കൊച്ചി: പ്രവാസികള്‍ക്കും ആധാര്‍ കാര്‍ഡ് എടുക്കാമെന്ന പ്രഖ്യാപനം ശുഭകരമായ തീരുമാനമെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ആസാദ് മൂപ്പന്‍. ഇന്ത്യയില്‍ ബിസിനസ് ചെയ്യുമ്പോള്‍ നിലവില്‍ പ്രവാസികള്‍ നേരിടുന്ന പല പ്രശ്‌നങ്ങള്‍ക്കും ഇതിലൂടെ പരിഹാരമാകുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
ഒരു തിരിച്ചറിയല്‍ സംവിധാനം ലഭ്യമാകുമെന്നതിനാല്‍ ആധാര്‍ പ്രഖ്യാപനം ഗുണകരമാണ്. വന്‍ സാമ്പത്തിക ശക്തിയായി വളരാന്‍ പരിശ്രമിക്കുകയാണ് നമ്മുടെ രാജ്യമെന്ന പ്രഖ്യാപനം ഏറെ സന്തോഷമുളവാക്കുന്നതാണ്. ഇത് ലോകത്തിന്റെ നെറുകയിലേക്ക് ഇന്ത്യയെ എത്തിക്കുന്ന നീക്കമാകും. അതേസമയം, പ്രവാസി സമൂഹത്തെയും ആരോഗ്യപരിചരണ മേഖലയെയും സംബന്ധിച്ച് എടുത്തു പറയാന്‍ അധികമൊന്നും ഈ ബജറ്റിലില്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ബജറ്റില്‍ ആരോഗ്യ പരിചരണ മേഖലയെ സംബന്ധിക്കുന്ന സുപ്രധാന പ്രഖ്യാപനങ്ങളൊന്നുമില്ല. ആയുഷ്മാന്‍ ഭാരത് എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആരോഗ്യമേഖലക്ക് അനുവദിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ഫണ്ടും അനുവദിച്ചിട്ടില്ല.
മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കുവാനും നിലവാരമുയര്‍ത്താനും ആവശ്യമായ ഫണ്ട് അനുവദിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. വിദ്യാഭ്യാസ മേഖലക്ക് നല്‍കിയ പ്രാധാന്യവും ശ്രദ്ധയും പ്രശംസനീയമാണ്. ബജറ്റില്‍ മുന്നോട്ടുവെച്ച 'സ്റ്റഡി ഇന്‍ ഇന്ത്യ' പ്രോഗ്രാമിലൂടെ സ്വയംഭരണാവകാശമുളള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൂടുതല്‍ കൊണ്ടുവരാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ആസാദ് മൂപ്പന്‍ വ്യക്തമാക്കി.
Content Highlights: azad moopen, union budget 2019