാണ്.

ബിഎസ്ഇ ലാർജ് ക്യാപ് സൂചിക മൂന്നുശതമാനംകുതിച്ച് 6,308.32 എന്നപുതിയ ഉയരംകുറിച്ചു. പിരമൾ എന്റർപ്രൈസസ്, ഐഷർ മോട്ടോഴ്‌സ്, ഭാരതി എയർടെൽ, ഹൗസിങ് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപറേഷൻ, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയവ മികച്ചനേട്ടമുണ്ടാക്കി. 

ബിഎസ്ഇ മിഡ്ക്യാപും 23,478.8എന്ന റെക്കോഡ് നേട്ടം സ്വന്തമാക്കി. ചോളമണ്ഡലം ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഫിനാൻസ് കമ്പനി, അദാനി എന്റർപ്രൈസസ്, ടാറ്റ പവർ, ഗോദ്‌റേജ് ഇൻഡസ്ട്രീസ്, കണ്ടെയ്‌നർ കോർപറേഷൻ ഓഫ് ഇന്ത്യ തുടങ്ങിയവയാണ് സൂചികയെ ചലിപ്പിച്ചത്. സ്‌മോൾ ക്യാപും പിന്നിലായില്ല. റെക്കോഡ് നേട്ടത്തിൽ 27,323.18ലെത്തി. ഹിന്ദുസ്ഥാൻ ഓയിൽ എക്‌സ്‌പ്ലൊറേഷൻ, തേജസ് നെറ്റ് വർക്‌സ് തുടങ്ങിയ ഓഹരികൾ മികച്ചനേട്ടമുണ്ടാക്കി. 

വിപണിമൂല്യത്തിന്റെകാര്യത്തിൽ സെൻസെക്‌സിൽ ടിസിഎസാണ് മുന്നിലെത്തിയത്. എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയൻസ്, ഹൗസിങ് ഫിനാൻസ് ഡെവലപ്മന്റ് കോർപറേഷൻ തുടങ്ങിയവയുംനേട്ടമുണ്ടാക്കി. ബജാജ് ഫിൻസർവിന്റെയും അൾട്രടെക് സിമെന്റിന്റെയും മൂല്യത്തിൽ കുറവുമുണ്ടായി. 

സെക്ടറൽ സൂചികകളിൽ 3.5ശതമാനംനേട്ടവുമായി നിഫ്റ്റി ബാങ്ക് മുന്നിലെത്തി. നിഫ്റ്റി ഐടി, എനർജി സൂചികകൾ 2.5ശതമാനംവീതം ഉയർന്നു. അതേസമയം, നിഫ്റ്റി മീഡിയ നാലുശതമാനത്തിലേറെ നഷ്ടംനേരിട്ടു. 

നാലുമാസത്തെ ഓഹരി വിറ്റൊഴിയലിന് വിദേശ നിക്ഷേപകർ അറുതിയിട്ടു. കഴിഞ്ഞ വ്യാപാര ആഴ്ച 2,616.04 കോടി രൂപയുടെ ഓഹരികളാണ് ഇവർ വാങ്ങിയത്. മ്യൂച്വൽ ഫണ്ടുകൾ ഉൾപ്പടെയുള്ള ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 896.84 കോടി രൂപയും നിക്ഷേപിച്ചു. 

പോയവാരം ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ 26ശതമാനം നേട്ടമുണ്ടാക്കാനായി. ഓഗസ്റ്റ് ആറിന് 74.15 നിലവാരത്തിലായിരുന്നു ക്ലോസിങ്. മുൻ ആഴ്ച (ജൂലായ് 30)74.41ആയിരുന്നു മൂല്യം. 

വിപണിയുടെ നീക്കം
ഒരുവർഷത്തിനിടെ അഭൂതപൂർവമായ മുന്നേറ്റമാണ് വിപണിയിൽ രൂപപ്പെട്ടത്. നിഫ്റ്റി മിഡ് ക്യാപ് 80ശതമാനവും സ്‌മോൾ ക്യാപ് 108ശതമാനവുമാണ് ഉയർന്നത്. കുറഞ്ഞ പലിശനിരക്കും റീട്ടെയിൽ നിക്ഷേപകരുടെ എക്കാലത്തെയും മികച്ച പങ്കാളിത്തവും വിപണിയിലേക്കുളള പണമൊഴുക്കുമാണ് ഈനേട്ടത്തിന്റെ അടിസ്ഥാനം. 

