ഒരു ഓഫീസ് തുടങ്ങാൻ വേണ്ടി ഒന്നുകിൽ ഒരു കെട്ടിടം വാടകയ്ക്കെടുക്കും അല്ലെങ്കിൽ സ്വന്തമായി ഒരു കെട്ടിടം പണി കഴിപ്പിക്കും. കെട്ടിടം കൊണ്ട് മാത്രമാകുന്നില്ല അതിനായുള്ള ഫർണിച്ചർ, കംപ്യൂട്ടറുകൾ, ടെലിഫോണുകൾ, വൈദ്യുതി തുടങ്ങി ഒരു നീണ്ട നിര തന്നെ വേണം. ഇതിനൊക്കെയുള്ള ചെലവ് ആണെങ്കിൽ കൈയിൽ ഒതുങ്ങുകയുമില്ല. എന്നാൽ ഇപ്പോൾ യുവ സംരംഭകർക്ക് ഇതിന്റെയൊന്നും ആവശ്യമില്ല. ഒരു ലാപ്‌ടോപ് കംപ്യൂട്ടറും ഇന്റർനെറ്റ് കണക്‌ഷനും മതി ഒരു ഓഫീസ് പ്രവർത്തിപ്പിക്കാൻ.

ഇത്തരത്തിലുള്ള യുവ സംരംഭകരുടെ കടന്നുവരവോടെ രൂപപ്പെട്ടതാണ് കോ-വർക്കിങ് (സഹപ്രവർത്തന) സമ്പ്രദായവും വെർച്വൽ (സാങ്കൽപിക) ഓഫീസ് സമ്പ്രദായവും. അമേരിക്ക, യൂറോപ്പ്‌ എന്നിവിടങ്ങളിലും, ഇന്ത്യയിൽ ബെംഗളൂരു, ഡൽഹി, ചെന്നൈ തുടങ്ങിയ നഗരങ്ങളിലും വിജയം കൈവരിച്ച ഇത്തരം ഇടങ്ങൾ ഇന്ന് കേരളത്തിലും ജനശ്രദ്ധ നേടിവരികയാണ്. ഏറ്റവും ചെലവ് കുറവിൽ പ്രവർത്തിക്കുന്ന രീതിയായതിനാൽ കേരളത്തിലെ ചെറു സ്റ്റാർട്ട്അപ്പ് സംരംഭകർക്ക് ആശ്വാസമായി മാറുകയാണ് ഇത്.

പല മേഖലകളിൽ അറിവുള്ള ഒരുപാട് പേർ ഒരു ഓഫീസിൽ തന്നെ സ്വതന്ത്രമായി പ്രവർത്തിക്കുന്ന രീതിയാണ് കോ-വർക്കിങ് സമ്പ്രദായം. ഇതിൽ തന്നെ പ്രത്യേകം സീറ്റ് മാത്രം ഉപയോഗിച്ച് ജോലി ചെയ്യുന്നവരുമുണ്ട്. അഡ്രസ്സും ഫോൺ നമ്പറും ഫാക്‌സും ആവശ്യമെങ്കിൽ ഫോൺ എടുക്കാനായി റിസപ്ഷനിസ്റ്റിന്റെ സേവനം വരെ ലഭ്യമാക്കുന്ന ഇടങ്ങളുണ്ട്. തിരുവനന്തപുരത്തും കോഴിക്കോടും ചെറിയ തോതിൽ ഉണ്ടെങ്കിലും കൊച്ചിയിലാണ് ഇത്തരം സംരംഭങ്ങൾക്ക് പ്രചാരം ഏറെ.

സെന്റർ എ, ക്രിയേറ്റീവ് കോവർക്കിങ് ക്യൂബ് എന്നിവയാണ് കോ-വർക്കിങ് രംഗത്ത് മുൻപന്തിയിലുള്ളത്. വെർച്വൽ ഓഫീസിന്റെ കാര്യത്തിൽ കാക്കനാട്ടെ സ്പേസ്‌ലാൻസ് എന്ന സ്ഥാപനവുമുണ്ട്.

‘ഇങ്ങനെ ഒരു ആശയം കേരളത്തിൽ ആരംഭിച്ചപ്പോൾ തുടക്കത്തിൽ ബുദ്ധിമുട്ട് ഉണ്ടായിരുന്നെങ്കിലും പിന്നീട് മികച്ച പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്.  കൂടാതെ ഞങ്ങളുടെ ഐഡി കാർഡുള്ള  ഉപഭോക്താക്കൾക്ക് ഹോട്ടലുകൾ, ജിം തുടങ്ങി റീട്ടെയിൽ സ്ഥാപനങ്ങളിലെല്ലാം ഡിസ്‌കൗണ്ടും നൽകുന്നുണ്ട്. ഞങ്ങൾക്ക് 12 ഓളം രാജ്യങ്ങളിൽ നിന്നായി ഗുണഭോക്താക്കളുണ്ട്’, കൊച്ചി എം.ജി. റോഡിലെ ‘സെന്റർ എ’ ഡയറക്ടർ ജോ ആലപ്പാട്ട് പറയുന്നു. 

