Photo:Gettyimages
ലോകത്തെ ഏറ്റവും മൂല്യമേറിയ ഓഹരി വിപണിയാണ് ഇന്ത്യയുടേത്. ഡോളര്‍ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ എംഎസ്സിഐ സൂചിക വികസ്വര വിപണികളുടെ എംഎസ്സിഐയേക്കാളും ആഗോള എംഎസ്സിഐയേക്കാളും യഥാക്രമം 43 ശതമാനം, 92 ശതമാനം പ്രീമിയത്തിലാണ് വിപണനം നടത്തുന്നത്. ഇതര വിപണികളില്‍ കുറഞ്ഞ നിലവാരത്തിലാണ് ട്രേഡിംഗ് നടക്കുന്നത്. അഭ്യന്തര വിപണിയുടെ ഭാവിയിലെ മുന്നേറ്റത്തെ ഇത് ദോഷകരമായി ബാധിച്ചേക്കാം.
വികസിത വിപണികളിലും വികസ്വര വിപണികളിലും കൂടുതല്‍ പണം നിക്ഷേപിക്കുന്നത് യുക്തിസഹമാണ്. കാരണം ഇന്ത്യയും ഇതര വിപണികളും തമ്മിലുള്ള വില വ്യത്യാസം വല്ലാതെ കൂടിയിരിക്കുന്നു. 2024ല്‍ അഭ്യന്തര സമ്പദ് വ്യവസ്ഥ മന്ദഗതിയിലാകുമെന്നാണ് പ്രവചിക്കപ്പെട്ടിട്ടുളളത്. 2024ല്‍ ഇന്ത്യയ്ക്ക് 6 ശതമാനം വളര്‍ച്ചയാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്. ഇത് യഥാക്രമം 2023 സാമ്പത്തിക വര്‍ഷം 6.8 ശതമാനവും 2022 സാമ്പത്തിക വര്‍ഷം 8.7 ശതമാനവുമായിരുന്നു.
വിദേശ നിക്ഷേപകര്‍ക്ക് ഒരു രാജ്യത്തുനിന്ന് മറ്റൊരു രാജ്യത്തേക്ക് പണംമാറ്റുന്നതിന് പല വഴികളുമുണ്ട്. അഭ്യന്തര നിക്ഷേപകരെ സംബന്ധിച്ചേടത്തോളം ഇതത്ര എളുപ്പമല്ല. എങ്കിലും വിദേശ ഓഹരികളിലും ഫണ്ടുകളിലും നിക്ഷേപിക്കാന്‍ വഴികളുണ്ട്. ഇന്ത്യയുടെ പ്രകടനം മോശമാകുമെന്ന സാധ്യത ഉയരുമ്പോള്‍ ചെറുകിട നിക്ഷേപകര്‍ എന്താണ് പ്രതീക്ഷിക്കേണ്ടതെന്നും എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്നും നോക്കാം:
ഒന്നാമതായി മനസിലാക്കേണ്ടത്, വികസ്വര വിപണികളെക്കുറിച്ചുള്ള പൊതുകാഴ്ചപ്പാട് മെച്ചപ്പെട്ടിട്ടുണ്ട് എന്നതാണ്. പൊതുവേ, 2023ല്‍ വികസ്വര സമ്പദ് വ്യവസ്ഥകള്‍ വളരുമെന്നാണ് കരുതുന്നത്. ഐഎംഎഫ് 2022 ഒക്ടോബറില്‍ പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് വികസ്വരമായ ഏഷ്യയുടെ ജിഡിപി 2022ലെ 4.4 ശതമാനത്തില്‍നിന്ന് 2023ല്‍ 4.9 ശതമാനമായി ഉയരും. കര്‍ശന കോവിഡ് വ്യവസ്ഥകളില്‍ അയവു വരുന്നതോടെ ചൈനീസ് സമ്പദ് വ്യവസ്ഥ കുതിയ്ക്കുമെന്നാണ് വിലയിരുത്തല്‍. അതുപോലെ ദക്ഷിണ കിഴക്കനേഷ്യയും മികച്ച പ്രകടനത്തിലൂടെ സ്ഥിതി മെച്ചപ്പെടുത്തുകയും വികസ്വര വിപണികളുടെ മൊത്തത്തിലുള്ള കുതിപ്പിനു കാരണമാവുകയും ചെയ്യും. ഇന്ത്യയ്ക്ക് വലിയ പ്രതീക്ഷയാണ് ഈ കണക്കുകള്‍ നല്‍കുന്നത്. പ്രകടനം മോശമായാലും വിപരീത ദിശയിലേക്കു നീങ്ങാതെ മിതമായ ലാഭമുണ്ടാക്കാന്‍ കഴിയുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
രണ്ടാമതായി, വിസ്വര വിപണികള്‍ മെച്ചപ്പെടുന്നതോടെ ആഗോളതലത്തില്‍ വിതരണ തടസങ്ങള്‍ നീങ്ങും. മഹാമാരിയെത്തുടര്‍ന്നു രൂപപ്പെട്ട വിതരണ തടസങ്ങള്‍ 2022ല്‍ റഷ്യ-യുക്രൈന് യുദ്ധം തുടങ്ങിയതോടെ രൂക്ഷമാവുകയായിരുന്നു. ഇതിന്റെ പ്രതിഫലനം കുറയുകയാണെന്ന് ഉല്പന്ന വിലകളിലുണ്ടായ ഇടിവില്‍നിന്നു മനസിലാക്കാം. ഭൂരിപക്ഷം വികസ്വര രാജ്യങ്ങളും വന്‍തോതില്‍ ഇറക്കുമതിയും ഉല്പന്നങ്ങളുടെ വിപണനവും നടത്തുന്നവരാണ്. വിലക്കയറ്റം കുറഞ്ഞതും വിതരണം മെച്ചപ്പെട്ടതും വികസ്വര വിപണികള്‍ക്കു ഗുണകരമാണ്. ഇന്ത്യയെ സംബന്ധിച്ചേടത്തോളം ക്രൂഡോയിലിന്റേയും ലോഹങ്ങളുടേയും വില കുറഞ്ഞത് ലാഭം വര്‍ധിക്കാന്‍ ഇടയാക്കും.
