കോഴിക്കോട്: സ്വന്തമായൊരു സ്ഥാപനം തുടങ്ങാന്‍ മോഹിച്ച കരുവിശ്ശേരിയിലെ എന്‍.പി. വിഷ്ണുപ്രസാദ് അതിനുള്ള മാര്‍ഗങ്ങള്‍ അന്വേഷിച്ചുവരുന്‌പോഴാണ് പ്രധാനമന്ത്രിയുടെ തൊഴില്‍ദാന പദ്ധതിയെക്കുറിച്ച് അറിയുന്നത്. ഡി.ടി.പി. കോഴ്‌സും പോളിടെക്‌നിക്കില്‍നിന്ന് ഡേറ്റാ എന്‍ട്രി കോഴ്‌സും കഴിഞ്ഞ 23-കാരനായ വിഷ്ണുവിന് ഡി.ടി.പി., ഫോട്ടോസ്റ്റാറ്റ് സെന്റര്‍ തുടങ്ങി വിജയിപ്പിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നു.

ജില്ലാതലകര്‍മസമിതി അംഗീകരിച്ച പദ്ധതി
വിഷ്ണുപ്രസാദ് സമര്‍പ്പിച്ച പ്രോജക്ട് റിപ്പോര്‍ട്ട് വ്യവസായകേന്ദ്രത്തിനുകീഴിലെ ജില്ലാതലകര്‍മസമിതി അംഗീകരിച്ചിട്ടുണ്ട്. വ്യവസായകേന്ദ്രം പദ്ധതിക്കുവേണ്ട എല്ലാനടപടിക്രമങ്ങളും പൂര്‍ത്തിയാക്കി നല്‍കിയിട്ടുണ്ട്. ബാങ്ക് വായ്പ നിഷേധിച്ചതാണ് സംരംഭം തുടങ്ങുന്നതിന് തടസ്സം.

- സി.പി.എം. ഹൈറുനിസ
(ജില്ലാ വ്യവസായകേന്ദ്രം മാനേജര്‍)

സ്ഥാപനം തുടങ്ങാന്‍ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി ക്വട്ടേഷനും യോഗ്യതാ സര്‍ട്ടിഫിക്കറ്റും ജില്ലാവ്യവസായകേന്ദ്രത്തില്‍ സമര്‍പ്പിച്ച് വായ്പയ്ക്കായി ബാങ്കിനെ സമീപിച്ചപ്പോള്‍ ബാങ്ക് മുഖംതിരിച്ചു. ആറുമാസം നഷ്ടപ്പെട്ടതിനുപുറമേ വിഷ്ണുപ്രസാദ് ഇപ്പോള്‍ 50,000 രൂപയ്ക്ക് കടക്കാരനുമായി. പ്രധാനമന്ത്രിയുടെ തൊഴില്‍ദാനപദ്ധതിയിലേക്ക് 2017 ഓഗസ്റ്റിലാണ് ഓണ്‍ലൈനായി അപേക്ഷിച്ചത്. ജില്ലാവ്യവസായകേന്ദ്രത്തില്‍നിന്ന് ഇന്റര്‍വ്യൂവിനും ക്ഷണിച്ചു. ജില്ലാവ്യവസായകേന്ദ്രം പ്രോജക്ട് അംഗീകരിച്ച് പദ്ധതിക്കുള്ള വായ്പയ്ക്കായി കാരപ്പറമ്പിലെ ഗ്രാമീണബാങ്ക് ശാഖയെ സമീപിക്കാന്‍ നിര്‍ദേശിച്ചു.

