വ്യവസായത്തോട്‌ ആഭിമുഖ്യം പുലർത്തുന്ന ഒരു  യുവനിരയെ വളർത്തിയെടുക്കുക എന്നത്‌ കാലഘട്ടത്തിന്റെ ആവശ്യമാണ്‌. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന സ്റ്റാർട്ട്‌ അപ്പ്‌ ഇന്ത്യ നയം ഫലപ്രദമായി നമുക്കും ഉപയോഗപ്പെടുത്തേണ്ടതുണ്ട്‌.

അതിനായി പുതുപുത്തൻ ബിസിനസ്സ്‌ ആശയങ്ങൾ രൂപപ്പെടുത്തുകയും അവയെ ഇൻക്യുബേറ്റ്‌ ചെയ്ത്‌ വ്യവസായ സ്ഥാപനങ്ങളായി വളർത്തി എടുക്കുകയും വേണം. അതിന്‌ ആക്കം കൂട്ടുന്ന ഒന്നാണ്‌ സംരംഭകത്വ വികസന ക്ലബ്ബുകൾ (ഇ.ഡി.സി.) സ്വന്തമായി ഒരു  തൊഴിൽ കണ്ടെത്തുന്നതിന്‌ വ്യവസായ - വാണിജ്യരംഗത്തെ അവസരങ്ങൾ ഉപയോഗപ്പെടുത്തുവാനുള്ള ശ്രമങ്ങളാണ്‌ ഇ.ഡി.ക്ലബ്ബിലൂടെ നടത്തുന്നത്‌.

കേരളത്തിലെ വ്യവസായ - വാണിജ്യ വകുപ്പിന്റെ മേൽനോട്ടത്തിലാണ്‌ ഇ.ഡി.സി.കൾ പ്രവർത്തിക്കുന്നത്‌. കോളേജുകൾ, പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ടെക്‌നിക്കൽ സ്കൂളുകൾ, പ്ലസ്‌ടു വരെയുള്ള വിദ്യാലയങ്ങൾ എന്നിവിടങ്ങളിൽ  സംരംഭ വികസന ക്ലബ്ബുകൾ രൂപവത്‌കരിക്കാവുന്നതാണ്‌. ഇൗ ക്ലബ്ബിലെ അംഗങ്ങൾ വിദ്യാർത്ഥികളാണ്‌. കുറഞ്ഞത്‌ 25 പേർ വേണം. അവരെ നയിക്കുന്നതിന്‌ ഒരു കോ-ഓർഡിനേറ്ററും വേണം.  

ഇവർ അധ്യാപകനോ ഫാക്കൽറ്റി അംഗമോ ആയിരിക്കണം. കൂടാതെ ഒരു മെന്ററും വേണം. ഇത്‌ മുൻ വിദ്യാർത്ഥിയോ, വ്യവസായിയോ ആയാൽ നന്ന്‌. വ്യവസായ സംസ്കാരം വളർത്തുന്നതിനും സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും ഉതകുന്ന  വൈവിധ്യമാർന്ന പ്രവർത്തനങ്ങൾക്ക്‌ ഇ.ഡി.സി.കൾ നേതൃത്വം നൽകണം.

