മുംബൈ: നടപ്പ് സാമ്പത്തിക വര്‍ഷം വിപണിയില്‍ ലിസ്റ്റ് ചെയ്ത 15 കമ്പനികളില്‍ 10 കമ്പനികള്‍ ലിസ്റ്റ് ചെയ്ത വിലയേക്കാള്‍ താഴ്ന്ന നിലവാരത്തിലാണ്. 53ശതമാനത്തിലേറെ താഴെ നിലവാരത്തിലാണ് ചില കമ്പനികളുടെ ഓഹരികളില്‍ വ്യാപാരം നടക്കുന്നത്.

നിക്ഷേപകരുടെ കാര്യമായ പ്രതികരണം ലഭിക്കാതിരുന്നതിനെതുടര്‍ന്ന് ഇന്‍ഫ്ര കമ്പനിയായ ദിനേഷ് എന്‍ജിനിയേഴ്‌സ് ഐപിഒയില്‍നിന്ന് കഴിഞ്ഞമാസം പിന്‍മാറി. 

ലിസ്റ്റ് ചെയ്ത 15 കമ്പനികളില്‍ 10ഉം ഐപിഒ വിലയെക്കാല്‍ താഴ്ന്ന നിലവാരത്തിലാണ്. ഐസിഐസിഐ സെക്യൂരിറ്റീസാണ് ഏറെ താഴെപ്പോയത്. ഇഷ്യു വിലയായ 520 രൂപയില്‍നിന്ന് 53.20 ശതമാനമാണ് നഷ്ടം.

572 രൂപയ്ക്ക് ലിസ്റ്റ് ചെയ്ത ഇന്‍ഡോ സ്റ്റാര്‍ ക്യാപിറ്റല്‍ ഫിനാന്‍സിന്റെ നഷ്ടം 45.39 ശതമാനമാണ്. വിപണിയില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ കഴിയാതിരുന്നതും ഈയിടെയുണ്ടായ തിരുത്തലുമാണ് ഓഹരികള്‍ക്ക് തിരിച്ചടിയായയത്. 

185 രൂപയ്ക്ക് ലിസ്റ്റ് ചെയ്ത റൈറ്റ്‌സ് 45.94ശതമാനം നഷ്ടത്തിലാണ്. കെമിക്കല്‍ കമ്പനിയായ ഫൈന്‍ ഓര്‍ഗാനിക് ഇന്‍ഡസ്ട്രീസ് 42.91 ശതമാനമാണ് താഴ്ന്നത്. കമ്പനി 783 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തത്.

ഈവര്‍ഷം ഓഗസ്റ്റിനുശേഷം സെന്‍സെക്‌സിലുണ്ടായ നഷ്ടം 8.81ശതമാനമാണ്. 3,407.39 പോയന്റാണ് താഴെപ്പോയത്. 

(പി.ടി.ഐ വാര്‍ത്താ ഏജന്‍സി)