ഒരു മണിക്കൂർ മുതൽ ഒരു വർഷം വരെയുള്ള ആവശ്യങ്ങൾക്കായി കോ-വർക്കിങ് സ്പേസ്, െവർച്വൽ ഓഫീസ്, സർവീസ്ഡ് ഓഫീസ് സ്പേസുകളാണ് 'സെന്റർ എ' ഒരുക്കുന്നത്. കൂടാതെ ഒരു ദിവസത്തെ വർക്ക്‌ഷോപ്പ്, ഇന്റർവ്യൂ, തുടങ്ങിയ ആവശ്യങ്ങൾക്ക് ഈടാക്കുന്നത് തുച്ഛമായ രൂപ മാത്രമാണ്.  സഹപ്രവർത്തന സമ്പ്രദായം വഴി 500 ചതുരശ്രയടി ഓഫീസ് ആണെങ്കിൽ ഏകദേശം 250 പേർക്ക് ജോലി ചെയ്യാൻ സാധിക്കുന്ന വിധത്തിലാണ് സജ്ജീകരിച്ചിരിക്കുക.

ഇവിടെ സീറ്റിനാണ് പണം ഈടാക്കുന്നത്. സീറ്റ് വേണ്ടാത്തവർക്ക് എവിടെ ഇരുന്നും ജോലിചെയ്യാവുന്ന രീതിയുമുണ്ട്. പാക്കേജിനനുസരിച്ചാണ് പണം നൽകേണ്ടത്. വെർച്വൽ സമ്പ്രദായത്തിൽ ലഭിക്കുന്ന സൗകര്യങ്ങൾക്കനുസരിച്ചാണ് വാടക. ഓരോ കമ്പനികളിലും പാക്കേജുകൾ വ്യത്യസ്തമാണ്; അതിനാൽ വാടകയിൽ മാറ്റമുണ്ട്. ഫോൺ നമ്പർ മാത്രം ലഭിക്കുന്ന വെർച്വൽ സംവിധാനത്തിന് ഏറ്റവും കുറവ് 500 രൂപയാണ് ഈടാക്കുന്നത്. വെർച്വൽ ഉപഭോക്താക്കൾക്ക് മീറ്റിങ്ങുകൾ, ഇന്റർവ്യൂ എന്നിവ നടത്താൻ സൗകര്യങ്ങൾ നൽകുന്നുണ്ട്.

കോ-വർക്കിങ് സമ്പ്രദായത്തിൽ സീറ്റിന് ഒരു മാസത്തേക്ക് 3,500 രൂപ മുതലാണ് പല ഇടങ്ങളിലും വാടക. ഇവർക്ക് വൈ-ഫൈ, മീറ്റിങ് റൂം, പ്രൊജക്ടർ തൂടങ്ങിയ സംവിധാനങ്ങൾ പൊതുസൗകര്യമായി ലഭിക്കും. ഓഫീസുകളുമായി 24 മണിക്കൂറും ബന്ധപ്പെടാനുള്ള സൗകര്യങ്ങൾ ഉണ്ട്. പ്രവർത്തന സമയം രാവിലെ എട്ടിന് തുടങ്ങിയാൽ രാത്രി എട്ട് വരെ. 

ഓരോ ദിവസവും ഇത്തരം സ്പേസിനായി ബന്ധപ്പെടുന്നവരുടെ എണ്ണം വർദ്ധിച്ചുവരികയാണെന്ന് കൊച്ചിയിൽ ക്രിയേറ്റീവ് കോവർക്കിങ് ക്യൂബ് നടത്തുന്ന അരുൺ ടോം പറയുന്നു. ഈ മേഖലയിൽ സർക്കാർ പിന്തുണ കൂടി ലഭിക്കുകയാണെങ്കിൽ വലിയ മുന്നേറ്റമുണ്ടാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. ക്രിയേറ്റീവ് കോവർക്കിങ് ക്യൂബിന് കൊച്ചിയിൽ പനമ്പള്ളി നഗർ, കാക്കനാട്, ചെമ്പുമുക്ക് എന്നിവിടങ്ങിളിൽ കോ-വർക്കിങ് സ്പേസുണ്ട്.

കോ-വർക്കിങ് സ്പേസ് ഉപയോഗിക്കുന്നതിൽ 50 ശതമാനം ആളുകളും ടെക്‌നോളജി അധിഷ്ഠിത സ്റ്റാർട്ട്അപ്പുകൾ നടത്തുന്നവരാണ്. പ്രൊഫഷണലുകൾ, ട്രാവൽ ആൻഡ് ടൂറിസം സംരംഭകർ, എഫ്.എം.സി.ജി. സ്റ്റാർട്ട്അപ്പുകൾ, ബ്രോക്കർമാർ തുടങ്ങിയവരാണ് ശേഷിച്ചവർ.  

ഇ-മെയിൽ: reshmaccbhaskaran@gmail.com