സംരംഭങ്ങളിലെ മത്സരക്ഷമത ഉയർത്തുന്നതിന്‌ സാങ്കേതിക വിദ്യയ്ക്കും മെഷിനറികൾ, ഉപകരണങ്ങൾ എന്നിവയ്ക്കും വലിയ പങ്കുണ്ട്‌. പുതുസംരംഭകർ വേണ്ടത്ര പ്രാധാന്യം കൊടുക്കാതെ പോകുന്ന ഒരു മേഖലയാണ്‌ ഇത്‌. ഉത്പന്നങ്ങളിൽ ഐകരൂപ്യം ഉണ്ടാക്കിയെടുക്കാനും മികച്ച ഗുണമേന്മ ഉറപ്പുവരുത്താനും ഉത്പാദനച്ചെലവ്‌ കുറയ്ക്കാനും ഈ ഘടകങ്ങളെ വേണ്ട രീതിയിൽ ഉപയോഗിച്ചാൽ സംരംഭകർക്ക്‌ കഴിയും. അധ്വാനം കൂടുതൽ ആവശ്യമായ തൊഴിലാളി വിഭാഗങ്ങളെ കുറയ്ക്കാനും ഇത്തരം സാങ്കേതികവിദ്യകൾക്ക്‌ കഴിയും. മെഷിനറികളും സാങ്കേതികവിദ്യകളും തിരഞ്ഞെടുക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്‌.

1. അതിനൂതന സാങ്കേതികവിദ്യ ഉപയോഗിക്കണം

ഏറ്റവും നൂതനമായ സാങ്കേതികവിദ്യ ഉപയോഗിക്കാനായിരിക്കണം ശ്രദ്ധിക്കേണ്ടത്‌. ഇതിനെ സഹായിക്കുന്ന ഇൻക്യുബേഷൻ കേന്ദ്രങ്ങളും ഗവേഷണ സ്ഥാപനങ്ങളും ഇന്ന്‌ കേരളത്തിലുണ്ട്‌. കേരള അഗ്രികൾച്ചർ യൂണിവേഴ്‌സിറ്റി, പിറവം അഗ്രോ പാർക്ക്‌, എം.പി.ഇ.ഡി.എ., എൻ.ഐ.ടി., സി.എഫ്.ടി.ആർ.ഐ. തുടങ്ങി നിരവധി സ്ഥാപനങ്ങൾ ഇൗ രംഗത്ത്‌ സേവനം നടത്തുന്നുണ്ട്‌. പുതിയ സാങ്കേതികവിദ്യ അനുസരിച്ചുള്ള മെഷിനറികളും ഉപകരണങ്ങളും ഡിസൈൻ ചെയ്യാനും ഇതുകൊണ്ട്‌ കഴിയും.

2. കെട്ടിട നിർമാണം

സംരംഭം തുടങ്ങാൻ കെട്ടിടം പണിയും മുമ്പ്‌ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന മെഷിനറികൾ സംബന്ധിച്ച്‌ കൃത്യമായ ധാരണ ഉണ്ടാകണം. ഇതിന്റെ പൊക്കം, വിസ്തീർണം, ഭാരം ഇവയെ സൗകര്യപ്പെടുത്തുന്ന രീതിയിൽ വേണം കെട്ടിടം നിർമിക്കാൻ. കെട്ടിടത്തിന്റെ മുകളിലെ നിലകളിൽ മെഷിനറികൾ സ്ഥാപിച്ചാൽ നിരന്തരമായ കയറ്റിറക്ക്‌ ചെലവുകൾ അധിക ബാധ്യതയായി വരാറുണ്ട്‌ എന്നതും ശ്രദ്ധിക്കണം.

3. വിലകൾ മാത്രം തട്ടിച്ചുനോക്കിയാൽ പോരാ

വിലകൾ താരതമ്യം ചെയ്ത്‌ മെഷിനറികൾ വാങ്ങുന്ന രീതിയാണ്‌ പൊതുവിൽ സംരംഭകർ സ്വീകരിച്ചുവരുന്നത്‌. ഇതിന്റെ ശേഷി, നിർമിച്ചിരിക്കുന്ന മെറ്റീരിയലുകൾ, ഇന്ധനക്ഷമത, തൊഴിലാളി ഉപയോഗം എന്നിവ കൂടി പരിഗണിക്കേണ്ടതുണ്ട്‌. എം.എസ്‌., ജി.ഐ., എസ്‌.എസ്‌. എന്നീ മെറ്റീരിയലുകൾ ഉപയോഗിച്ചാണ്‌ സാധാരണ മെഷിനറികൾ നിർമിച്ചുവരുന്നത്‌. ഇവ തമ്മിലുള്ള വില വ്യത്യാസം കൂടി പരിഗണിക്കണം.

