ന്യൂഡല്‍ഹി: സ്വര്‍ണം, വെള്ളി എന്നിവയുടെ കസ്റ്റംസ് തീരുവ കുറച്ചു. സ്വര്‍ണത്തിനും വെള്ളിക്കും നിലവില്‍ 12.5 ശതമാനം അടിസ്ഥാന കസ്റ്റംസ് തീരുവയുണ്ടെന്നും 2019 ജൂലൈയില്‍ കസ്റ്റംസ് തീരുവ 10 ശതമാനത്തില്‍ നിന്ന് ഉയര്‍ത്തിയതിനാല്‍ ഇവയുടെ വില കുത്തനെ ഉയര്‍ന്നുവെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. മുമ്പത്തെ നിലയിലാക്കാന്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടേയും കസ്റ്റംസ് തീരുവ കുറയ്ക്കുകയാണെന്നും അവര്‍ പറഞ്ഞു.
സ്വര്‍ണം, വെള്ളി എന്നിവയുടെ വില വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. സ്വര്‍ണ കള്ളക്കടത്ത് കേസുകള്‍ കൂടി വരുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 12.5 ശതമാനം ഇറക്കുമതി തീരുവ, മൂന്നു ശതമാനം ജിഎസ്ടി എന്നിവ മൂലം സ്വര്‍ണ്ണക്കടത്ത് കൂടിയതെന്ന വിലയിരുത്തലുണ്ടായിരുന്നു.
കോവിഡ് മൂലമുണ്ടായ സാമ്പത്തിക അനിശ്ചിതത്വങ്ങളുടെ പശ്ചാത്തലത്തില്‍ സ്വര്‍ണം 'സുരക്ഷിത നിക്ഷേപമായി' മാറിയിട്ടുണ്ടെന്ന് വെള്ളിയാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വേയില്‍ വ്യക്തമാക്കിയിരുന്നു. 2019 ഡിസംബറിനെ അപേക്ഷിച്ച് 2020 നവംബറില്‍ സ്വര്‍ണ വില 26.2 ശതമാനം വര്‍ധിച്ചുരുന്നു.
Content Highlights: Finance minister Sitharaman reduces customs duty on gold, silver