യനാട്ടിലെ ഒരു സാധാരണ കർഷകകുടുംബത്തിൽ ജനിച്ച പി.സി. മുസ്തഫ പഠനത്തിൽ ആദ്യം മോശമായിരുന്നെങ്കിലും പിന്നീട് മുന്നിലെത്തി. എൻജിനീയറിങ് എൻട്രൻസിൽ മികച്ച റാങ്കുമായി അയാൾ കോഴിക്കോട് എൻ.ഐ.ടി. യിൽ കംപ്യൂട്ടർ സയൻസിൽ ബി.ടെക്കിന് ചേർന്നു. എൻജിനീയറിങ് വിജയകരമായി പൂർത്തിയാക്കിയ ഉടൻ ബെംഗളൂരുവിൽ ജോലി. അവിടെ നിന്ന് യൂറോപ്പിലേക്കും ഗൾഫിലേക്കും.

നാട്ടിലേക്ക് തിരിച്ചുവരാൻ ആഗ്രഹിച്ചിരിക്കുമ്പോഴാണ് ബെംഗളൂരുവിൽ ഇന്റലിൽ അവസരമുണ്ടെന്ന് അറിയുന്നത്. അങ്ങനെ, 2003-ൽ വീണ്ടും ഇന്ത്യയിലേക്ക്. ബെംഗളൂരുവിലെ ഇന്റൽ  കാലത്താണ് എം.ബി.എ. എന്ന ആഗ്രഹത്തിന് ചിറകുമുളച്ചത്. വൈകാതെ ബാംഗ്ലൂർ ഐ.ഐ.എമ്മിലേക്ക്. ജോലിയും പഠനവുമായി തിരക്കിന്റെ നെറുകയിൽ. 

അടുത്ത ബന്ധുവും സുഹൃത്തുമായ അബ്ദുൾ നാസറും അദ്ദേഹത്തിന്റെ സഹോദരങ്ങളും (‘വയനാടൻ കസിൻസ്’) ചേർന്ന് ബെംഗളൂരുവിൽ ഇന്ദിരാ നഗറിനടുത്ത് ‘ചോയ്‌സ് സ്റ്റോർ’ എന്നപേരിൽ ചെറിയൊരു പലവ്യഞ്ജനക്കട നടത്തുന്നുണ്ടായിരുന്നു. ആ കടയിലായിരുന്നു മുസ്തഫയുടെ ഒഴിവുവേളകൾ. അവരോട് പല ബിസിനസ് ആശയങ്ങളും മുസ്തഫ പങ്കുവച്ചു. 

ആ കടയിൽ, കവറിൽ കെട്ടിയ ദോശമാവ് തമിഴ്‌നാട് സ്വദേശി വിതരണം ചെയ്യാറുണ്ടായിരുന്നു. പക്ഷേ, അതിന്റെ ഗുണനിലവാരത്തെക്കുറിച്ച് സ്ഥിരം പരാതിയായിരുന്നു. അതു പല തവണ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. അങ്ങനെയിരിക്കെയാണ് ആ പ്രശ്നം തങ്ങൾക്കുതന്നെ പരിഹരിച്ചാൽ എന്താണെന്ന ചിന്ത നാസർ പങ്കുവയ്ക്കുന്നത്. 

പരീക്ഷണമെന്ന നിലയിലായിരുന്നു തുടക്കം. കടയോടുചേർന്ന് ചെറിയൊരു മുറി വാടകയ്ക്കെടുത്തു. ഗ്രൈൻഡർ, മിക്‌സർ, തൂക്കമെടുക്കുന്ന മെഷീൻ, സീലിങ് മെഷീൻ, സെക്കൻഡ് ഹാൻഡ് സ്കൂട്ടർ... എല്ലാംകൂടി 50,000 രൂപയുടെ പ്രാരംഭ നിക്ഷേപം. പക്ഷേ, മാവിന്റെ കൂട്ട് ശരിയാവാൻ മാസങ്ങളെടുത്തു. തുടക്കത്തിൽ ചോയ്‌സ് സ്റ്റോറിലൂടെ തന്നെ സാമ്പിളുകൾ വിതരണം ചെയ്തു. പിന്നീട്, അടുത്തുള്ള 20 കടകൾ തിരഞ്ഞെടുത്ത് അവയിലൂടെയും സാമ്പിളുകൾ ലഭ്യമാക്കാൻ തുടങ്ങി. ‘ഐ.ഡി.’ എന്ന ബ്രാൻഡ് നാമത്തിലായിരുന്നു ദോശമാവ് വിതരണം ചെയ്തത്. 

