sridhar gundaiah store kingകൊച്ചി: രാജ്യത്തെ ചെറുകിട വ്യാപാരികള്‍ക്ക് ആവശ്യമായ എല്ലാ ഉത്പന്നങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാക്കുക. ഇതിനായി പരമ്പരാഗത റീട്ടെയില്‍ സങ്കല്‍പ്പങ്ങള്‍ പൊളിച്ചെഴുതുകയാണ് ആദ്യം വേണ്ടത് എന്ന തിരിച്ചറിവിലാണ് ശ്രീധര്‍ ഗുണ്ടയ്യ എന്ന യുവാവ് ബെംഗളൂരു കേന്ദ്രീകരിച്ച് 2012-ല്‍ 'സ്റ്റോര്‍കിങ്' എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ചത്. 

ഇന്ന് ഈ ആപ്പിലൂടെ രാജ്യത്തെ പത്ത് സംസ്ഥാനങ്ങളിലായി 50,000-ല്‍ അധികം കടക്കാരിലെത്തുന്നത് വന്‍കിട ബ്രാന്‍ഡുകളുടേത് ഉള്‍പ്പെടെ ആയിരക്കണക്കിന് ഉത്പന്നങ്ങള്‍. നിത്യോപയോഗ സാധനങ്ങള്‍ മുതല്‍ മൊബൈല്‍ ഫോണുകളും ലാപ്ടോപ്പുകളും ഗൃഹോപകരണങ്ങളും വരെ ഈ ആപ്പ് ഉപയോഗിച്ച് ചെറുകിട വ്യാപാരികള്‍ക്ക് ഓര്‍ഡര്‍ ചെയ്യാം. എച്ച്.യു.എല്‍, മാരികോ, ഷവോമി, സാംസങ് തുടങ്ങി 35-ഓളം പ്രമുഖ കണ്‍സ്യൂമര്‍ ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ കുറഞ്ഞ വിലയില്‍ തന്നെ വ്യാപാരികള്‍ക്ക് ലഭ്യമാകുന്നു.

ഓണ്‍ലൈന്‍ സൈറ്റുകളിലൂടെ ഉത്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നതു പോലെ തന്നെ കച്ചവടക്കാര്‍ക്ക് ആപ്പ് ഉപയോഗിച്ച് ആവശ്യമായ ഉത്പന്നങ്ങള്‍ തിരഞ്ഞെടുത്ത് ഓര്‍ഡര്‍ ചെയ്യാം. സ്റ്റോര്‍കിങ് സെയില്‍സ് ഓഫീസര്‍മാര്‍ ഗ്രാമങ്ങളിലെത്തി പ്രാഥമികാന്വേഷണം നടത്തി തിരഞ്ഞെടുക്കുന്ന വ്യാപാരികള്‍ക്കാണ് കമ്പനി നല്‍കുന്ന ലിങ്കിലൂടെ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനാകുന്നത്. 

'2012-ല്‍ 200 വ്യാപാരികളെ ബന്ധിപ്പിച്ചുകൊണ്ടായിരുന്നു തുടക്കം. ഇപ്പോള്‍ ഇത് 53,000 വ്യാപാരികളിലെത്തി നില്‍ക്കുന്നു. 2017-18-ല്‍ 1,100 കോടി രൂപയായിരുന്നു വിറ്റുവരവ്. കൂടുതല്‍ ഗ്രാമപ്രദേശങ്ങളിലെ വ്യാപാരികളെ കൂട്ടിയിണക്കി പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുകയാണ് ലക്ഷ്യം'-സ്റ്റോര്‍കിങ് സ്ഥാപകനും സി.ഇ.ഒ.യുമായ ശ്രീധര്‍ ഗുണ്ടയ്യ പറയുന്നു. 

കേരളത്തില്‍ അഴീക്കോട്, പൊന്നാനി, ഇഞ്ചക്കല്‍, കാഞ്ഞങ്ങാട്, തലശ്ശേരി, തൃശ്ശൂര്‍, ആലുവ എന്നിവിടങ്ങളിലായി 3,800 വ്യാപാരികള്‍ സ്റ്റോര്‍കിങ്ങിന്റെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്.