Byju'sസാങ്കേതികവിദ്യയുടെ സഹായത്തോടെ വിദ്യാഭ്യാസ പരിശീലനം നൽകുന്ന കമ്പനികളുടെ കാലമാണിത്. ‘എഡ്‌ടെക്’ എന്നാണ് ഈ മേഖല അറിയപ്പെടുന്നത്. ഇന്ത്യയിൽ ഈ മേഖലയിലെ ഏറ്റവും മൂല്യമുള്ള സ്റ്റാർട്ടപ്പ് കമ്പനിയായ ബെംഗളൂരുവിലെ ‘തിങ്ക് ആൻഡ് ലേണി’ന്റെ സ്ഥാപകൻ ഒരു മലയാളിയാണ്.

തിങ്ക് ആൻഡ് ലേൺ എന്നു പറഞ്ഞാൽ പലർക്കും അറിയണമെന്നില്ല. ‘ബൈജൂസ് ലേണിങ് ആപ്പ്’ എന്ന് കേട്ടാൽ ഇന്ന് പലരും അറിയും. ഫെയ്‌സ്ബുക്കിന്റെ സ്ഥാപകൻ സാക്ഷാൽ മാർക്ക് സക്കർബർഗിന്റെ മൂലധന നിക്ഷേപം എത്തിയ ഏഷ്യയിലെ ആദ്യ സ്റ്റാർട്ടപ്പാണ് ഇന്ന് ബൈജൂസ്. 

 ഇതിന്റെ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ബൈജു രവീന്ദ്രൻ കണ്ണൂർ ജില്ലയിലെ അഴീക്കോടുകാരനാണ്. അധ്യാപക ദമ്പതിമാരായ രവീന്ദ്രന്റെയും ശോഭനവല്ലിയുടെയും മകൻ. പഠനത്തിൽ എന്നും മികവ് പുലർത്തിയിരുന്ന ബൈജു, അഴീക്കോട്ടെ സർക്കാർ സ്കൂളിൽ മലയാളം മീഡിയത്തിലായിരുന്നു പഠിച്ചത്.

പഠനകാലത്ത് മാത്‌സ് ഒളിമ്പ്യാഡിലും സയൻസ് ക്വിസ്സിലുമെല്ലാം ബൈജു മെഡലുകൾ വാരിക്കൂട്ടി. പ്ലസ് ടു പഠന ശേഷം, കണ്ണൂർ എൻജിനീയറിങ് കോളേജിൽ ബി.ടെക്കിന് ചേർന്നു. വിജയകരമായി ബി.ടെക് പൂർത്തിയാക്കിയ ശേഷം, ഒരു മൾട്ടി നാഷണൽ ഷിപ്പിങ് കമ്പനിയിൽ സർവീസ് എൻജിനീയറായി ജോലിയിൽ പ്രവേശിച്ചു. അവധിക്ക് നാട്ടിൽ വന്ന ബൈജു, തന്റെ സുഹൃത്തുക്കളെ കാണാനായി ബെംഗളൂരുവിലെത്തി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐ.ഐ.എം.) കാമ്പസുകളിലെ എം.ബി.എ. പ്രവേശനത്തിനായുള്ള ‘ക്യാറ്റ്’ പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു കൂട്ടുകാർ. പ്രവേശന പരീക്ഷയുടെ തയ്യാറെടുപ്പിൽ ബൈജു അവരെ സഹായിച്ചു.

