പ്രിൽ ഒമ്പതിന് ആവസാനിച്ച വ്യാപാര ആഴ്ച കനത്ത ചാഞ്ചാട്ടത്തിന്റേതായിരുന്നു. രാജ്യത്ത് കോവിഡ് വ്യാപനതോത് ഉയർന്നതും വാക്‌സിൻ വിതരണത്തിലെ തടസ്സവും ആർബിഐയുടെ വായ്പനയ പ്രഖ്യാപനവുംമൊക്കെയാണ് വിപണിയെ സ്വാധീനിച്ചത്. 

സ്‌മോൾ ക്യാപുകളുടെ മുന്നേറ്റമാണ് കഴിഞ്ഞയാഴ്ച ശ്രദ്ധേയമായത്. ബിഎസ്ഇ സ്‌മോൾ ക്യാപ് സൂചിക 2.5ശതമാനമാണ് നേട്ടമുണ്ടാക്കിയത്. ബിഎസ്ഇ മിഡ്ക്യാപ് സൂചികയാകട്ടെ 1.2ശതമാനവും ഉയർന്നു. 

പിഐ ഇൻഡസ്ട്രീസ്, സെയിൽ, ഇൻഫോ എഡ്ജ് ഇന്ത്യ, ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ, ഗ്ലെൻമാർക്ക് ഫാർമ തുടങ്ങിയ ഓഹരികളാണ് മിഡ്ക്യാപ് സൂചികയെ ചലിപ്പിച്ചത്. 5 മുതൽ 10 ശതമാനംവരെ ഈ ഓഹരികൾ നേട്ടമുണ്ടാക്കി.

stock market

ലാർജ് ക്യാപിലാകട്ടെ കാര്യമായ മുന്നേറ്റമൊന്നുമുണ്ടായില്ല. എങ്കിലും സെൻസെക്‌സിൽ ടിസിഎസാണ് മികച്ചനേട്ടമുണ്ടാക്കിയത്. വിപണിമൂല്യത്തിൽ 58,659 കോടികൂടി ചേർക്കാൻ ഐടി ഭീമനായി. ഇൻഫോസിസിന്റെ മൂല്യത്തിൽ 23,625 കോടിയും ഹിന്ദുസ്ഥാൻ യുണിലിവറിന്റെമൂല്യത്തിൽ 17,974 കോടി രൂപയും ഭാരതി എയർടെലിന്റെ മൂല്യത്തിൽ 13,428 കോടിയും വർധിച്ചു. 

അതേസമയം, എച്ച്ഡിഎഫ്‌സി ബാങ്കിന് 35,750 കോടിയും റിലയൻസിന് 25,168 കോടി രൂപയും ബജാജ് ഫിനാൻസിന് 23,910 കോടി രൂപയും വിപണിമൂല്യത്തിൽനിന്ന് നഷ്ടമായി. സെക്ടറൽ സൂചികകൾ പരിശോധിച്ചാൽ, മെറ്റൽ സൂചികയാണ് കുതിപ്പിൽ മുന്നിലെത്തിയത്. 6.6ശതമാനമാണ് നേട്ടം. നിഫ്റ്റി ഐടി സൂചിക 5.3ശതമാനവും ഫാർമ അഞ്ച് ശതമാനവും നേട്ടമുണ്ടാക്കി. 

stock market

വരും ആഴ്ച
കോവിഡിന്റെ വ്യാപനം വിപണിയെ തളർത്തിയെങ്കിലും റിസർവ് ബാങ്കിന്റെ പ്രഖ്യാപനങ്ങളാണ്‌ പിടിച്ചുനിൽക്കാൻ തുണയായത്. വരാനിരിക്കുന്ന നാലാം പാദത്തിലെ പ്രവർത്തനഫലങ്ങൾ മുന്നോട്ടുള്ള പ്രയാണത്തിന് സൂചികകൾക്ക് കരുത്തേകുമെന്നുതന്നെയാണ് വിലയിരുത്തൽ. 

കോവിഡിന്റെ പിടിയിൽനിന്ന് ഘട്ടംഘട്ടമായി വിമുക്തമാകുന്നതിന്റെ ഫലമാകും മാർച്ച് പാദത്തിലെ പ്രവർത്തനറിപ്പോർട്ടുകളിൽ പ്രതിഫലിക്കുക. എങ്കിലും കോവിഡ് കേസുകളിലെ ക്രമാതീതമായ വർധന ഭീഷണിയുയർത്തുന്നുമുണ്ട്. അതുകൊണ്ട് കരുതലോടെയാകണം ഓരോ ചുവടുവെയ്പ്പും.