1. വ്യവസായ സംരംഭകത്വ വിഷയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സെമിനാറുകൾ, ചർച്ചകൾ, ശില്പശാലകൾ എന്നിവ സംഘടിപ്പിക്കുക.
2. വിജയകരമായി സംരംഭങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നവരുമായി അനുഭവങ്ങൾ പങ്ക്‌ വയ്ക്കുന്ന പരിപാടികൾ നടത്തുക.
3. വ്യവസായ  സ്ഥാപനങ്ങളിൽ നേരിട്ട്‌ സന്ദർശനം നടത്തി ഉത്‌പാദന - വിതരണ രീതികൾ മനസ്സിലാക്കാൻ അവസരം ഒരുക്കുക
4. പ്രത്യേക മേഖലകളെ സംബന്ധിച്ച്‌ ഉദാ: ഭക്ഷ്യസംസ്കരണം, റബ്ബർ അധിഷ്ഠിതം, ഗാർമെന്റ്‌, എൻജിനിയറിങ്‌, പ്ലാസ്റ്റിക്‌, ഇലക്‌ട്രോണിക്സ്‌, ഐ.ടി., ബയോടെക്‌നോളജി, കരകൗശലം എന്നിവയെപ്പറ്റി പ്രത്യേക സാധ്യതാ പഠനങ്ങൾ നടത്തുക.
5. വിഭവ സമാഹരണം, കയറ്റുമതി, വിപണനം, നിയമപരമായ നടപടികൾ എന്നിവയെ സംബന്ധിച്ച്‌ അറിവ്‌ പകരുന്ന പരിപാടികൾ സംഘടിപ്പിക്കുക
6. ലഘു ഉത്‌പാദന - സേവന സംരംഭങ്ങൾ ആരംഭിക്കുകയും നടത്തുകയും ചെയ്യുക. താത്‌പര്യമുള്ളവർക്ക്‌ അതിൽ പരിശീലനം നൽകുക.
7. വ്യവസായ - ഉത്‌പന്ന പ്രദർശന പരിപാടികൾ സംഘടിപ്പിക്കുക
8. ഇൻക്യുബേഷൻ സെന്ററുകൾ തുടങ്ങുക

ഇത്തരത്തിൽ വ്യവസായ രംഗത്തേക്ക്‌ വിദ്യാർത്ഥികളുടെ സജീവ ശ്രദ്ധ ആകർഷിക്കാൻ പോന്ന പരിപാടികൾ നടത്തുകയാണ്‌  ഇ.ഡി.സി.കളുടെ ദൗത്യം

ക്ലബ്ബുകളുടെ പ്രവർത്തനത്തിന്‌ ധനസഹായവും നൽകിവരുന്നു. അതത്‌ ജില്ലാ വ്യവസായ കേന്ദ്രത്തിലാണ്‌ ഇതിനായി അപേക്ഷ നൽകേണ്ടത്‌. 10 ശതമാനം തുക അതത്‌ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കണ്ടെത്തണമെന്നാണ്‌ ചട്ടം. സംസ്ഥാനത്തെ തിരഞ്ഞെടുത്ത ഇരുന്നൂറിലധികം വിദ്യാലയങ്ങളിൽ സർക്കാർ ധനസഹായത്തോടെ ഇപ്പോൾ ഇ.ഡി.സി.കൾ പ്രവർത്തിച്ചുവരുന്നു. ഇ.ഡി. ക്ലബ്ബുകൾ ആരംഭിക്കുവാൻ ഉദ്ദേശിക്കുന്ന വിദ്യാലയങ്ങൾ അതത്‌ ജില്ലാ വ്യവസായ കേന്ദ്രങ്ങളുമായി ബന്ധപ്പെടണം.

10-ാം ക്ലാസ്സിന്‌ മുകളിൽ കോഴ്‌സുകൾ നടത്തുന്ന എല്ലാത്തരം വിദ്യാലയങ്ങൾക്കും ഇ.ഡി.സി.കൾ ഉണ്ടാക്കാം. പ്ലസ്‌ ടു സ്കൂളുകളിലും, പി.ജി.സ്ഥാപനങ്ങളിലും ഇപ്പോൾ ഇ.ഡി.സി.കൾ പ്രവർത്തിക്കുന്നുണ്ട്‌.
എന്തുകൊണ്ട്‌ തൊഴിൽ അന്വേഷകർ ആകുന്നതിന്‌ പകരം അത്‌ നൽകുന്നതിന്റെ സുഖത്തെക്കുറിച്ച്‌ വിദ്യാർത്ഥികൾക്ക്‌ ചിന്തിച്ച്‌ കൂടാ ?

പാലക്കാട്‌ ജില്ലാ വ്യവസായ കേന്ദ്രം മാനേജരാണ്‌ ലേഖകൻ. ഇ-മെയിൽ: chandrants666@gmail.com