ആറു മാസം തുടർച്ചയായി ഈ കടകളിലൂടെ 100 പായ്ക്കറ്റുകൾ പ്രതിദിനം വിതരണം ചെയ്യുകയായിരുന്നു ലക്ഷ്യം. പതിയെ ഡിമാൻഡ് കൂടി. ഉപയോഗിച്ചുതുടങ്ങിയവർ വീണ്ടും ചോദിച്ചെത്തി. ഉപഭോക്താക്കളിൽ നിന്ന് ഉത്പന്നത്തിന്റെ ഗുണമേന്മ കേട്ടറിഞ്ഞ് കൂടുതൽ പേർ വാങ്ങാൻ തുടങ്ങി. അതോടെ, വിൽപ്പനയ്ക്ക് വയ്ക്കുന്ന ഏതാണ്ട് മുഴുവൻ പായ്ക്കറ്റും വിറ്റുതീരുന്ന അവസ്ഥയെത്തി. 

കടത്തിൽ വിൽപ്പനയില്ലെന്നു തുടക്കത്തിൽ തന്നെ ഉറപ്പാക്കിയിരുന്നു. രൊക്കം പണത്തിനു മാത്രമേ ഉത്പന്നം നൽകുകയുള്ളൂ. അതിനാൽ തുടക്കത്തിൽ തന്നെ നഷ്ടസാധ്യത കുറയ്ക്കാൻ കഴിഞ്ഞുവെന്ന് മുസ്തഫ പറയുന്നു. ആദ്യമൊക്കെ മുസ്തഫയുടെ ബന്ധു നാസറാണ് സംരംഭം മുന്നോട്ടുനയിച്ചത്. നാസറിന്റെ സഹോദരന്മാരായ ഷംസുദ്ദീൻ, ജാഫർ, നൗഷാദ് എന്നിവരും ഒപ്പമുണ്ടായിരുന്നു. ഒഴിവ് ദിവസങ്ങളിൽ മുസ്തഫയുമെത്തി. 

തുടക്കം ചെറിയ നിലയില്‍
പരീക്ഷണം വിജയിച്ചതോടെ വാണിജ്യാടിസ്ഥാനത്തിൽ തന്നെ വിൽപ്പന ആരംഭിക്കാനുള്ള ആത്മവിശ്വാസമായി. ഒരു ഡിസൈനറുടെ സഹായത്തോടെ പാക്കിങ്ങിൽ ഐ.ഡി. എന്ന ബ്രാൻഡ് നാമത്തിന് നല്ലൊരു ഡിസൈനൊരുക്കി. (‘ഐഡന്റിറ്റി’ എന്ന ഇംഗ്ലീഷ് വാക്കിന്റെ ചുരുക്കെഴുത്തായാണ് ‘ഐ.ഡി.’ എന്ന ബ്രാൻഡ് നാമം മുസ്തഫയും കൂട്ടരും തിരഞ്ഞെടുത്തത്. പക്ഷേ, ബിസിനസ് വിജയിച്ചതോടെ ഐ.ഡി. എന്നാൽ ‘ഇഡ്ഡലി, ദോശ’ എന്നാണെന്ന് ഉപഭോക്താക്കൾ ധരിച്ചു.)