മൂന്നാമതായി, സാമ്പത്തിക പ്രതിസന്ധി അവസാനിക്കുന്നതോടെ മൊത്തത്തില്‍ വികസ്വര രാജ്യങ്ങളിലെ ഓഹരി വിപണികളുടെ വാല്യുവേഷന് മെച്ചപ്പെടും. ഇത് ഓഹരികള്‍ വാങ്ങാനുള്ള താല്പര്യം വര്‍ധിപ്പിക്കും. വികസ്വര വിപണികളിലെ എംഎസ്സിഐ വാല്യുവേഷന് 11.3ഃ ആണ്. ദീര്‍ഘകാല ശരാശരിയെ അപേക്ഷിച്ച് ഇത് 25 ശതമാനം താഴെയാണ്. പൊതുവേ, വികസ്വര വിപണിയുടെ പ്രധാന ഭാഗമെന്ന നിലയ്ക്ക് വിപണിയുടെ ഗുണപരമായ ചലനങ്ങള്‍ ഇന്ത്യയ്ക്കു ഗുണംചെയ്യും. എന്നാല്‍ കൂടിയ വാല്യുവേഷന് കാരണം ഹ്രസ്വ കാലയളവില്‍ മോശം പ്രകടനത്തിനു സാധ്യതയുണ്ട്. എങ്കിലും ദീര്ഘപ്രതിരോധ ശേഷിയുള്ള ഇന്ത്യയ്ക്ക് ലാഭമേ ഉണ്ടാകൂ. വിദേശത്തുനിന്നുള്ള ഓഹരി നിക്ഷേപങ്ങളില്‍ കുറവുവന്നാലും ചെറുകിടക്കാരുടേയും നേരിട്ടു നിക്ഷേപിക്കുന്നവരുടേയും പിന്തുണയോടെ പിടിച്ചു നില്‍ക്കാനും കഴിയും.
ഇന്ത്യയുടെ മോശം പ്രകടനത്തെക്കുറിച്ച് ചെറുകിട നിക്ഷേപകന് ഉത്കണ്ഠപ്പെടേണ്ട സാഹചര്യമില്ല. മിതമായ പ്രതീക്ഷകളോടെ ഇന്ത്യയില്‍തന്നെ നിക്ഷേപം തുടരുകയാണു വേണ്ടത്. ഹ്രസ്വകാലത്ത് ഏകീകരണമുണ്ടായാലും കൂടുതല്‍ വാങ്ങാനുള്ള അവസരമാക്കി അതുപ്രയോജനപ്പെടുത്താം. മാന്ദ്യ ഭീതി ദീര്‍ഘമായ നിശ്ചലതയിലേക്കു വികസിച്ചാലും 2023 ലെ കേന്ദ്ര ബജറ്റില്‍ അത്ഭുതങ്ങള്‍ സംഭവിച്ചാലും തിരുത്തലിന് സാധ്യതയുണ്ട്. 2024 ലെ പൊതു തിരഞ്ഞെടുപ്പിനുശേഷവും വിപണിയില്‍ തിരിച്ചടിയുണ്ടായേക്കാം.
നിക്ഷേപിക്കുമ്പോള്‍ പുലര്‍ത്തേണ്ട പ്രധാന ജാഗ്രത കൂടിയ വിലയുള്ള ഓഹരികളും ഉയര്‍ന്ന മൂല്യത്തിലുള്ള മേഖലകളും ഒഴിവാക്കുക എന്നതാണ്. മാന്ദ്യകാലത്തെ പതനത്തില്‍ ഗുണമുണ്ടാകുന്ന മേഖലകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. കടപ്പത്രങ്ങളില്‍ മതിയായ നിക്ഷേപം നടത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം. കാരണം അവ പ്രതിവര്‍ഷം 7.5 ശതമാനം മുതല്‍ 10 ശതമാനം വരെ ലാഭംനല്കും.
(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകന്‍)
Content Highlights: Avoid Expensive Stocks: Take advantage of recessionary opportunities
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..