ന്യൂഡല്‍ഹി: രാജ്യത്തെ ഇന്‍ഷുറന്‍സ് മേഖലയില്‍ വലിയ അഴിച്ചുപണിക്ക് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി നിര്‍ണായക പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബജറ്റ് പ്രഖ്യാപനത്തില്‍ നടത്തിയത്. ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശ നിക്ഷേപ പരിധി 74 ശതമാനമായി ഉയര്‍ത്തി. നിലവിലെ പരിധി 49 ശതമാനമാണ്.
2021-22 ല്‍ തന്നെ എല്‍ഐസിയുടെ പ്രാരംഭ ഓഹരി വില്പന(ഐപിഒ) കൊണ്ടുവരുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ഇതിനായി ഈ സെഷനില്‍ തന്നെ ആവശ്യമായ ഭേദഗതികള്‍ കൊണ്ടുവരുമെന്നും ധനമന്ത്രി ബജറ്റ് പ്രഖ്യാപനത്തില്‍ പറഞ്ഞു.
ഐപിഒയുമായി എല്‍.ഐ.സി. മുന്നോട്ട് പോകുന്നതിനിടയിലാണ് ബജറ്റില്‍ ധനമന്ത്രിയുടെ പ്രഖ്യാപനം. പ്രതീക്ഷിച്ചതിലുമേറെ എല്‍ഐസിയുടെ ഓഹരി വിറ്റഴിക്കാനാണ് സര്‍ക്കാര്‍ പദ്ധതി തയ്യറാക്കിയിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒന്നോ അധിലധികമോ ഘട്ടങ്ങളായി 25ശതമാനംവരെ ഓഹരി വിറ്റഴിക്കാനാണ് സര്‍ക്കാരിന് ലഭിച്ചിട്ടുള്ള ശുപാര്‍ശ.
Content Highlights: Union budget 2021 : Insurance companies to have 74% FDI