700 ചതുരശ്രയടിയുള്ള മുറി വാടകയ്ക്കെടുത്ത് കിച്ചൺ സ്ഥാപിച്ചു. വിദേശത്ത് ജോലി ചെയ്തുണ്ടാക്കിയ സമ്പാദ്യമാണ് മുസ്തഫയ്ക്ക് ഇതിന് മുതൽക്കൂട്ടായത്. ആറു ലക്ഷം രൂപയാണ് വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പാദനത്തിനായി അപ്പോൾ മുതൽമുടക്കിയത്. ദിനംപ്രതി 2,000 പായ്ക്കറ്റുകൾ ഉത്പാദിപ്പിക്കുന്ന നിലയിലേക്ക് ഐ.ഡി. ഫ്രഷ് വളർന്നു. 

ഡിമാൻഡ് പിന്നെയും ഉയർന്നതോടെ കൂടുതൽ മൂലധനം ആവശ്യമായി വന്നു. പലിശ അധിഷ്ഠിത വായ്പ എടുക്കാൻ അവസരമുണ്ടായിരുന്നെങ്കിലും അതു വേണ്ടെന്ന് ഉറപ്പിച്ചിരുന്നു. ഗൾഫിൽ ജോലി ചെയ്തിരുന്ന സമയത്ത് കല്പറ്റയിൽ വാങ്ങിയിട്ടിരുന്ന ഭൂമി വിൽക്കുക മാത്രമായിരുന്നു പിന്നീട് മുസ്തഫയുടെ മുന്നിലുണ്ടായിരുന്ന മാർഗം. ഭൂമി വിൽക്കുന്നതിൽ ആർക്കും താത്പര്യമില്ലായിരുന്നു. മുസ്തഫയ്ക്ക് പക്ഷേ തന്റെ സംരംഭത്തിന്റെ വളർച്ചാസാധ്യതയിൽ വിശ്വാസമുണ്ടായിരുന്നു.

അങ്ങനെ ഭൂമി വിറ്റ് മൂലധനമായതോടെ, കർണാടക സംസ്ഥാന വ്യവസായ വികസന കോർപ്പറേഷനിൽ നിന്ന് ബെംഗളൂരുവിലെ ഹൊസ്‌കോട്ടയിൽ കെട്ടിടം പാട്ടത്തിനെടുത്ത്‌ വിപുലമായ ഫാക്ടറി സ്ഥാപിച്ചു. ഇതിനിടെ, ഐ.ഐ.എമ്മിലെ വിദ്യാഭ്യാസം പൂർത്തിയാക്കി, ഐ.ടി. ജോലിയും ഉപേക്ഷിച്ച് മുസ്തഫ ഐ.ഡി. ഫ്രഷിൽ പൂർണമായി ഇറങ്ങി. ഇതോടെ അദ്ദേഹം കമ്പനിയുടെ സി.ഇ.ഒ. പദവി ഏറ്റെടുത്തു. നാസറും ഷംസുദ്ദീനും ഫാക്ടറിയുടെയും ഉത്പാദനത്തിന്റെയും ചുമതലയിലേക്ക് നീങ്ങി. സെയിൽസിന്റെ ചുമതല ജാഫറിനായി. നൗഷാദാകട്ടെ, മറ്റൊരു ബിസിനസ്സിലേക്ക് മാറി.  