സുഹൃത്തുക്കളുടെ നിർബന്ധത്തിന് വഴങ്ങി ബൈജുവും പരീക്ഷ എഴുതി. ഫലം വന്നപ്പോൾ ‘ക്യാറ്റ് ടോപ്പർ’. ഏറ്റവും ബുദ്ധിമുട്ടേറിയ പ്രവേശന പരീക്ഷകളിലൊന്നായ ‘ക്യാറ്റ്’, യാതൊരു തയ്യാറെടുപ്പുമില്ലാതെ തനിക്കെങ്ങനെ നേടാനായി എന്ന ചോദ്യം ബൈജുവിന്റെ മനസ്സിൽ ഉയർന്നു. പഠനം രസകരവും എളുപ്പവുമാക്കിയതിലൂടെയാണ് അത് നേടിയതെന്ന തിരിച്ചറിവാണ് അദ്ദേഹത്തിനുണ്ടായത്. ആ മാർഗം മറ്റുള്ളവർക്ക് പകർന്നുനൽകുന്നതിനായി അദ്ദേഹത്തിന്റെ അടുത്ത ശ്രമങ്ങൾ. 

അങ്ങനെ, 2007-ൽ ബെംഗളൂരുവിലെ ജ്യോതി നിവാസ് കോളേജിൽ വാരാന്തങ്ങളിൽ സുഹൃത്തുക്കളുടെ സഹായത്തോടെ ക്യാറ്റ് പരിശീലന ക്ലാസുകൾ നടത്താൻ തുടങ്ങി. എങ്ങനെ ശരിയായി പഠിക്കാമെന്നും എങ്ങനെ എളുപ്പത്തിൽ പാഠങ്ങൾ മനസ്സിലാക്കാമെന്നും ബൈജുവിന്റെ വിദ്യാർത്ഥികൾക്ക് ബോധ്യപ്പെട്ടു. വിദ്യാർത്ഥികളുടെ എണ്ണം അമ്പതിൽ നിന്ന് ആയിരത്തിലേറെയായി ഉയർന്നു. രാജ്യത്തെ പ്രധാന നഗരങ്ങളിലേക്ക് പരിശീലന പരിപാടി വ്യാപിച്ചു. ഇതിനിടെ, മറ്റു പൊതുപ്രവേശന പരീക്ഷകൾക്കുള്ള പരിശീലനവും തുടങ്ങി. 

സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതൽ കുട്ടികളിലേക്ക് ലളിതമായ പഠനമാർഗങ്ങൾ പരിചയപ്പെടുത്താനുള്ള ശ്രമങ്ങളായി പിന്നീട്. ഇതിനായി 2011-ൽ ‘തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡ്’ എന്ന പേരിൽ കമ്പനിക്ക്‌ രൂപം നൽകി. സ്കൂൾ കുട്ടികളുടെ പഠനം എളുപ്പമാക്കി അവരുടെ വിദ്യാഭ്യാസ അടിത്തറ ശക്തമാക്കുകയായിരുന്നു ലക്ഷ്യം.

നാല്‌ വർഷത്തെ ശ്രമഫലമായി സ്കൂൾ കുട്ടികൾക്കായി കണക്ക്, ശാസ്ത്രം എന്നീ വിഷയങ്ങളിലുള്ള കണ്ടന്റ് തയ്യാറാക്കി മൊബൈൽ ആപ്പിലൂടെ ലഭ്യമാക്കി. 2015 ആഗസ്തിലാണ് ബൈജൂസ് ലേണിങ് ആപ്പിന് തുടക്കമിട്ടത്. മൊബൈൽ ആപ്ലിക്കേഷന്റെ സഹായത്തോടെ വീട്ടിലിരുന്ന് സ്വന്തമായി പഠിക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്നതാണ് ബൈജൂസ് ആപ്പ്. കുട്ടികൾക്ക് സ്വന്തമായും എളുപ്പത്തിലും പഠിക്കാൻ ഈ ലേണിങ് ആപ്പ് പ്രചോദനം നൽകുന്നു. നാലാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായുള്ള പാഠങ്ങൾ ആപ്പിലൂടെ ലഭ്യമാക്കിയിട്ടുണ്ട്.

