കോവിഡ് വ്യാപനംമൂലമുള്ള അടച്ചിടലൊന്നും ഈ ഓഹരിക്ക് തടസ്സമായില്ല. രണ്ടുവര്‍ഷംകൊണ്ട് നിക്ഷേപകര്‍ക്ക് നല്‍കിയത് 1000ശതമാനത്തിലേറെ ആദായം. അദാനി ഗ്രീന്‍ എനര്‍ജിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. 

ലോകത്തെ ഏറ്റവും വലിയ സൗരോര്‍ജ പദ്ധതിയുടെ കരാര്‍കൂടി ലഭിച്ചതോടെ കോവിഡ് കാലത്തും ഓഹരി വില കുതിച്ചു. 8000 മെഗാവാട്ടിന്റെ പ്ലാന്റ് നിര്‍മിക്കുന്നതിനാണ് പൊതുമേഖസ സ്ഥാപനമായ സോളാര്‍ എനര്‍ജി കോര്‍പറേഷന്‍ അദാനി ഗ്രീന്‍ എനര്‍ജിക്ക് 45,000 കോടി രൂപയുടെ കരാര്‍ നല്‍കിയത്. 

തുടക്കത്തില്‍ 29.40 രൂപയായിരുന്ന ഓഹരിയുടെ വില എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 328.35 നിലവാരത്തിലെത്തിയത് കഴിഞ്ഞദിവസമാണ്. പുതിയ കരാര്‍ ലഭിച്ചതോടെ രണ്ടു വ്യാപാര ദിനങ്ങിളിലായി ഓഹരിവില അപ്പര്‍ സര്‍ക്യൂട്ട് ഭേദിക്കുകയും ചെയ്തു.

2021ല്‍ 1,300 മെഗാവാട്ടിന്റെ പദ്ധതി പൂര്‍ത്തിയാക്കാനാണ് അദാനി ഗ്രീന്‍ എനര്‍ജി ലക്ഷ്യമിടുന്നത്. നടപ്പ് സാമ്പത്തികവര്‍ഷം 1,100-1,500 മെഗാവാട്ടിന്റെ വിന്‍ഡ്, സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കും. ഇതിനായി 10,000 കോടി രൂപയാണ് കമ്പനി ചെലവഴിക്കുക. 

ഓഹരി വില കുതിച്ചതോടെ അദാനി ഗ്രീന്‍ എനര്‍ജിയുടെ വിപണമൂല്യം 44,450 കോടിയായി ഉയര്‍ന്നു. 2020 മാര്‍ച്ച് പാദത്തില്‍ 55.64 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി നേടിയത്. കഴിഞ്ഞവര്‍ഷം ഇതേപാദത്തില്‍ 94.08 കോടിരൂപ നഷ്ടമുണ്ടാക്കിയസ്ഥാനത്താണിത്. 

അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി അദാനി എന്റര്‍പ്രൈസസിന്റെ ഭാഗമായിരുന്നു. 2018 ജൂണ്‍ 18നാണ് മറ്റൊരുകമ്പനിയായിമാറി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നത്. 

കമ്മോഡിറ്റി ട്രേഡിങ് ബിസിനസിനായി ഗൗതം അദാനിയാണ് അഹമ്മദാബാദ് ആസ്ഥാനമായി അദാനി ഗ്രൂപ്പ് സ്ഥാപിച്ചത്. ഊര്‍ജം, കാര്‍ഷികം, ലോജിസ്റ്റിക്‌സ്, റിലയല്‍ എസ്‌റ്റേറ്റ്, ധനകാര്യം, വ്യോമയാനം, പ്രതിരോധം തുടങ്ങി നിരവധിമേഖലകളിലേയ്ക്ക് കമ്പനിയുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചത് പിന്നീടാണ്. 

മുന്നറിയിപ്പ്: ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. കഴിഞ്ഞകാലത്തെ നേട്ടം ഭാവിയില്‍ ആവര്‍ത്തിക്കണമെന്നില്ല. 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരത്തിലായതിനാല്‍ അദാനി ഗ്രീന്‍ എനര്‍ജിയുടെ ഓഹരിയില്‍ കരുതലോടെവേണം നിക്ഷേപിക്കാന്‍. ഓഹരിയില്‍ നിക്ഷേപിക്കുന്നതിനുള്ള ശുപാര്‍ശയായി ഇതിനെ കരുതേണ്ടതില്ല.