ആദ്യം തിരിച്ചടി
അതുവരെ ബെംഗളൂരു എന്ന ഒരൊറ്റ വിപണിയിൽ ഉണ്ടായിരുന്ന ഐ.ഡി. ഫ്രഷ് ഇതിനിടെ ചെന്നൈയിലേക്കും ചുവടുവച്ചു. പക്ഷേ, തങ്ങളുടെ ഉത്പന്നങ്ങൾ വാങ്ങാൻ ചെന്നൈ വിപണി തയ്യാറായിരുന്നില്ല. കാരണം തങ്ങളുടേതിനെക്കാൾ കുറഞ്ഞ വിലയ്ക്ക് ചെന്നൈയിൽ ദോശമാവ് ലഭിക്കുമായിരുന്നു. ഇതോടെ, കമ്പനി നഷ്ടത്തിലായി. ജീവനക്കാർക്ക് ശമ്പളം പോലും നൽകാനാവാത്ത സ്ഥിതിയിലെത്തി. പലിശ അധിഷ്ഠിത വായ്പ എടുക്കുക, അല്ലെങ്കിൽ ചെന്നൈയിലെ പ്രവർത്തനം നിർത്തുക എന്നതായിരുന്നു ‘വയനാടൻ കസിൻസി’ന്റെ മുന്നിലുണ്ടായിരുന്ന മാർഗങ്ങൾ. ചെന്നൈയിലെ പ്രവർത്തനം നിർത്തുക എന്ന മാർഗമാണ് അവർ സ്വീകരിച്ചത്. 

വീണ്ടും ഫോക്കസ് ബെംഗളൂരുവിലേക്ക്. ഉത്പന്നത്തിന്റെ ഗുണമേന്മ ഒട്ടുംകുറയ്ക്കാതെ ചെലവുകുറയ്ക്കാനുള്ള നടപടികൾ തുടങ്ങി. അതോടെ, കമ്പനി വീണ്ടും ലാഭത്തിലെത്തി. ദോശമാവിൽ ഒതുങ്ങാതെ കൂടുതൽ ഉത്പന്നങ്ങൾ പരീക്ഷിക്കുകയായിരുന്നു അടുത്ത ദൗത്യം. അങ്ങനെ, അപ്പം, അപ്പംമാവ്, ലഘു പലഹാരങ്ങൾ തുടങ്ങിയ ഉത്പന്നങ്ങൾ വിപണയിലിറക്കി. ഇതോടെ, ഒരു പ്രമുഖ വ്യവസായ ഗ്രൂപ്പിന്റെ ഭാഗമായ ഹോട്ടൽ ശൃംഖല ഐ.ഡി. ഫ്രഷിന്റെ പലഹാരങ്ങൾ എടുക്കാൻ രംഗത്തെത്തി. ലക്ഷങ്ങളുടെ ബിസിനസ്.

പക്ഷേ, മദ്യത്തോടൊപ്പം സ്പെഷ്യൽ സ്നാക്‌സ് ആയി നൽകാനാണ് തങ്ങളിൽ നിന്ന് പലഹാരങ്ങൾ വാങ്ങുന്നതെന്നറിഞ്ഞതോടെ മുസ്തഫയും കൂട്ടരും ‘നോ’ പറഞ്ഞു. ഇത്ര ചെറിയൊരു സംരംഭം ആ ഹോട്ടൽ ഗ്രൂപ്പിന്റെ ഓഡർ തള്ളുന്നത് ആദ്യമായിരുന്നു. ഫലമോ ഐ.ഡി. ഫ്രഷിന്റെ പലഹാര ബിസിനസ് പരാജയമായി. മൂന്നു വർഷംകൊണ്ട് അത്തരം ഉത്പന്നങ്ങൾ ഒഴിവാക്കി. ഫ്രഷ് ഫുഡ്‌സ് ആണ് തങ്ങളുടെ വഴിയെന്നും അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടതെന്നും മനസ്സിലാക്കാൻ ആ തീരുമാനം സഹായിച്ചുവെന്ന് മുസ്തഫ വിശ്വസിക്കുന്നു. ഇതിനിടെ, പൊറോട്ടയിൽ വിജയംകണ്ടു. അതോടെ, ദോശ മാവിലും പൊറോട്ടയിലും ശ്രദ്ധ കേന്ദ്രീകരിച്ച് ബെംഗളൂരുവിലെ വിൽപ്പന കൂട്ടാനായി ശ്രമങ്ങൾ. ചപ്പാത്തി, വീറ്റ് പൊറോട്ട, പനീർ, തൈര് എന്നിവയും ഉത്പന്നശ്രേണിയിൽ ചേർത്തു. 