സ്ഥാപനം തുടങ്ങാന്‍ ആദ്യം ഒരു കടമുറി കണ്ടെത്തി അത് അഞ്ചുവര്‍ഷത്തേക്ക് വാടകയ്‌ക്കെടുത്ത എഗ്രിമെന്റ്് വേണമെന്ന് ബാങ്ക് നിര്‍ദേശിച്ചു. കരുവിശ്ശേരിയില്‍ ഒരു കെട്ടിടത്തിന്റെ ഒന്നാംനിലയില്‍ മുറി കണ്ടെത്തി. 2000 രൂപ അടച്ച് ബാങ്കില്‍ കറന്റ് അക്കൗണ്ട് തുടങ്ങണമെന്ന് പറഞ്ഞു. അതും ചെയ്തു. കോര്‍പ്പറേഷനില്‍നിന്ന് ഡി ആന്‍ഡ് ഒ ലൈസന്‍സ് എടുക്കണമെന്നാവശ്യപ്പെട്ടു. ഒരു വര്‍ഷത്തേക്കുള്ള ഫീസ് അടച്ച് ലൈസന്‍സ് നേടി.

എല്ലാരേഖകളും അടങ്ങുന്ന ഫയല്‍ ബാങ്കിന്റെ റീജണല്‍ ഓഫീസിലേക്ക് അയച്ചു. കംപ്യൂട്ടറും മറ്റ് ഉപകരണങ്ങളും വാങ്ങാന്‍ വായ്പ ഉടന്‍ ലഭിക്കുമെന്ന് വിശ്വസിച്ച് കടമുറിക്കുമുന്നില്‍ ഉടന്‍ തുറക്കുമെന്നറിയിക്കുന്ന ബാനറും കെട്ടി. 2.35 ലക്ഷം രൂപയുടെ വായ്പയ്ക്കായി വീണ്ടും പലതവണ ബാങ്കില്‍ കയറിയിറങ്ങി. ഒരുമാസം കഴിഞ്ഞപ്പോഴാണ് വായ്പ നിരസിച്ചതായി ബാങ്ക് അറിയിക്കുന്നത്. സ്ഥാപനം സ്വന്തമായി നടത്താനുള്ള ശേഷി ഇല്ലെന്ന കാരണംപറഞ്ഞാണ് അപേക്ഷ നിരസിച്ചത്.

30,000 രൂപ അഡ്വാന്‍സ് നല്‍കിയെടുത്ത കടമുറിക്ക് നാല് മാസമായി 3500 രൂപവെച്ച് വാടക നല്‍കുന്നു. മറ്റുചെലവുകള്‍ ഉള്‍പ്പെടെ ഇതുവരെ 50,000 രൂപ ചെലവായി.

പഠനവൈകല്യമുള്ള വിഷ്ണുപ്രസാദിന് സാധാരണപോലെ സംസാരിക്കാന്‍ കഴിയില്ല. ഇതുകാരണമാണ് ബാങ്ക് വായ്പ നിഷേധിച്ചതെന്ന് അച്ഛന്‍ എന്‍.പി. പാര്‍ഥന്‍ പറയുന്നു. വായ്പനല്‍കുന്നതില്‍ പ്രയാസമുണ്ടായിരുന്നെന്ന് ആദ്യമേ പറഞ്ഞിരുന്നെങ്കില്‍ 50,000 രൂപ വെറുതേ മുടക്കേണ്ടിവരില്ലായിരുന്നുവെന്നും പാര്‍ഥന്‍ പറയുന്നു.

പദ്ധതി വിജയിപ്പിക്കാനാവില്ല
സംരംഭം വിജയിപ്പിക്കാനും വായ്പ തിരിച്ചടയ്ക്കാനും വിഷ്ണുപ്രസാദിന് സാധിക്കില്ലെന്ന് കണ്ടതിനാലാണ് വായ്പ നിഷേധിച്ചത്. ഇതേസംരംഭത്തിന് വിഷ്ണുപ്രസാദിന്റെ അമ്മ എം. സജിനി അപേക്ഷ പുതുക്കിനല്‍കിയിട്ടുണ്ട്. ഇത് ബാങ്ക് പരിശോധിച്ചുവരികയാണ്.

-ഗ്രാമീണ്‍ ബാങ്ക് മാനേജര്‍