ആപ്പ് അവതരിപ്പിച്ച് ഒരു വർഷത്തിനുള്ളിൽ 55 ലക്ഷം പേരാണ് അത് ഡൗൺലോഡ് ചെയ്തത്. നഗരങ്ങളിലുള്ള കുട്ടികൾ മാത്രമല്ല ഇന്ന് ബൈജൂസ് ആപ്പ് ഉപയോഗിക്കുന്നത്. രാജ്യത്തെ 1,400 ഓളം പട്ടണങ്ങളിലും ഗ്രാമങ്ങളിലുമുള്ള കുട്ടികൾ ഇത് പ്രയോജനപ്പെടുത്തുന്നുണ്ട്. ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ഐ.ഒ.എസ് ആപ്പ് സ്റ്റോർ എന്നിവയിൽ നിന്ന് ബൈജൂസ് ആപ്പ് സൗജന്യമായി ഡൗൺലോഡ് ചെയ്യാം. കൂടുതൽ കണ്ടന്റ് വേണമെന്നുള്ളവർക്ക് ചെറിയൊരു ഫീസ് നൽകിയാൽ മതി. രണ്ടര ലക്ഷത്തിലേറെ പേർ ഇന്ന് വാർഷിക ഫീസ് നൽകി ആപ്പ് ഉപയോഗിക്കുന്നുണ്ട്.

ലോകോത്തര നിലവാരത്തിലുള്ള അധ്യാപകരുടെ സഹായത്തോടെയാണ് ആപ്പിനായുള്ള പാഠഭാഗങ്ങൾ തയ്യാറാക്കുന്നത്. സ്വന്തമായി വികസിപ്പിച്ച കണ്ടന്റാണ് ഉപയോഗിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. വീഡിയോ, ഗ്രാഫിക്സ് എന്നിവയുടെ പിന്തുണയോടെയാണ് പാഠങ്ങൾ തയ്യാറാക്കുന്നത്. കുട്ടികളുടെ പഠന നിലവാരം വിശകലനം ചെയ്ത്, എന്തെങ്കിലും പോരായ്മകളുണ്ടെങ്കിൽ അത് പരിഹരിച്ച്, പഠനം മെച്ചപ്പെടുത്താനുള്ള മാർഗങ്ങൾ ലേണിങ് ആപ്പിലുണ്ട്.

കുട്ടികൾക്ക് ലളിതവും രസകരവുമായി പഠിക്കാനുള്ള അവസരമാണ് ആപ്പിലൂടെ ഒരുക്കുന്നതെന്ന് സി.ഇ.ഒ.യും സ്ഥാപകനുമായ ബൈജു രവീന്ദ്രൻ പറയുന്നു. പഠിക്കുന്നത് ഇഷ്ടപ്പെടാൻ തുടങ്ങിയാൽ രക്ഷിതാക്കളുടെ പ്രേരണ ഇല്ലാതെ തന്നെ കുട്ടികൾ സ്വന്തംനിലയിൽ പഠിക്കാൻ തുടങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. 

ബൈജൂസ് ആപ്പ് ഉപയോഗിക്കുന്ന കുട്ടികളുടെ പഠന നിലവാരത്തിൽ കാര്യമായ പുരോഗതിയുണ്ടെന്ന് ഒരു സർവേയിൽ 90 ശതമാനത്തിലധികം രക്ഷിതാക്കളും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇതാണ് ഫെയ്‌സ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗിനെ ബൈജൂസിൽ മൂലധന നിക്ഷേപം നടത്താൻ പ്രേരിപ്പിച്ചത്. സക്കർബർഗും ഭാര്യ ഡോ. പ്രിസില്ല ചാനും ചേർന്ന് ‘ചാൻ സക്കർബർഗ് ഇനിഷ്യേറ്റീവ്’ എന്ന പേരിലുള്ള സംരംഭത്തിലൂടെയാണ് ബൈജൂസിൽ നിക്ഷേപം നടത്തിയിരിക്കുന്നത്.

