2021 ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റിന്റെ ഉദ്ദേശലക്ഷ്യം ഒറ്റവാക്കില്‍ പറയുകയാണെങ്കില്‍, കടം അഥവാ ധനക്കമ്മി കുറയ്ക്കല്‍ ആയിരിക്കും(Fiscal consolidation). ഈ സാമ്പത്തിക വര്‍ഷം നവംബര്‍ വരെയുള്ള വരവു ചെലവ് കണക്കുകള്‍ അനുസരിച്ച് ധനക്കമ്മി ഏകദേശം 11 ലക്ഷം കോടി രൂപയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ മാര്‍ച്ച് അവസാനത്തോടെ അത് ഏറ്റവും കുറഞ്ഞത് 14 ലക്ഷം കോടിയെങ്കിലുമാകും. അതായത് ദേശീയ വരുമാനത്തിന്റെ 7.3%. കഴിഞ്ഞ ബജറ്റില്‍ പ്രതീക്ഷിച്ച 3.5 ശതമാനത്തിന്റെ സ്ഥാനത്താണിത്. അതുകൊണ്ടുതന്നെ വരുന്ന മൂന്ന് വര്‍ഷത്തിനുള്ളില്‍ ധന ഉത്തരവാദിത്ത നിയമം അനുശാസിക്കുന്ന മൂന്നു ശതമാനത്തിലേക്ക് ധനക്കമ്മി കുറച്ചു കൊണ്ടുവരാനുള്ള നടപടികള്‍ക്കാകും ബജറ്റ് ഊന്നല്‍ നല്‍കുക.

ഏകദേശം 17 ലക്ഷം കോടി രൂപയുടെ ഉത്തേജക പാക്കേജുകള്‍ കോവിഡിനെ തുടര്‍ന്ന് പ്രഖ്യാപിക്കപ്പെടുകയുണ്ടായി. ഇത് തീരെ അപര്യാപ്തമാണെന്നും കൂടുതല്‍ പാക്കേജുകള്‍ ഗവണ്മെന്റിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്നും ഒരു വലിയ വിഭാഗം സാമ്പത്തിക ശാസ്ത്രജ്ഞര്‍ ആവശ്യപ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഏതു ചെലവുചുരുക്കല്‍ നടപടികളും വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി തെളിച്ചേക്കാം. എന്നാല്‍, കോവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി മാത്രമാകില്ല ചെലവുചുരുക്കല്‍ തീരുമാനത്തിലേക്ക് സര്‍ക്കാരിനെ നയിക്കുക. 2008-ലെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പ്രഖ്യാപിച്ച ഉത്തേജക നടപടികള്‍ യഥാസമയത്തു പിന്‍വലിക്കാഞ്ഞത് മൂലമുണ്ടായ പണപ്പെരുപ്പം 2013-ഓടെ മറ്റൊരു സാമ്പത്തിക പ്രതിസന്ധിക്കിടയാക്കി എന്നത് സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേശകര്‍ മറന്നുകാണാനിടയില്ല.

നേരിട്ടോ അല്ലെങ്കില്‍ തൊഴിലുറപ്പ് തുടങ്ങിയ പദ്ധതികളില്‍ കൂടിയോ ജനങ്ങളിലേക്ക് കൂടുതല്‍ പണം എത്തിക്കുന്നതിന് പകരം സംഘടിത മേഖലയില്‍  കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന നടപടികള്‍ക്കായിരിക്കും ബജറ്റ് പ്രാമുഖ്യം നല്‍കുക. വരുന്ന ദശകത്തില്‍ പുതുതായി ഏകദേശം 10 കോടി യുവാക്കള്‍ തൊഴില്‍സേനയിലേക്ക് വന്നുചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്രയും ആളുകള്‍ക്ക് കാര്‍ഷികേതര മേഖലയില്‍ തൊഴിലവസരം സൃഷ്ടിക്കപ്പെടണമെങ്കില്‍  ഇടത്തരം വ്യവസായ സംരംഭങ്ങള്‍ ഉയര്‍ന്നു വരേണ്ടതുണ്ട്. എന്നാല്‍, ഇന്ത്യയില്‍ ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ വിരളമാണ്. സൂക്ഷ്മ, ചെറുകിട വ്യവസായങ്ങളാകട്ടെ, ആവശ്യത്തിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് പര്യാപ്തവുമല്ല. 

ഉദാഹരണമായി 2% ചെറുകിട വ്യവസായ സ്ഥാപനങ്ങളില്‍ മാത്രമാണ് പത്തില്‍ കൂടുതല്‍ തൊഴിലാളികള്‍ ഉള്ളത്. അതിനാല്‍ തന്നെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ഇടത്തരം സംരംഭങ്ങളുടെ വളര്‍ച്ചക്ക് ആവശ്യമായ പരിഷ്‌കാരങ്ങള്‍ക്ക് ബജറ്റില്‍ തുടക്കം കുറിക്കാന്‍ സാധ്യതയുണ്ട്. പ്രത്യേകിച്ച്, കുറഞ്ഞ ചെലവില്‍ വ്യവസായ ആവശ്യത്തിന് ഭൂമി ലഭ്യമാക്കല്‍, കൂടുതല്‍ യുക്തിസഹമായ നികുതി സമ്പ്രദായം, വൈദ്യുതി നിരക്കുകള്‍, സമയ ബന്ധിതമായ തര്‍ക്ക പരിഹാര വ്യവസ്ഥ, ഉദാരമായ തൊഴില്‍ നിയമങ്ങള്‍ തുടങ്ങിയ മേഖലകളില്‍. 