പുതിയ വിപണികള്‍
ഉത്പാദനവും വിതരണവും സ്വന്തം നിലയിലാണ് ഐ.ഡി. ഫ്രഷ് നിർവഹിച്ചത്. 2010-11 ആയപ്പോഴേക്കും വിറ്റുവരവ് 10 കോടി രൂപ കടന്നു. ബെംഗളരുവിലെ അടിത്തറ ശക്തമായതോടെ, ചെന്നൈ വിപണിയിലേക്ക് വീണ്ടും രംഗപ്രവേശം ചെയ്തു. ഇത്തവണ വ്യത്യസ്തമായ തന്ത്രവുമായാണ് ഇറങ്ങിയത്. ചെറിയ നിക്ഷേപത്തിൽ കിച്ചൺ സ്ഥാപിച്ച് പൊറോട്ട മാത്രമാണ് ചെന്നൈയിൽ വിപണനം നടത്തിയത്. ഗുണനിലവാരം ഉറപ്പാക്കി ഉപഭോക്താക്കളുടെയും വ്യാപാരികളുടെ വിശ്വാസം പിടിച്ചതോടെ ദോശമാവും ചെന്നൈ വിപണിയിലെത്തിച്ചു.

അതു വിജയിച്ചതോടെ, കൂടുതൽ വിപണികളിലേക്ക് പ്രവേശിക്കാനുറപ്പിച്ചു. പക്ഷേ, ഇതിന് കൂടുതൽ മൂലധനം ആവശ്യമാണ്. സുഹൃത്തുക്കളെയും ബന്ധുക്കളെയും പങ്കാളികളാക്കി ചേർത്തുകൊണ്ടായിരുന്നു പുതിയ വിപണികളിലേക്കുള്ള പ്രവേശനം. ഓരോ സ്ഥലവും പ്രത്യേക യൂണിറ്റുകളാക്കി പങ്കാളികളെ ചേർക്കുകയായിരുന്നു. മുംബൈ, ഹൈദരാബാദ്, ദുബായ് എന്നിവിടങ്ങളിലേക്കുകൂടി പ്രവേശിക്കാൻ ഇതോടെ കഴിഞ്ഞു. പിന്നീട് 2015-ൽ ഈ യൂണിറ്റുകളെല്ലാം ‘ഐ.ഡി. ഫ്രഷ് ഫുഡ്‌സ്’ എന്ന ഒരൊറ്റ കമ്പനിയിൽ ലയിപ്പിച്ചു. ഐ.ടി.യുടെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടായിരുന്നു ഐ.ഡി. ഫ്രഷ് ഫുഡ്‌സിന്റെ പ്രയാണം. 

2013-ൽ സെക്വയ ക്യാപ്പിറ്റലിൽ നിന്ന് 30 കോടി രൂപയുടെ മൂലധനത്തിന് കരാറായി. ഇതിൽ മൂന്നു കോടി രൂപ മുൻകൂറായി കിട്ടി. ഇതോടെ, വേഗത്തിൽ വളരാനുള്ള അവസരം കൈവന്നു. എന്നാൽ, ദോശമാവ് ബിസിനസ്സിൽ നിന്ന് വലിയ നേട്ടമൊന്നും പ്രതീക്ഷിക്കാനാവില്ലെന്ന മാർക്കറ്റ് റിസർച്ച് ഏജൻസിയുടെ കണ്ടെത്തലിനെത്തുടർന്ന് കൂടുതൽ മുതൽമുടക്കിന് സെക്വയ തയ്യാറായില്ല.

പക്ഷേ, 2014-ൽ ഹീലിയോൺ ക്യാപ്പിറ്റലിൽ നിന്ന് 35 കോടി രൂപ സ്വരൂപിക്കാൻ കഴിഞ്ഞത് നേട്ടമായി. വിപ്രോ മേധാവി അസിം പ്രേംജിയുടെ സ്വകാര്യ നിക്ഷേപക സ്ഥാപനമായ പ്രേംജി ഇൻവെസ്റ്റിൽ നിന്ന് 2017 മാർച്ചിൽ 150 കോടി രൂപയുടെ നിക്ഷേപമെത്തി. ഇതോടെ, വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ് ഐ.ഡി. ഫ്രഷ്.

