കേരളത്തിൽനിന്ന് എം.ബി.ബി.എസ്. പഠന ശേഷം ഉപരിപഠനത്തിനായി ഇംഗ്ലണ്ടിലെത്തി. അവിടന്ന് ഫാമിലി മെഡിസിനിലും ഡെർമെറ്റോളജി മേഖലയിലും തന്റേതായ വ്യക്തമുദ്ര പതിപ്പിച്ച് സംരംഭകത്വ ലക്ഷ്യവുമായി ഒാസ്‌ട്രേലിയയിലേക്ക്. ഇന്ന് ഓസ്‌ട്രേലിയയിലെ അറിയപ്പെടുന്ന കോസ്‌മെറ്റിക് ഡോക്ടറും നിക്ഷേപകയുമാണ് ചൈതന്യ ഉണ്ണി. കോഴിക്കോട് സ്വദേശിയായ ഇവർ ഏഴ് മെഡിക്കൽ സെന്ററുകളുടെ ഉടമ കൂടിയാണ്. 

ഫാമിലി മെഡിസിന്റെ കൂടെ കോസ്‌മെറ്റിക്  മേഖലയിലുള്ള താത്പര്യമാണ് ചൈതന്യ ഉണ്ണി (തന്യ ഉണ്ണി) യെ സംരംഭകയാക്കിയത്. 2010-ൽ ‘അംടാൻ’ എന്ന പേരിൽ ആദ്യ മെഡിക്കൽ സെന്റർ ആരംഭിച്ചു. അതോടൊപ്പം കോസ്‌മെറ്റിക്  മേഖലയിൽ കൂടുതൽ പരീക്ഷണങ്ങളുമായി മുന്നോട്ടുപോയി. അങ്ങനെ ഫേസ് വാഷ്, വിവിധയിനം ക്രീമുകൾ തുടങ്ങി നിരവധി കോസ്‌മെറ്റിക് ഉത്പന്നങ്ങൾ അവതരിപ്പിച്ചു.

ഉത്പന്നങ്ങളുടെ നിരയിലേക്ക് ന്യു സോണിക് (nu sonic) എന്ന പേരിൽ കോസ്‌മെറ്റിക് സ്‌കിൻ ഡിവൈസും വികസിപ്പിച്ചെടുത്തു. ഈ ഉപകരണത്തിന് അന്താരാഷ്ട്ര പേറ്റന്റും ലഭിച്ചിട്ടുണ്ട്. ഇന്ന് ഉത്പന്നങ്ങളുടെ കൂടെ ഉപകരണവും പല രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. കാൻസർ രോഗികളുടെ ചർമ സംരക്ഷണത്തിനും പ്രത്യേകം പ്രാധാന്യം നൽകിയി
ട്ടുണ്ട്.

നിലവിലെ മെഡിക്കൽ സെന്ററുകൾ കൂടാതെ 2019 മാർച്ചിനുള്ളിൽ മൂന്നെണ്ണം കൂടി ആരംഭിക്കാനുള്ള  പ്രവർത്തനങ്ങൾ നടന്നു വരികയാണ്. ഇവ ഓസ്‌ട്രേലിയയിൽ തന്നെയാണ് ആരംഭിക്കുന്നത്. പിന്നീട് ഇന്ത്യയിലേക്ക് വ്യാപിപ്പിക്കും. കോസ്‌മെറ്റിക് സ്‌കിൻ ഡിവൈസും ഉത്പന്നങ്ങളും ഇന്ത്യൻ വിപണിയിലേക്ക് അവതരിപ്പിക്കാൻ പദ്ധതിയുണ്ടെന്ന് തന്യ പറഞ്ഞു.

പ്രവർത്തന മികവിന്റെ പേരിൽ ‘ഇന്ത്യ-ഓസ്‌ട്രേലിയ ബിസിനസ് ആൻഡ് കമ്യൂണിറ്റി’യുടെ 2018-ലെ ‘ബിസിനസ് ലീഡർ ഓഫ് ദി ഇയർ’, ‘ബിസിനസ് വുമൺ ഓഫ് ദി ഇയർ’ അവാർഡുകളുടെ അന്തിമഘട്ടത്തിലും എത്തി നിൽക്കുകയാണ്. 

സിനിമയിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച ചൈതന്യ ഉണ്ണി നർത്തകി കൂടിയാണ്. ഒ. ചന്തുമേനോന്റെ ‘ഇന്ദുലേഖ’ നോവലിനെ ആസ്പദമാക്കി അടുത്തിടെ ഡാൻസ് ഡ്രാമ അവതരിപ്പിച്ചിരുന്നു. ഒ. ചന്തുമേനോന്റെ ചെറുമകൾ ജ്യോതി മേനോന്റെ മകളാണ് ചൈതന്യ ഉണ്ണി. ഭർത്താവ് ഡോ. അമീറിനും രണ്ടു കുട്ടികൾക്കുമൊപ്പം ഓസ്‌ട്രേലിയയിലാണ് താമസം.