കോവിഡിനെ തുടര്‍ന്ന് ബാങ്കിങ് മേഖല തീവ്രമായ പ്രതിസന്ധി നേരിടുന്നുണ്ട്. അടുത്തിടെ പുറത്തിറക്കിയ റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട് പ്രകാരം പൊതുമേഖല ബാങ്കുകളുടെ മൊത്തം കിട്ടാക്കടം അവരുടെ മൊത്തം വായ്പയുടെ 18 ശതമാനം വരെ ഉയരാന്‍ സാധ്യതയുണ്ട്. ഇത് കൂടുതല്‍ മൂലധന നിക്ഷേപം ഈ ബാങ്കുകളില്‍ നടത്താന്‍ ഗവണ്മെന്റിനെ നിര്‍ബന്ധിതമാക്കും. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ ഏകദേശം രണ്ടര ലക്ഷം കോടി നിക്ഷേപിച്ചതിനു പുറമേയാണിത്. അതോടൊപ്പം ഓഹരി വിറ്റഴിക്കല്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ പരിഷ്‌കരണ നടപടികളും പൊതുമേഖല ബാങ്കുകളുടെ കാര്യത്തില്‍ ബജറ്റ് പ്രഖ്യാപിച്ചേക്കാം.

വാണിജ്യബാങ്കുകളുടെ കിട്ടാക്കടം ഏറ്റെടുത്ത് തിരിച്ചു പിടിക്കുന്നതിനായി ഒരു Bad Bank സ്ഥാപിക്കണമെന്ന ആവശ്യം പല കോണുകളില്‍നിന്ന് ഉയര്‍ന്നു വരുന്നുണ്ട്. എന്നാല്‍, കിട്ടാക്കടം വീണ്ടും കൂടില്ലെന്ന് ഉറപ്പുവരുത്താന്‍ അതു കൊണ്ടുമാത്രം സാധിക്കില്ല. മറിച്ച്, കിട്ടാക്കടം ഉണ്ടാകാനുള്ള കാരണങ്ങളെയാണ് ഇല്ലാതാക്കേണ്ടത് അല്ലെങ്കില്‍ നിയന്ത്രിക്കേണ്ടത് എന്ന മറുവാദവുമുണ്ട്. അതിനാല്‍തന്നെ ബജറ്റ് ഇക്കാര്യത്തില്‍ ഒരു പ്രഖ്യാപനം നടത്താനിടയില്ല.

കൂടുതല്‍ വായ്പ നല്കുവാനായി ബാങ്കുകളെ പ്രേരിപ്പിക്കാന്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ റിപ്പോ നിരക്കുകളില്‍ റിസര്‍വ് ബാങ്ക് ഗണ്യമായ കുറവ് വരുത്തുകയുണ്ടായി. എന്നാല്‍, ദീര്‍ഘകാല വായ്പകളോട് ബാങ്കുകള്‍ ഇപ്പോഴും മുഖം തിരിക്കുന്നുണ്ട്. ഏകദേശം നാലു ലക്ഷം കോടി രൂപയുടെ അധിക പണലഭ്യത ഇപ്പോള്‍ ബാങ്കുകളുടെ കൈവശം ഉണ്ടായിട്ടാണ് ഈ നടപടി. മാത്രമല്ല ദീര്‍ഘകാല പദ്ധതികളെ ശരിയായി വിലയിരുത്തി വായ്പ നല്കുവാനുള്ള കഴിവ് ബാങ്ക് ബോര്‍ഡുകള്‍ക്കില്ല എന്ന ആക്ഷേപവുമുണ്ട്. അതിനാല്‍ പഴയ കാലത്തെ ICICI, IDBI എന്നിവയുടെ മാതൃകയില്‍ വികസന ബാങ്കുകളെ തിരികെ കൊണ്ടുവരണം എന്ന ആവശ്യം ഉയര്‍ന്നു വരുന്നുണ്ട്. ഒരു പക്ഷേ, ഇതിന്റെ സൂചന ബജറ്റില്‍ കണ്ടേക്കാം.