4. ഇൻസ്റ്റലേഷനും ട്രയൽ റണ്ണും ഉറപ്പാക്കണം

മെഷിനറികൾക്ക്‌ ഓർഡർ നൽകുമ്പോൾ അത്‌ സൈറ്റിൽ എത്തിക്കുന്നതിനും ഇൻസ്റ്റലേഷൻ നടത്തുന്നതിനും ട്രയൽ റൺ എടുക്കുന്നതിനും വ്യവസ്ഥ ഉണ്ടായിരിക്കണം. എക്സ്‌ ഫാക്ടറി എന്ന രീതിയിലുള്ള ക്വട്ടേഷനുകൾ സ്വീകരിക്കുമ്പോൾ അതിൽ ഇത്തരം സേവനങ്ങൾ ഉൾപ്പെടുന്നില്ല എന്ന കാര്യം പല സംരംഭകരും ഓർക്കാറില്ല. കുറച്ച്‌ പ്രവൃത്തിപരിചയവും മെഷനറി സപ്ലയറിൽനിന്നു നേടിയെടുക്കാൻ കഴിയും.

5. സംരംഭം നേരിട്ട്‌ കാണാൻ ആവശ്യപ്പെടാം

ഓർഡർ ചെയ്തിരിക്കുന്ന മെഷിനറികളുടെ പ്രവർത്തനം കാണണമെന്ന്‌ സപ്ളയറോട്‌ ആവശ്യപ്പെടാം. നേരത്തെ ഇത്തരം മെഷിനറികൾ സ്ഥാപിച്ചുകൊടുത്തിരിക്കുന്ന സ്ഥാപനങ്ങളിൽ കൊണ്ടുപോയി കാണിച്ചുതരുന്നതാണ്‌.

ഇങ്ങനെ കാണുന്നതുകൊണ്ട്‌ ഫലപ്രദമായ രീതിയിൽ ഇൻസ്റ്റലേഷൻ സൗകര്യങ്ങൾ ഒരുക്കാനും അത്യാവശ്യമില്ലാത്തവയെ ഒഴിവാക്കാനും സാധിക്കും. ധാരാളം പാഴ്‌ച്ചെലവുകൾ ഒഴിവാക്കാൻ കഴിയും.

6. വില്പനാനന്തര സേവനം ഉറപ്പാക്കണം

പുതുസംരംഭകർ പലപ്പോഴും ഇക്കാര്യം ശ്രദ്ധിക്കാറില്ല. ഏതെങ്കിലും ഒരു മെഷിനറിക്കോ ഉപകരണത്തിനോ കേടുപാടുകൾ സംഭവിച്ചാൽ അല്പംപോലും സമയം നഷ്ടമാക്കാതെ തന്നെ അത്‌ റിപ്പെയർ ചെയ്യാൻ കഴിയണം. ഒരു ഫോൺകോൾ കൊണ്ട്‌ ഇത്തരം സേവനങ്ങൾ ലഭ്യമാകുന്ന തരത്തിൽ ഒരു ധാരണ സപ്ളയറുമായി മുൻകൂട്ടി ഉണ്ടാക്കണം. കോയമ്പത്തൂർ പോലുള്ള കേന്ദ്രങ്ങളിൽനിന്ന്‌ വില കുറച്ച്‌ മെഷിനറികൾ വാങ്ങുമ്പോൾ ഇത്തരം സൗകര്യങ്ങൾ ലഭിക്കാറില്ല.

7. വില കൂട്ടി കാണിക്കാൻ ശ്രമിക്കരുത്‌

കൂടുതൽ വായ്പ എടുക്കാനായി മെഷിനറികളുടെ ക്വട്ടേഷൻ തുകകൾ കൂട്ടിക്കാണിക്കാൻ പല സംരംഭകരും ശ്രമിക്കാറുണ്ട്‌. ഇത്‌ വലിയ നഷ്ടം ഉണ്ടാക്കി വയ്ക്കും. മെഷിനറികളുടെ ജി.എസ്‌.ടി. 18 ശതമാനമാണെന്ന്‌ ഓർക്കണം. സാധാരണഗതിയിൽ കമ്മിഷൻ എടുക്കാതെ സപ്ളയർമാർ തുക അനുവദിച്ചു തരികയില്ല. യാഥാർഥ്യബോധത്തോടു കൂടിയുള്ള കൃത്യമായ ക്വട്ടേഷനുകൾ വാങ്ങി വേണം സമർപ്പിക്കാൻ.

