ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നു. കോവിഡ് മഹാമാരി സൃഷ്ടിച്ച മുന്‍പെങ്ങുമില്ലാത്ത പ്രതിസന്ധികളെ തുടര്‍ന്ന് മാന്ദ്യത്തിലായ സമ്പദ്വ്യവസ്ഥയുടെ തിരിച്ചുവരവിന് ഉത്തേജനം നല്‍കുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
സാമ്പത്തികമാന്ദ്യം ഗ്രസിച്ചു തുടങ്ങിയ ഘട്ടത്തിലാണ് രാജ്യത്തെ കോവിഡ് ബാധിച്ചത്. 2019-20-ല്‍ മൊത്ത ആഭ്യന്തര ഉത്പാദനം നാലു ശതമാനമായി കുറഞ്ഞു. നിക്ഷേപരംഗത്തും കനത്ത ഇടിവ് ഉണ്ടായി. കോവിഡ് കാരണമുണ്ടായ സാമ്പത്തികപ്രതിസന്ധി നിയന്ത്രിക്കാന്‍ രണ്ട് സാമ്പത്തിക പാക്കേജുകള്‍ കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായ പ്രഖ്യാപനങ്ങള്‍ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകും. കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കുന്ന സമീപനവും ബജറ്റിലുണ്ടായേക്കും.
2021-22 സാമ്പത്തിക വര്‍ഷത്തെ യഥാര്‍ഥ വളര്‍ച്ച(ജിഡിപി)11ശതമാനമാകുമെന്നാണ് ബജറ്റിനു മുന്നോടിയായി തയ്യാറാക്കിയ സാമ്പത്തികസര്‍വേ ചൂണ്ടിക്കാട്ടിയത്. കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും കാര്‍ഷികമേഖലയില്‍ 3.4 ശതമാനം വളര്‍ച്ചയുണ്ടായെന്നും സര്‍വെ വ്യക്തമാക്കുന്നു. മൊറട്ടോറിയം അവസാനിച്ചാല്‍ ബാങ്കുകളുടെ ആസ്തി-ഗുണനിലവാര അവലോകനം നടത്തണമെന്നും സര്‍വെ നിര്‍ദേശിച്ചിരുന്നു. വായ്പകള്‍ വീണ്ടെടുക്കുന്നതിനുള്ള നിയമവ്യവസ്ഥകള്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും സര്‍വെ ചൂണ്ടിക്കാണിച്ചിരുന്നു.
പേപ്പര്‍ രഹിത ബജറ്റാണ് ഇത്തവണത്തേത് എന്നതാണ് സവിശേഷത. ഇതിനായി ടാബുമായാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റിലെത്തിയത്. എംപിമാര്‍ക്ക് ബജറ്റിന്റെ സോഫ്റ്റ് കോപ്പികളാണ് നല്‍കുക. കോവിഡിന്റെ പശ്ചാത്തലത്തിലാണ് പേപ്പര്‍ രഹിത ബജറ്റ് അവതരിപ്പിക്കാന്‍ തീരുമാനിച്ചത്. ബജറ്റ് രേഖകള്‍ ലഭ്യമാക്കുന്നതിനായി മൊബൈല്‍ ആപ്പും തയ്യാറാക്കിയിട്ടുണ്ട്.
Content Highlights: Finance minister Nirmala Sitharaman Union Budget 2021