വരുമാന നികുതിയുള്‍പ്പെടെയുള്ള നികുതി സമ്പ്രദായം കൂടുതല്‍ ലഘൂകരിക്കുന്നതിനുള്ള നടപടികള്‍ക്കും ബജറ്റ് തുടക്കം കുറിച്ചേക്കാം. കഴിഞ്ഞ ബജറ്റില്‍ കണക്കാക്കിയ മൊത്തം വരുമാനമായ 22.5 ലക്ഷം കോടി രൂപയില്‍ വെറും 8 ലക്ഷം കോടി മാത്രമേ നവംബര്‍ വരെ പിരിഞ്ഞു കിട്ടിയിട്ടുള്ളൂ. നികുതി വരുമാനത്തില്‍ എക്സൈസ് ഡ്യൂട്ടി മാത്രമാണ് വളര്‍ച്ച രേഖപ്പെടുത്തിയിട്ടുള്ളത്.  കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ പെട്രോളിന്മേലുള്ള എക്സൈസ്  നികുതി ഏകദേശം 20 രൂപയില്‍ നിന്ന് 33 രൂപ ആയും ഡീസലിന്മേല്‍ 16-ല്‍നിന്ന് 32 ആയും ഉയര്‍ന്നതാണ് ഇതിനു കാരണം. 

ചരക്കു സേവന നികുതിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം ജി.എസ്.ടി. കൗണ്‍സിലിനാണെങ്കിലും നികുതിഘടന ലഘൂകരിച്ചു വരുമാനം വര്‍ധിപ്പിക്കാനുള്ള ഗവണ്മെന്റിന്റെ ഉദ്ദേശം ബജറ്റില്‍ സൂചിപ്പിച്ചേക്കാം. നികുതി നിരക്കുകളുടെ എണ്ണം കുറക്കല്‍, ഇ-ഇന്‍വോയിസിങ് ബാധകമാക്കാനുള്ള കുറഞ്ഞ വാര്‍ഷിക വിറ്റുവരവ് ഇപ്പോഴുള്ള 500 കോടിയില്‍നിന്നു 100 കോടിയിലേക്കോ മറ്റോ കുറയ്ക്കല്‍, സ്വകാര്യ യാത്രാവാഹനങ്ങള്‍, നിര്‍മാണ മേഖലയുടേതുള്‍പ്പെടെയുള്ള അസംസ്‌കൃത വസ്തുക്കള്‍ എന്നിവയില്‍ ഇപ്പോള്‍ ചുമത്തുന്ന 28% നികുതി കുറയ്ക്കല്‍ തുടങ്ങിയവ അടിയന്തിര പ്രാധാന്യം അര്‍ഹിക്കുന്ന നടപടികളാണ്. 

ഏതായാലും ഇപ്പോഴത്തെ സാഹചര്യത്തില്‍ എക്സൈസ് ഡ്യൂട്ടി ഒഴികെയുള്ള (അതും ക്രൂഡോയില്‍ വില കുറഞ്ഞാല്‍ മാത്രം) നികുതി നിരക്കുകളില്‍ വര്‍ധന വരുത്താന്‍ സാധ്യതയില്ല. അതുപോലെ തന്നെ വരുമാന നികുതി ഉള്‍പ്പെടെയുള്ള പ്രത്യക്ഷ നികുതി നിരക്കുകളില്‍ ഇളവുകളും പ്രതീക്ഷിക്കേണ്ട.

പ്രധാന നികുതിയേതര വരുമാനമായ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍/സ്വകാര്യവല്‍ക്കരണത്തിലൂടെ ഏകദേശം 2.1 ലക്ഷം കോടി രൂപ സമാഹരിക്കാനാണ് കഴിഞ്ഞ ബജറ്റ് ലക്ഷ്യമിട്ടത്. എന്നാല്‍, ഇതേവരെ 6000 കോടി രൂപ മാത്രമാണ് കിട്ടിയത്. അതുകൊണ്ടു തന്നെ, തന്ത്രപ്രധാനമല്ലാത്ത എന്നാല്‍ ലാഭത്തിലുള്ളവ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ സ്വകാര്യ വല്‍ക്കരണത്തിനുള്ള ഒരു രൂപരേഖ വരുന്ന ബജറ്റില്‍ പ്രഖ്യാപിച്ചേക്കാം.
  
ചുരുക്കത്തില്‍, വരുമാനം പെരുപ്പിച്ചും ചെലവ് മറച്ചും യഥാര്‍ഥ ധനക്കമ്മി കുറച്ചു കാണിക്കുന്ന ശൈലിയില്‍നിന്ന് വെത്യസ്തമായി 5 ട്രില്യന്‍ ഡോളര്‍ എന്ന ലക്ഷ്യത്തിലേക്ക് സമ്പദ് വ്യവസ്ഥയെ കൈപിടിച്ചുയര്‍ത്തുന്ന നയ പരിപാടികള്‍ക്കാവും ഇത്തവണത്തെ ബജറ്റ് ഊന്നല്‍ നല്‍കുക.

(ലേഖകന്‍ ന്യൂഡല്‍ഹിയില്‍ കൃഷി മന്ത്രാലയം ഡയറക്ടറാണ്. അഭിപ്രായങ്ങള്‍ വ്യക്തിപരം.)

Content Highlights: Pre Budget 2021 Analysis