‘ഭക്ഷണംകഴിച്ച പാത്രം നിനക്കൊന്ന്‌ കഴുകിവച്ചൂടെ’- അമ്മയുടെ പഞ്ചുള്ള ഡയലോഗിൽ ജിത്തു  ഞെട്ടിത്തരിച്ചു. എയ്‌റോനോട്ടിക് എൻജിനീയറിങ് ബിരുദധാരിയായ ‘എന്നോടോ അമ്മേ’ എന്ന് മറുചോദ്യം ചോദിക്കും മുൻപേ മനസ്സിൽ ഒരു ലഡ്ഡു പൊട്ടി. പിന്നെ ചോദ്യങ്ങളുടെ മാലപ്പടക്കം.  കൊച്ചിയെന്ന മഹാനഗരത്തിലെ  തിരക്കേറിയ ജീവിതത്തിൽ വീട്ടുജോലിക്കൊക്കെ ആർക്കാണ് നേരം.

വീട്ടുജോലിക്ക് ആളെ കിട്ടിയാൽത്തന്നെ വലിയ ചെലവ് ആവില്ലേ? അന്യദേശക്കാരെയൊക്കെ വിശ്വസിക്കാനാകുമോ? മലയാളികളെ കിട്ടുമോ? ഒടുവിൽ പാത്രം കഴുകിവയ്ക്കാതെ പുറത്തിറങ്ങിയ ജിത്തു ഈ ചോദ്യങ്ങൾക്കെല്ലാം ഒരു ഉത്തരം നൽകി.    വീടു വൃത്തിയാക്കാനും പാചകം ചെയ്യാനും ആളെയെത്തിച്ചു നൽകുന്ന ‘സ്കട്ട്ഓപ്‌സ്’ എന്ന സംരംഭം അവിടെ തുടങ്ങുന്നു. ചേരാനല്ലൂരൂർകാരനായ ജിത്തു എ. പ്രസാദിന്റെ ആശയത്തിന് സഹായികളായി പി. ശ്രീരാഗ്, കെ. വിനായക്, ശില്പ ഷാജി എന്നിവരും കൂടെക്കൂടി. സംഭവം ക്ലീൻ ഹിറ്റ്. 

സുരക്ഷ, വിശ്വാസ്യത പ്രധാനം
കസ്റ്റമേഴ്‌സിന്റെയും ജോലിക്കാരുടെയും സുരക്ഷ  സ്കട്ട്ഓപ്‌സിനു പ്രധാനമാണ്. അതിനാൽ ജോലിക്കാരുടെയും കസ്റ്റമേഴ്‌സിന്റെയും എല്ലാ വിവരങ്ങളും അന്വേഷിച്ച ശേഷം മാത്രമാണ് തിരഞ്ഞെടുക്കുന്നത്. ജോലിക്കാരെ തിരഞ്ഞെടുക്കുന്നതിൽ പല നടപടിക്രമങ്ങളുണ്ട്. ആദ്യംതന്നെ പോലീസ് വെരിഫിക്കേഷനാണ്. ആധാർ കാർഡ് വെരിഫിക്കേഷൻ, കമ്പനി വെരിഫിക്കേഷൻ, ട്രയൽ എന്നിവ കഴിയണം.

അതിനുശേഷമാണ് ജോലിക്കാരെ എടുക്കുന്നത്. മാസം കുറഞ്ഞത് 10,500 രൂപയാണ് ഒരാൾക്ക് സ്കട്ട്ഓപ്‌സ് നൽകുന്നത്. നിശ്ചയിക്കപ്പെട്ട സമയത്തിനു മുകളിൽ ജോലി ചെയ്തവർക്ക് അതിലും കൂടുതൽ ശമ്പളം നൽകും. മാസം 16,000 രൂപ വരെ ലഭിക്കുന്നവരും കൂട്ടത്തിലുണ്ട്. ജോലിക്കാർ വീട്ടിലെത്തുമ്പോഴും ജോലി ആരംഭിക്കുമ്പോഴും ജോലി കഴിയുമ്പോഴും സ്കട്ട്ഓപ്‌സിലേക്ക് വിവരങ്ങളെത്തും. അത് നേരെ ഉപഭോക്താവിനെയും അറിയിക്കും. ‘ഇത് ഒരു സോഷ്യൽ സ്റ്റാർട്ടപ്പാണ്. നല്ല സേവനം ഞങ്ങൾക്ക് നിർബന്ധമാണ്.

