തിരുവനന്തപുരം: കേരളത്തെ സംബന്ധിച്ച് സമ്പൂര്‍ണ്ണ നിരാശയാണ്  ബജറ്റെന്ന് ധനമന്ത്രി തോമസ് ഐസക്ക്. എയിംസും വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടുമടക്കം കേരളത്തിന്റെ ആവശ്യങ്ങളെ പൂര്‍ണ്ണമായി ബജറ്റ് അവഗണിച്ചെന്നും തോമസ് ഐസക്ക് പറഞ്ഞു.

പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ വായ്പയെടുക്കാന്‍ അനുവദിക്കണമെന്ന് കേരളം കേന്ദ്രത്തോട് അഭ്യര്‍ഥിച്ചിരുന്നു. സംസ്ഥാന ബജറ്റില്‍ വകയിരുത്തിയതിനേക്കാള്‍ കുറഞ്ഞ തുകയാണ് കേന്ദ്രം സംസ്ഥാനത്തിനായി മാറ്റിവെച്ചിരിക്കുന്നത്.  കേരളത്തിനു കിട്ടേണ്ട കേന്ദ്രഫണ്ടില്‍ നിന്ന് കുറവുണ്ടായെന്നും ഐസക് പറഞ്ഞു.

"പെട്രോളിനും ഡീസലിനും 2 രൂപ വര്‍ധിപ്പിച്ചതാണ് ബജറ്റിലെ ഏറ്റവും മോശം നടപടി. മോദി സര്‍ക്കാര്‍ ആദ്യം 
അധികാരത്തില്‍ വന്നപ്പോള്‍ പെട്രോളിന്റെ അടിസ്ഥാന വില 9.2 രൂപയായിരുന്നു. ഇന്നലെവരെ 17.98 രൂപ. ഇന്ന് 
19.98 രൂപയായി. പെട്രോളിന്റെയും ഡീസലിന്റെയും വിലവര്‍ധന വിലക്കയറ്റത്തിനിടയാക്കും. റബ്ബര്‍ അടക്കമുള്ള കാര്‍ഷിക വിളകളെ കുറിച്ച് മിണ്ടാത്ത സമീപനം പ്രതിഷേധാര്‍ഹമാണ്. വായ്പാപരിധി ഉയര്‍ത്താത്തത് കേരളത്തിന് പ്രതിസന്ധി ഉണ്ടാക്കും", ഇതെല്ലാം ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് കത്തയക്കുമെന്നും തോമസ് ഐസക്ക് പറഞ്ഞു.

5 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് രാജ്യത്തെ ജനങ്ങള്‍ക്ക് നല്‍കുമെന്ന് പറഞ്ഞു.എന്നാല്‍ ഇതിനായുള്ള ആയുഷ്മാന്‍ ഭാരത് പദ്ധതിക്ക് 6000 കോടി രൂപയാണ് അനുവദിച്ചത്. തൊഴിലുറപ്പിന് കഴിഞ്ഞ തവണ നീക്ക വെച്ച തുക 61000 കോടിയുണ്ടായിരുന്നത് 60,000 കോടിയായി മാറി.

എയിംസും വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടും അനുവദിക്കണമെന്ന ആവശ്യവും നിരാകരിച്ചെന്നും തോമസ് ഐസക്ക് കുറ്റപ്പെടുത്തി.

content highlights: Thomas Issac Criticises sidelining Kerala in Union Budget 2019