ഇതിനിടെ, 2015-16-ൽ കമ്പനിയുടെ വിറ്റുവരവ് 100 കോടി രൂപ എന്ന നാഴികക്കല്ലിലെത്തിയിരുന്നു. ഈ വർഷമിത് 240 കോടിയിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. 2023-24 ആകുമ്പോൾ വിറ്റുവരവ് 1,000 കോടി രൂപയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മുസ്തഫ പറയുന്നു.

സാങ്കേതികവിദ്യയുടെ സഹായത്തോടെ ദോശമാവ് ഉന്നത ഗുണനിലവാരത്തോടെ ഉപഭോക്താക്കളിലെത്തിക്കാൻ കഴിഞ്ഞതാണ് ഐ.ഡി. ഫ്രഷിന്റെ വിജയം ഉറപ്പാക്കിയത്. പാക്കിങ്ങിൽ പോലും അത്യാധുനിക സാങ്കേതികത ഉറപ്പാക്കാൻ ഐ.ഡി. ഫ്രഷിന് കഴിഞ്ഞു. ലോകത്തിലെ ഏറ്റവും വിശ്വസ്തമായ ഫ്രഷ് ഫുഡ് ബ്രാൻഡാക്കി ഐ.ഡി. ഫ്രഷിനെ വളർത്തുകയാണ് മുസ്തഫയുടെയും കൂട്ടരുടെയും ലക്ഷ്യം. 

സ്ഥാപകരും ജീവനക്കാരും ഉപഭോക്താക്കളുമടങ്ങുന്ന കൂട്ടായ്മയുടെ വിജയമാണ് ഐ.ഡി. ഫ്രഷിനെ ഇപ്പോഴത്തെ നിലയിലെത്തിച്ചതെന്ന് പി.സി. മുസ്തഫ സാക്ഷ്യപ്പെടുത്തുന്നു. ഇന്ത്യയിലും ഗൾഫിലുമുള്ള മലയാളി വ്യാപാരി സമൂഹം നൽകുന്ന പിന്തുണയും വിജയത്തിന് മുതൽക്കൂട്ടായി. 

പുതിയ സംരംഭകരോട്‌
സംരംഭകത്വം എന്നത് മൂല്യങ്ങൾ മുറുകെപ്പിടിച്ചു നിർവഹിക്കേണ്ട കാര്യമാണെന്ന വിശ്വാസക്കാരനാണ് മുസ്തഫ. ‘ബിസിനസ്’ എന്നു പറയുമ്പോൾ നെഗറ്റീവ് കാഴ്ചപ്പാടാണ് സമൂഹത്തിൽ പൊതുവിലുള്ളത്. ‘നെറികെട്ട വഴിയിൽ പണമുണ്ടാക്കുന്നവരാണ് ബിസിനസ്സുകാർ’ എന്ന ധാരണയാണ് ഇതിനു കാരണം. മൂല്യങ്ങൾ മുറുകെപ്പിടിച്ച്‌, നേരിന്റെ മാർഗത്തിൽ ബിസിനസ് ചെയ്യാൻ ഓരോ സംരംഭകനും മുന്നോട്ടുവന്നാൽ സമൂഹത്തിന്റെ ഈ കാഴ്ചപ്പാട് മാറ്റാനാകും. സംരംഭകത്വത്തിലേക്ക് ഇറങ്ങുന്നവർ ബിസിനസ്സിനെ പരിശുദ്ധമായ പ്രൊഫഷനായി കാണാൻ തയ്യാറാകണമെന്നും മുസ്തഫ പറയുന്നു. 

ഇ-മെയിൽ: roshan@mpp.co.in