investment

ഭാവിയിലേക്കുള്ള പ്രയാണത്തിന് ആഴത്തിൽ ആത്മപരിശോധനനടത്തേണ്ടകാലമെത്തിയിരിക്കുന്നു. എളുപ്പത്തിൽ പണമുണ്ടാക്കാവുന്ന ദിവസങ്ങളാണ് കഴിഞ്ഞുപോയത്. പിന്നിട്ട ഈകാലഘട്ടവുമായി താരതമ്യപ്പെടുത്തുമ്പോൾ മുന്നോട്ടുള്ള പാത നേർരേഖയിലായിരിക്കില്ല. അതായത് ടോപ്ഗിയറിൽ പോകാതെ കരുതലെടുത്തുവേണം മുന്നേറാനെന്ന് ചുരുക്കം. തിരഞ്ഞെടുത്ത സെക്ടറുകളിലും ഓഹരികളിലുമാകും ഇനിയങ്ങോട്ടുള്ള നേട്ടത്തിന്റെ പാതയൊരുങ്ങുക. 

വിലയിരുത്താൻ സമയമായി
എവിടെയാണെണ് പണമിപ്പോഴെന്ന് നിക്ഷേപകർ തിരിഞ്ഞുനോക്കുക. ഗുണനിലവാരമുള്ള ഓഹരികളിൽതന്നെയാണോയെന്ന് ഉറപ്പുവരുത്തുക. കോവിഡിനെതുടർന്നുള്ള ഏകീകരണത്തിന്റെ ഗുണഭോക്താവാകാൻ നിങ്ങളുടെ കമ്പനിക്ക് കഴിയുമോ? സ്ഥിരതായാർന്ന വരുമാനംനേടാനാകുമോ? സമ്പദ്ഘടനയുടെ വീണ്ടെടുക്കൽ സമയത്ത് ഉയർത്തെഴുന്നേൽക്കാൻ സഹായിക്കുന്ന ശക്തമായ ബാലൻസ് ഷീറ്റ് കമ്പനിക്കുണ്ടോ?- എന്നീകാര്യങ്ങൾ വിലയിരുത്തി പോർട്ട്‌ഫോളിയോ ക്രമീകരിക്കുക.  

സമ്പദ്ഘടന വീണ്ടെടുക്കലിന്റെ പാതയിലെത്തിയതായി സൂചനകളുണ്ട്. വിപണിയുടെ മുന്നേറ്റത്തിന് സാമ്പത്തികവളർച്ചയുമായി അഭേദ്യമായബന്ധമുണ്ടെന്നുള്ളകാര്യം സുവ്യക്തമാണ്. പലിശ നിരക്ക് തിടുക്കത്തിൽ ഉയരാൻ സാധ്യതയില്ലെന്നത് ഓഹരി വിപണിക്ക് അനുകൂല സാഹചര്യമാണൊരുക്കുന്നത്. അതുകൊണ്ടുതന്നെ മിഡ്ക്യാപുകളും സ്‌മോൾ ക്യാപുകളും മികച്ചപ്രകടനംതന്നെ കാഴ്ചവെക്കാം. 

സാമ്പത്തിക പുനരുജ്ജീവനത്തിന്റെ പിന്തുണയോടെ വരുമാനവളർച്ചയുടെ നേർപാതയിലേക്ക് വിപണി പ്രവേശിക്കാൻ സാധ്യതയുണ്ട്. ശ്രദ്ധയോടെ വാഹനമോടിക്കേണ്ട സമയമാണിത്. അതുകൊണ്ട് സുരക്ഷക്കുതന്നെ മുൻതൂക്കംകൊടുക്കാം. സാമ്പത്തിക ബാധ്യത, ദുർബലമായ സാമ്പത്തിക സ്ഥിതി, കുറഞ്ഞ മത്സരശേഷി, സ്ഥിരതയില്ലാത്ത വളർച്ച എന്നിവയുള്ള കമ്പനികളെ പോർട്ട്‌ഫോളിയോയിൽനിന്ന് പുറത്താക്കുക. 

ചരിത്രം ആവർത്തിക്കുമെന്ന് ഒരുറപ്പുമില്ല. അതുകൊണ്ടുതന്നെ വരാനിരിക്കുന്ന അദൃശ്യമായ സാധ്യതകൾക്കായി തയ്യാറായിരിക്കേണ്ടതുണ്ട്. അത്യാഗ്രവും ഭയവുമല്ല മുന്നോട്ടുള്ള നീക്കങ്ങളെ നയിക്കേണ്ടത്. പ്രയാണത്തിന് മുതൽക്കൂട്ടാകേണ്ടത് ഈ വസ്തുതകളാകട്ടെ.