ആന്ധ്രപ്രദേശിലെ ഒരു റെയില്‍വേ സ്റ്റേഷനില്‍ ഭക്ഷണം കഴിക്കാനിരുന്ന നാരായണ പീസാപതിക്കു മുന്നില്‍ പ്ലേറ്റില്‍ ഇഡലിയും സാമ്പാറും നിരന്നു ഒപ്പം അത് കഴിക്കാന്‍ പ്ലാസ്റ്റിക്കില്‍ നിര്‍മ്മിച്ച ഒരു സ്പൂണും. ഉള്ളില്‍ വിശപ്പ് കത്തിക്കാളുന്നതിനിടയിലും ആ സ്പൂണ്‍ ശരിയായി വൃത്തിയാക്കിയിട്ടില്ല എന്നത് കണ്ടെത്താന്‍ പീസാപതിയ്ക്ക് അധികനേരം എടുത്തില്ല. അത് വൃത്തിയാക്കിക്കാന്‍ സപ്ലയറോട് ആവശ്യപ്പെടുന്നതിന് പകരം പ്ലാസ്റ്റിക് സ്പൂണുകള്‍ എങ്ങനെ ഒഴിവാക്കാം എന്നാണ് അദ്ദേഹം ചിന്തിച്ചത്. അതിന് പ്രതിവിധി കണ്ടെത്താന്‍ പക്ഷേ പിന്നെയും വര്‍ഷങ്ങളെടുത്തുവെന്ന് മാത്രം.

ഒരു വര്‍ഷം ഇന്ത്യക്കാര്‍ ഉപയോഗിച്ചു തള്ളുന്ന പ്ലാസ്റ്റിക് സ്പൂണിന്റെ കണക്ക് അത്ഭുതപ്പെടുത്തുന്നതാണ്. ഏതാണ്ട് 12 കോടി. അത്രയും പ്ലാസ്റ്റിക് സ്പൂണുകള്‍ക്ക് പകരം വയ്ക്കാന്‍ പീസാപതിക്ക് മുന്നില്‍ മറ്റൊരു ആശയമില്ലായിരുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അഹമ്മദാബാദില്‍ നിന്ന് ഹൈദ്രാബാദിലേയ്ക്കുള്ള യാത്രയ്ക്കിടയിലാണ് അത്തരം ഒരാശയത്തിനുള്ള വിത്ത് നാരയണ പീസാപതിയുടെ മനസ്സില്‍ വീണുകിട്ടുന്നത്. 

തന്റെ സഹയാത്രികരിലൊരാള്‍ ഖാക്ര (കട്ടിയുള്ള ഒരു തരം ഗുജറാത്തി റൊട്ടി) ഉപയോഗിച്ച് ശ്രീഖണ്ഠ്  (തൈരുപയോഗിച്ച് നിര്‍മ്മിക്കുന്ന ഒരു മധുരപലഹാരം)കഴിക്കുന്നു. പ്ലാസ്റ്റിക് സ്പൂണിന് ഒരു മറുവഴി edible cutleryചിന്തിച്ചിരുന്ന നാരായണ പീസാപതിക്ക് മുന്നില്‍ പോംവഴി തുറന്നിടുകയായിരുന്നു ആ വിമാന യാത്ര. അങ്ങനെയാണ് കഴിക്കാവുന്ന സ്പൂണുകള്‍ എന്ന ആശയത്തിലേയ്ക്ക് പീസാപതി എത്തുന്നത്. ചപ്പാത്തി മാവ് ഉപയോഗിച്ചായിരുന്നു ആദ്യ പരീക്ഷണം എന്നാല്‍ ചൂടുവെള്ളത്തില്‍ അത് നനഞ്ഞു പോകുന്നതായിരുന്നു പ്രധാന പ്രശ്‌നം. പിന്നീട് സ്പൂണുകള്‍ നിര്‍മ്മിക്കാന്‍ തുടര്‍ച്ചയായി വിവിധ ധാന്യപ്പൊടികള്‍ പരീക്ഷിച്ചു. ഒടുവിലാണ് ചോളപ്പൊടി ഉപയോഗിച്ച്‌ വിജയകരമായി സ്പൂണ്‍ നിര്‍മ്മിക്കുന്നത്. ഇരുപത് മിനിറ്റ് വരെ അത് ചൂടുവെള്ളത്തില്‍ അലിയാതെ നില്‍ക്കും എന്നതായിരുന്നു അതിന്റെ സവിശേഷത. വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ കണ്ട് സ്വപ്‌നം പീസാപതി യാഥാര്‍ത്ഥ്യമാക്കുകയായിരുന്നു. 