ഇവർ ഏഷ്യയിൽ നടത്തുന്ന ആദ്യ നിക്ഷേപമാണ് ബൈജൂസിലേത്. ഓരോ കുട്ടിക്കും അനുയോജ്യമായ രീതിയിൽ ഏറെ ഫലപ്രദമായി പഠനം എളുപ്പമാക്കുകയാണ് ബൈജൂസ് ചെയ്യുന്നതെന്ന് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ മാർക്ക് സക്കർബർഗ് പറയുന്നു. ലോകത്തിലെ കൂടുതൽ കുട്ടികളിലേക്ക് ഈ പഠനമാധ്യമം എത്തിക്കാനാണ് ബൈജൂസുമായുള്ള പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. 

ഇന്ന് ഇന്ത്യയിൽ ഏറ്റവുമധികം മൂലധന നിക്ഷേപം ലഭിച്ച എഡ്‌ടെക് സ്റ്റാർട്ടപ്പ് സംരംഭമാണ് ബൈജൂസ്. ഇതിനോടകം ഏതാണ്ട് 1,000 കോടി രൂപയുടെ മൂലധന നിക്ഷേപമാണ് ബൈജൂസിനെ തേടിയെത്തിയത്. സക്കർബർഗിന്റേത് ഉൾപ്പെടെ ഏറ്റവും ഒടുവിലത്തെ റൗണ്ടിൽ (2016 സപ്തംബർ) 330 കോടി രൂപ ലഭിച്ചു.

2016 മാർച്ച് മാസത്തിൽ അന്താരാഷ്ട്ര വെഞ്ച്വർ ക്യാപ്പിറ്റൽ കമ്പനികളായ സെക്വയ, സോഫിന എന്നിവയിൽ നിന്നായി 510 കോടി രൂപ സമാഹരിച്ചിരുന്നു. അതിന് മുമ്പ് രണ്ട് ഘട്ടങ്ങളിലായി 215 കോടി രൂപയും നേടി. ഏറ്റവുമൊടുവിലത്തെ മൂലധന നിക്ഷേപം അനുസരിച്ച് കമ്പനിയുടെ മൂല്യം ഇപ്പോൾ 3,500 കോടി രൂപയ്ക്കടുത്ത് എത്തിനിൽക്കുകയാണ്. 

ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയിൽ 1,000 ത്തിലേറെ പേരാണ് ജോലി ചെയ്യുന്നത്. ഡിസംബറോടെ ഇത് 1,500 ആകും. കഴിഞ്ഞ സാമ്പത്തിക വർഷം കമ്പനിയുടെ വരുമാനം 120 കോടി രൂപയായിരുന്നു. ഈ സാമ്പത്തിക വർഷം ആദ്യ അഞ്ച് മാസം കൊണ്ടുതന്നെ ഇത് മറികടക്കാൻ കഴിഞ്ഞു. 

ഇന്ന് ഇന്ത്യയിൽ കുട്ടികൾക്കായുള്ള ഏറ്റവും വലിയ ലേണിങ് ആപ്പായി ‘ബൈജൂസ്’ വളർന്നിട്ടുണ്ട്. പഠനം എങ്ങനെ കൂടുതൽ ലളിതവും രസകരവുമാക്കാമെന്നും എങ്ങനെ കൂടുതൽ ഫലപ്രദമാക്കാമെന്നും എങ്ങനെ വ്യക്തികേന്ദ്രീകൃതമാക്കാമെന്നുമുള്ള ഗവേഷണം തുടരുമെന്ന് ബൈജു പറയുന്നു.

ലോകം മുഴുവനുള്ള വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട രീതിയിൽ ലളിതമായ പഠനോപാധികൾ ഒരുക്കിക്കൊടുക്കാൻ കഴിയുമെന്ന് അദ്ദേഹം ഉറച്ചുവിശ്വസിക്കുന്നു. ഇന്ത്യയിൽ വിജയിച്ച ഈ മാതൃക കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ബൈജൂസ് ലക്ഷ്യമിടുന്നത്. പ്രഗത്ഭരായ നിക്ഷേപകരുടെ പങ്കാളിത്തം ഇതിന് ശക്തിപകരും. 

ഇ-മെയിൽ: roshan36@gmail.com