8. റെഡി മെഷിനറികൾ ലഭ്യമല്ലാതാകുമ്പോൾ

ചില സംരംഭകർ ഉദ്ദേശിക്കുന്ന രീതിയിലുള്ള ‘റെഡി ടു ഇൻസ്റ്റാൾ’ മെഷിനറികൾ വിപണിയിൽ ലഭ്യമാകണമെന്നില്ല. അത്തരം സാഹചര്യങ്ങളിൽ ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുകയാണ്‌ വേണ്ടത്‌. നല്ല നിലയിൽ പ്രവർത്തിച്ചുവരുന്ന എൻജിനീയറിങ്‌ സ്ഥാപനത്തെക്കണ്ട്‌ ആവശ്യം കൃത്യമായി പറഞ്ഞ്‌ അത്തരം മെഷിനറികൾ ഫാബ്രിക്കേറ്റ്‌ ചെയ്ത്‌ എടുക്കാൻ കഴിയും.

9. പഴയ മെഷിനറികൾ വാങ്ങുമ്പോൾ ജാഗ്രത വേണം

വളരെ കുറച്ച്‌ സമയം മാത്രം ഉപയോഗിച്ച്‌ മെഷിനറികൾ പലപ്പോഴും ലഭിക്കാറുണ്ട്‌. ആധുനിക സാങ്കേതിക സൗകര്യങ്ങൾ ലഭ്യമാക്കാൻ കഴിയുന്നവയാണ്‌ അവയെങ്കിൽ വലിയ പ്രശ്നം ഉണ്ടാകില്ല. അപ്രകാരം അല്ലാത്തവ വാങ്ങാൻ ശ്രമിക്കരുത്‌. സർക്കാർ ആനുകൂല്യങ്ങൾക്കോ വായ്പ ലഭിക്കുന്നതിനോ പഴയ മെഷിനറികൾ പരിഗണിക്കുകയില്ല എന്ന കാര്യം കൂടി സംരംഭകർ ഓർത്തിരിക്കണം.

10. 50 ശതമാനം വരെ സർക്കാർ സബ്‌സിഡി

പുതിയ സാങ്കേതിക വിദ്യകൾ വാങ്ങുന്നതിനും സ്വന്തം നിലയിൽ വികസിപ്പിക്കുന്നതിനും 50 ശതമാനം വരെ സബ്‌സിഡി നൽകിവരുന്നുണ്ട്‌. കേന്ദ്ര സർക്കാരിന്റെ ടെക്‌നോളജി അക്വസിഷൻ ആൻഡ്‌ ഡെവലപ്‌മെന്റ്‌ ഫണ്ട്‌ (ടി.എ.ഡി.എ.) അനുസരിച്ചാണ്‌ ഇത്‌. സൂക്ഷ്മ-ചെറുകിട സംരംഭങ്ങൾക്ക്‌ 20 ലക്ഷം രൂപ വരെ ഇങ്ങനെ ലഭിക്കും.

സംസ്ഥാന സർക്കാരിന്റെ എന്റർപ്രണർ സപ്പോർട്ട്‌ സ്കീം പ്രകാരം പുതിയ സാങ്കേതിക വിദ്യകൾ സ്വന്തമാക്കുന്നതിന്‌ സാധാരണ സബ്‌സിഡിക്കു പുറമെ 10 ശതമാനം അധിക സബ്‌സിഡിയും നൽകിവരുന്നു. ‘ടെക്‌നോളജി സപ്പോർട്ട്‌ ’ എന്നാണ്‌ ഈ ആനുകൂല്യം അറിയപ്പെടുന്നത്‌. നിർമാണ സ്ഥാപനത്തിന്‌ ഉപയോഗിക്കുന്ന ഏതുതരം മെഷിനറികൾ വാങ്ങിയാലും (ഏതാനും നെഗറ്റീവ്‌ ഇനങ്ങൾ ഒഴികെ) 35 ശതമാനം വരെ സബ്‌സിഡി നൽകുന്നതിന്‌ ഈ പദ്ധതിയിൽ വ്യവസ്ഥയുണ്ട്‌. വായ്പ എടുക്കാതെ വാങ്ങിയാലും ഈ സബ്‌സിഡി ലഭിക്കുന്നതാണ്‌. സാങ്കേതികവിദ്യയും മെഷിനറികളും ശ്രദ്ധയോടെ തിരഞ്ഞെടുക്കേണ്ട രണ്ട്‌ പ്രധാന ഘടകങ്ങളാണ്‌. വിദ്യാഭ്യാസ/ഗവേഷണ/സാങ്കേതിക സ്ഥാപനങ്ങളുടെ അഭിപ്രായങ്ങൾ കൂടി സ്വീകരിച്ച്‌ തീരുമാനമെടുക്കാൻ കഴിഞ്ഞാൽ നല്ലതാണ്‌.