pick a biteസ്വിഗി, ഊബർ ഈറ്റ്‌സ്, സൊമാറ്റോ... ഓൺലൈൻ ഭക്ഷണ വിതരണ രംഗത്ത് വൻകിട കമ്പനികൾ തമ്മിലുള്ള മത്സരം കൊഴുക്കുകയാണ്. ‘ഓൺലൈൻ ഓർഡർ’ അനുസരിച്ചുള്ള ഭക്ഷണ വിതരണം എന്ന ആശയത്തിന്റെ ചുവടുപിടിച്ച് വ്യത്യസ്തമായ രുചിവഴികൾ തേടി വിജയിച്ചവരിൽ കേരളത്തിൽ നിന്നൊരു സ്റ്റാർട്ടപ്പുമുണ്ട്, ‘പിക്ക് എ ബൈറ്റ്’.

കൊല്ലം ജില്ലയിലെ കോളേജ് വിദ്യാർഥികൾക്കും വ്യാപാരസ്ഥാപനങ്ങളിലെയും ഓഫീസുകളിലെയും ജീവനക്കാർക്കും ആശുപത്രിയിലുള്ളവർക്കും ഉൾപ്പെടെ ഓർഡർ അനുസരിച്ച് ഭക്ഷണം എത്തിച്ച് നൽകുന്നതാണ് ഈ സംരംഭം. 

വൻകിട റെസ്‌റ്റോറന്റുകളിലെയും ബേക്കറികളിലെയും ഭക്ഷണം മാത്രമല്ല, വീട്ടിലുണ്ടാക്കിയ നാടൻ ഭക്ഷണവും ‘പിക്ക് എ ബൈറ്റി’ലൂടെ വിതരണം ചെയ്യുന്നുണ്ടെന്നതാണ് പ്രത്യേകത. വൃത്തിയായി തയ്യാറാക്കുന്ന ഹോം മെയ്ഡ് ഭക്ഷണം മിതമായ നിരക്കിൽ വിതരണം ചെയ്യാൻ താത്പര്യമുള്ളവരേക്കൂടി ഉൾപ്പെടുത്തിയാണ് സ്റ്റാർട്ടപ്പിന്റെ പ്രവർത്തനം.

കൊല്ലം വള്ളിക്കാവ് അമൃത വിശ്വവിദ്യാപീഠത്തിലെ ബി.ബി.എ. വിദ്യാർഥികളായിരുന്ന അക്ഷയ് സുനിൽ, നിതിൻ മധു എന്നീ സുഹൃത്തുക്കളാണ് സ്റ്റാർട്ടപ്പിന് നേതൃത്വം നൽകുന്നത്. കോളേജിലെ വിദ്യാർഥികൾക്ക്  ബെർത്ത് ഡേ കേക്കുകൾ എത്തിച്ചു നൽകി ഇവർ തുടക്കമിട്ട സംരംഭം, ഇപ്പോൾ കൊല്ലം ജില്ലയും കടന്ന് തിരുവനന്തപുരത്തേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ തയ്യാറെടുക്കുകയാണ്. 

രണ്ടുവർഷം മുമ്പ് കാമ്പസിൽ നടന്ന ‘സ്റ്റാർട്ടപ്പ് വീക്കെൻഡ് പവേർഡ് ബൈ ഗൂഗിൾ’ എന്ന പരിപാടിയിലാണ് ഇരുവരും ബിസിനസ് ആശയം അവതരിപ്പിച്ചത്. സ്റ്റാർട്ടപ്പ് വീക്കെൻഡിന്റെ സംഘാടകരും അധ്യാപകരും പിന്തുണ നൽകിയതോടെ സംരംഭം മുന്നോട്ട് പോകുകയായിരുന്നു.

ബെർത്ത് ഡേ കേക്കുകൾക്ക് ഓർഡർ കൂടിയതോടെയാണ് പ്രാദേശിക വിൽപ്പനക്കാരെ ഉൾപ്പെടുത്തി കോളേജിലെ ഇവന്റുകൾക്കും മറ്റുമുള്ള ഭക്ഷണം ഇരുവരും എത്തിച്ചുതുടങ്ങിയത്. ആവശ്യക്കാർ ഏറിയതോടെ മറ്റ് കോളേജുകളിലേക്കും ഭക്ഷണം എത്തിക്കാൻ‍ തുടങ്ങി. സംഗതി വിജയമായതോടെ കരുനാഗപ്പള്ളിയിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചു. തുടക്കത്തിൽ വാട്‌സാപ്പിലൂടെയായിരുന്നു ഓർഡർ സ്വീകരിച്ചിരുന്നത്. പിന്നീട് ഇതിനായി വെബ്‌സൈറ്റ് വികസിപ്പിച്ചു. 
 
കൊല്ലത്ത് 600 ഉപഭോക്താക്കളാണ് ഇപ്പോൾ ‘പിക്ക് എ ബൈറ്റി’നുള്ളതെന്ന് അക്ഷയ് പറയുന്നു. ചെന്നൈയിൽ നടക്കുന്ന ഈ വർഷത്തെ ദക്ഷിണേന്ത്യൻ സ്റ്റാർട്ടപ്പ് അവാർഡ്‌സിലേക്കും സംരംഭം നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട്.

rinkufrancis@ymail.com