തൃശ്ശൂർ: സ്കൂൾ കുട്ടികളുടെ അഭിരുചികൾ തുടക്കത്തിലേ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനായി വികസിപ്പിച്ച സ്കെ‍ഡു എന്ന ആപ്പിന് ദേശീയ അംഗീകാരം. നിംഹാൻസ് അഖിലേന്ത്യാ തലത്തിൽ തിരഞ്ഞെടുത്ത ഏറ്റവും മികച്ച ഏഴുവിദ്യാഭ്യാസ ആപ്പുകളിൽ ഇത് ഇടം പിടിച്ചു. മികച്ച ആശയത്തിനുള്ള അംഗീകാരമായി ,കേരള സ്റ്റാർട്ടപ്പ് മിഷന്റെ ആറുലക്ഷം മുമ്പ് നേടിയ സ്കെഡുവിന് ഇപ്പോൾ നിർമ്മാണ സഹായമായി ഏഴ് ലക്ഷം കൂടി കിട്ടി.

ഗവ.എൻജിനിയറിങ്ങ് കോളേജിലെ ഗസ്റ്റ് അധ്യാപക ജോലി രാജിവെച്ച പിങ്കി എന്ന പീച്ചി സ്വദേശിക്കാണ് ഈ അംഗീകാരം. എൻജിനിയറിങ് അധ്യാപനം തനിക്ക് ചേരുന്നതല്ലെന്ന് മനസിലാക്കി രാജിവെച്ച പിങ്കി, തന്നെപ്പോലെ ഒട്ടേറെപ്പേർ ഇഷ്ടമില്ലാത്ത ജോലി തുടരുന്നുണ്ടെന്ന് മനസ്സിലാക്കി. എം.ടെക്. കംപ്യൂട്ടർ സയൻസ് ഉയർന്ന മാർക്കോടെ ജയിച്ച പിങ്കി ഇതിനായി ഒരു ലേണിങ് സോഫ്റ്റ്‌വേർ വികസിപ്പിച്ചു

ഉപയോഗത്തിന് ‍ഡിജിറ്റൽ മീഡിയം വേണമെന്ന പരിമിതി മറികടക്കാൻ കോവിഡ് കാലം അനുഗ്രഹമായി. കോവിഡ് കാലത്ത് പഠനത്തിന് മൊബൈൽ ഫോൺ ഉപയോഗിച്ചു തുടങ്ങിയതോടെ സ്കെഡുവിന്റെ ഉപയോഗവും കൂടി .ഇപ്പോൾ കേരളത്തിലെ 30 സ്കൂളുകളിലും പുറത്ത് പത്ത് സ്കൂളുകളിലും സ്കെ‍ഡു പഠനത്തിന്റെ ഭാഗമായി ഉപയോഗപ്പെടുത്തുന്നുണ്ട്. മാസം 50 രൂപയാണ് ഫീസ്.

ഒാരോ കുട്ടിയുടേയും അഭിരുചി മനസ്സിലാക്കി ഭാവിയിലെ പ്രവർത്തനമേഖല ശാസ്ത്രീയമായി കണ്ടെത്തുകയാണ് സ്കെഡു ആപ്പ് വഴി സാധ്യമാകുക. കംപ്യൂട്ടർ അധിഷ്ഠിത കൃത്രിമ ബുദ്ധിയും മാനസിക-ബൗദ്ധിക വിലയിരുത്തലും സന്നിവേശിപ്പിച്ചാണ് ഇത് സാധ്യമാക്കുന്നത്. അമേരിക്കയിലെ ആനിമേഷൻ അഡ്വൈസർ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരുടെ സേവനം സ്കെഡുവിൽ ഉപയോഗപ്പെടുത്തുന്നുണ്ട്. ഒാരോ ദിവസവും നൽകുന്ന വ്യത്യസ്ത വിഷയങ്ങളിൽ ഒാരോ വിദ്യാർഥിയും കൂടുതൽ പ്രയോജനപ്പെടുത്തുന്നത് വിലയിരുത്തി വിശകലനം ചെയ്യുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ വിദഗ്ധനായ ഡോ. അജീസാണ്. കുട്ടികളുടെ മാനസിക-ബൗദ്ധിക തലം വിലയിരുത്തുന്നത് നിംഹാൻസിലെ സൈക്കോളജിസ്റ്റായ ഡോ. ഉമാഹരിസാവേയാണ്.

വിദേശത്തെ ജോലി ഉപേക്ഷിച്ച് എത്തിയ ഭർത്താവ് ജയപ്രകാശാണ് പിങ്കിയുടെ സംരംഭത്തിന് പൂർണ പിന്തുണ.