ന്യൂഡല്‍ഹി: ആദായ നികുതി സ്ലാബില്‍ മാറ്റംവരുത്താതെ ധനമന്ത്രി നിര്‍മല സീതാരാമന്‍ മോദി സര്‍ക്കാരിന്റെ രണ്ടാമത്തെ ബജറ്റ് അവതരിപ്പിച്ചു.

ഭവനവായ്പയുടെ പലിശയിന്മേല്‍ നിലവിലുള്ള രണ്ടു ലക്ഷം രൂപയുടെ ആദായ നികുതിയിളവില്‍ 1.5 ലക്ഷം രൂപ വര്‍ധിപ്പിച്ചു. അതായത് നിലവില്‍ ഭവനവായ്പ പലിശയിന്മേല്‍ 3.5 ലക്ഷം രൂപയുടെ നികുതി ഇളവ് ലഭിക്കും. 45 ലക്ഷം വരെ മൂല്യമുള്ള വീടുകള്‍ക്കാണ് ഇത് ബാധകം. 2020 മാര്‍ച്ച് 31വരെമാത്രമാണ് ഇതിന്റെ കാലാവധി. 

ഈയൊരു ഇളവ് മാറ്റിനിര്‍ത്തിയാല്‍ സാധാരണക്കാരന് എടുത്തുപറയത്തക്ക നേട്ടമൊന്നും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടില്ല. അതുമാത്രമല്ല, പെട്രോളിനും ഡീസലിനും ലിറ്ററിന് ബജറ്റില്‍ ഒരു രൂപ സെസും ഒരു രൂപ തീരുവയും ഏര്‍പ്പെടുത്തി. ഇതോടെ പെട്രോള്‍, ഡീസല്‍ വിലയില്‍ രണ്ടുരൂപ കൂടും. 

സ്വര്‍ണത്തിനും രത്‌നത്തിനും കസ്റ്റംസ് തീരുവ നിലവിലുള്ള 10 ശതമാനത്തില്‍നിന്ന് 12.5 ശതമാനമാക്കി വര്‍ധിപ്പിച്ചു. ഇതോടെ സ്വര്‍ണത്തിന് പവന് 650 രൂപയോളം വര്‍ധിക്കും. 

കോര്‍പ്പറേറ്റ് ലോകത്തിന് ആശ്വസിക്കാനും വകയുണ്ട്. കോര്‍പ്പറേറ്റ് നികുതിയുടെ പരിധി 250 കോടിയില്‍നിന്ന് 400 കോടിയായി വര്‍ധിപ്പിച്ചു. 25 ശതമാനമാണ് കോര്‍പ്പറേറ്റ് നികുതി. 

അടിസ്ഥാന സൗകര്യമേഖലയില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ 100 ലക്ഷം കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. 

സാങ്കേതിക മേഖലയില്‍ വന്‍ കുതിച്ചുചാട്ടത്തിനാണ് രാജ്യം തയ്യാറെടുക്കുന്നത്. നിര്‍മാണ മേഖലയില്‍ ചൈനയെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം. 

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ബജറ്റില്‍ നികുതി ഇളവ് പ്രഖ്യാപിച്ചു. ഇലക്ട്രിക് വാഹനം വാങ്ങുന്നതിന് വായ്പയെടുത്തവര്‍ക്ക് 1.5 ലക്ഷം രൂപ ആദായ നികുതിയില്‍ ഇളവ് ലഭിക്കും. 

ഇലക്ട്രിക് വാഹനങ്ങളുടെ ജിഎസ്ടി 12 ശതമാനത്തില്‍നിന്ന് 5 ശതമാനമാക്കി കുറയ്ക്കാന്‍ ജിഎസ്ടി കൗണ്‍സിലിന് നിര്‍ദേശം നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങളിലേയ്ക്കുള്ള രാജ്യത്തിന്റെ പരിണാമം വേഗത്തിലാക്കാന്‍ ഇത് സഹായിക്കുമെന്ന് അവര്‍ വ്യക്തമാക്കി. 2030ഓടെ രാജ്യത്തെ ആകെ വാഹനങ്ങളില്‍ 30 ശതമാനം ഇലക്ട്രിക് വാഹനങ്ങളാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.