കൊച്ചി: മലയാളിയായ ഹരി മേനോന്റെ നേതൃത്വത്തിൽ ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് സംരംഭമായ ‘ബിഗ് ബാസ്കറ്റി’ൽ 1,100 കോടി രൂപ (20 കോടി ഡോളർ) യുടെ മൂലധന നിക്ഷേപമെത്തുന്നു. ചൈനീസ് ഇ-കൊമേഴ്‌സ് കമ്പനിയായ ആലിബാബയാണ് ബിഗ് ബാസ്കറ്റിൽ ഓഹരി പങ്കാളിത്തത്തിന് ശ്രമിക്കുന്നത്. ആലിബാബയ്ക്ക് നിക്ഷേപമുള്ള പേടിഎമ്മിന്റെ ഇ-കൊമേഴ്‌സ് വിഭാഗമായ പേടിഎം മാളുമായി ചേർന്നായിരിക്കും ഓഹരിയെടുക്കുക. 

ബിഗ് ബാസ്കറ്റിനെ ഏറ്റെടുക്കാൻ ആഗോള ഇ-കൊമേഴ്സ് കമ്പനിയായ ആമസോൺ നേരത്തെ രംഗത്തെത്തിയിരുന്നു. എന്നാൽ, ബിഗ് ബാസ്കറ്റിന്റെ മൂല്യം സംബന്ധിച്ച് ധാരണയിലെത്താത്തതിനാൽ ഇടപാട് നടന്നില്ല. ഇതോടെയാണ് ആലിബാബയുമായുള്ള ചർച്ചകൾ ആരംഭിച്ചത്. ഒന്നര മാസമായി അവരുമായി ഔദ്യോഗികമായി തന്നെ ചർച്ചകൾ നടക്കുകയാണ്. രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമുണ്ടാകുമെന്നാണ് സൂചന. 

ഓൺലൈനിലൂടെ പലവ്യഞ്ജനങ്ങൾ വാങ്ങാൻ അവസരമൊരുക്കുന്ന സംരംഭമാണ് ബിഗ് ബാസ്കറ്റ് ഡോട്ട് കോം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി രണ്ട് ഡസനോളം വൻകിട നഗരങ്ങളിൽ കമ്പനിക്ക് സാന്നിധ്യമുണ്ട്. കമ്പനിക്ക് 100 കോടി ഡോളർ (6,500 കോടി രൂപ) മൂല്യമാണ് നിലവിലെ നിക്ഷേപകർ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം 1,400 കോടി രൂപയായിരുന്നു കമ്പനിയുടെ മൊത്തം വരുമാനം. 

ഫാബ്മാർട്ട് എന്ന പേരിൽ (പിന്നീട് ഇന്ത്യാ പ്ലാസ എന്നായി മാറി) സുഹൃത്തുക്കളുമായി ചേർന്ന് ഇന്ത്യയിലെ ആദ്യ ഓൺലൈൻ ഷോപ്പിങ് സൈറ്റിന് തുടക്കം കുറിച്ച ഹരി പിന്നീട് ഇത് വിറ്റ ശേഷമാണ് ബിഗ് ബാസ്കറ്റ് ആരംഭിച്ചത്. 2011 ഡിസംബറിലായിരുന്നു ബിഗ്‌ ബാസ്കറ്റിന്റെ തുടക്കം. 

അതിവേഗം വളരുന്ന ഇന്ത്യയിലെ ഓൺലൈൻ പലവ്യഞ്ജന വിപണിയിൽ കമ്പനിക്കുള്ള മേൽക്കൈ ശക്തിപ്പെടുത്താൻ പുതിയ മൂലധനം വഴിവയ്ക്കും. 
അതേസമയം, ഇടപാടിനെക്കുറിച്ച് ബിഗ് ബാസ്കറ്റ് സി.ഇ.ഒ. ഹരി മേനോനോ ആലിബാബയുടെ പ്രതിനിധികളോ ഇതുവരെ പ്രതികരിച്ചിട്ടില്ല.