അങ്ങനെ പ്ലാസ്റ്റിക് സ്പൂണുകള്‍ക്ക് പകരം വയ്ക്കാവുന്ന, കഴിക്കാവുന്ന സ്പൂണുകള്‍ നിര്‍മ്മിക്കുക എന്ന പീസപതിയുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട് 2011ല്‍ ഹൈദ്രബാദ് ആസ്ഥാനമായി ബേകിസ് ഫുഡ് പ്രൈവറ്റ് ലിമിററഡ് എന്ന കമ്പനി രൂപം കൊണ്ടു. ചോളപ്പൊടികൊണ്ടുള്ള സ്പൂണിന്റെ സ്ഥാനത്ത് എരിവും മധുരവുമടക്കം വിവിധ രുചികളിലുള്ള സ്പൂണുകള്‍ ഇപ്പോള്‍ കമ്പനി നിര്‍മ്മിക്കുന്നു. ഇഞ്ചി, കറുവപ്പട്ട, വെളുത്തുള്ളി, കുരുമുളക്, ജീരകം, പുതിന,കാരറ്റ്, ബീറ്റ്‌റൂട്ട് എന്നിങ്ങനെ വിവിധ തരം ഫ്‌ളേവറുകളില്‍ ഇപ്പോള്‍ എഡിബിള്‍ സ്പൂണുകള്‍ ലഭ്യമാണ്. നൂറ് ശതമാനം ശുദ്ധമായ ചേരുവകള്‍ ഉപയോഗിച്ചാണ് പീസപതി സ്പൂണുകള്‍ നിര്‍മ്മിക്കുന്നത്. ചോളത്തില്‍ നിര്‍മ്മിക്കുന്ന അതില്‍ ഒരുതരത്തിലുള്ള പ്രിസര്‍വേറ്റീവ്‌സും ചേര്‍ക്കുന്നില്ലെന്നാണ് പീസപതി പറയുന്നത്.

തുടക്കത്തില്‍ 7000 സ്പൂണുകളാണ് ദിവസത്തില്‍ കമ്പനി നിര്‍മ്മിച്ചിരുന്നത്. ഇപ്പോള്‍ 70,000 സ്പൂണുകള്‍ നിര്‍മ്മിക്കുന്നുണ്ട്. മൂന്ന് കോടിയിലധികം സ്പൂണുകള്‍ നിര്‍മ്മിക്കാനുള്ള ഓഡറുകള്‍ കമ്പനിക്ക് ലഭിക്കുന്നുണ്ട്. രണ്ട് രൂപയാണ് ഇപ്പോള്‍ ഒരു സ്പൂണ്‍ നിര്‍മ്മിക്കാനുള്ള ചിലവ്. എന്നാല്‍ മികച്ച ടെക്‌നോളജിയുണ്ടെങ്കില്‍ ഇത് ഒരു രൂപയ്ക്ക് താഴെയാക്കാമെന്ന് അദ്ദേഹം പറയുന്നു. നിലവില്‍ ഇന്ത്യയില്‍ നിന്നും യു.എസില്‍ നിന്നുമാണ് കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിക്കുന്നത്. ഭാവിയില്‍ ചൈനയും ഗ്രീസും അടക്കം 15 രാജ്യങ്ങളിലേയ്ക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് കമ്പനി ആലോചിക്കുന്നത്.