കസ്റ്റമർക്കും ജോലിക്കാർക്കും മണിക്കൂർ വച്ചാണ് പണമിടപാടുകൾ കണക്കാക്കുന്നത്. മാത്രമല്ല എല്ലാ പണമിടപാടുകളും ഓൺലൈൻ വഴി മാത്രമാണ്’ -സ്കട്ട്ഓപ്‌സ് സി.ഇ.ഒ. ജിത്തു പറഞ്ഞു.  നിലവിലുള്ള സേവനങ്ങൾ മൊബൈൽ ആപ്പ് വഴി ലഭ്യമാക്കുന്നതിനായി സ്കട്ട്ഓപ്‌സ് ആപ്പ് നിർമിച്ചിട്ടുണ്ട്.  ഇതിൽ ഉപഭോക്താക്കളെയും ജോലിക്കാരെയും പരസ്പരം ബന്ധിപ്പിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. എന്നാൽ ആപ്പ് വഴിയുള്ള സേവനം ആരംഭിച്ചിട്ടില്ല. 2018 മേയ് ആകുമ്പോഴേക്കും 100 വീട്ടുജോലിക്കാരെയാണ് കൊണ്ടുവരിക. രണ്ടു വർഷം കഴിഞ്ഞാൽ ഏഴോളം നഗരങ്ങളിൽ സാന്നിധ്യം ശക്തമാക്കാനും പ്ലാനുണ്ട്. കാക്കനാടും കലൂരുമാണ് സ്കട്ട്ഓപ്‌സിന് ഇപ്പോൾ ഓഫീസുള്ളത്.

മലയാളീസ് ഓൺലി
വീട് വൃത്തിയാക്കാനും പാചകം ചെയ്യാനും  മലയാളികളായ സ്ത്രീകളെ മാത്രമാണ് സ്കട്ട്ഓപ്‌സ്  ലഭ്യമാക്കുന്നത്. ഇപ്പോൾ 12 പേരുണ്ട്. ചിലർ കുടുംബശ്രീ സി.ഡി.എസ്. വഴി വന്നവരാണ്. 500 ഓളം സ്ഥിരം കസ്റ്റമേഴ്‌സുമുണ്ട്. അവർ ആവശ്യപ്പെടുന്ന സമയത്ത് വീട്ടുജോലിക്കാരെ ലഭ്യമാക്കും. മണിക്കൂറിന് 157 രൂപയാണ് നിരക്ക്. നിലവിൽ എറണാകുളം ജില്ലയിലുള്ള സ്ത്രീകൾ മാത്രമേ സ്കട്ട്ഓപ്‌സിലുള്ളൂ. മറ്റു ജില്ലയിലുള്ള സ്ത്രീകൾക്കും സംരംഭത്തിന്റെ ഭാഗമാകാവുന്നതാണ്.

ബുക്കിങ് രണ്ട് മണിക്കൂർ മുമ്പ് 
ആദ്യം ഉപഭോക്താക്കൾ www.scutops.com എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്യണം. അതിനുശേഷം വെബ്‌സൈറ്റ് വഴിയോ, മൊബൈൽ നമ്പർ വഴിയോ, വാട്‌സാപ്പ് നമ്പർ വഴിയോ ജോലിക്കാരെ ബുക്ക് ചെയ്യാം. ജോലിക്ക് ആളെ ആവശ്യമുള്ളതിന് രണ്ടു മണിക്കൂർ മുൻപ്‌ ബുക്ക് ചെയ്യണം എന്ന നിബന്ധനയുണ്ട്. രാവിലെ ഏഴു മുതൽ വൈകീട്ട് ആറു വരെയാണ് ജോലി സമയം ക്രമീകരിച്ചിട്ടുള്ളത്.