budgetത്ര ശുഭകരമല്ല രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയെന്ന് എല്ലാവർക്കുമറിയാം. അതു മെച്ചപ്പെടുത്താൻ ബജറ്റിൽ എന്തുണ്ടാകുമെന്നാണ് ഇനിയറിയാനുള്ളത്. ഉപഭോഗം വർധിപ്പിക്കാൻ ഉത്തേജക പാക്കേജിന്റെ സ്വഭാവമുള്ള ബജറ്റാകുമോ ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിക്കുന്നത്? നികുതികൾ കുറച്ച്, ആളുകളുടെ കൈയിൽ കൂടുതൽ പണമെത്തിച്ച് ഉപഭോഗം പ്രോത്സാഹിപ്പിക്കുകവഴി ഡിമാൻഡ് വർധിപ്പിക്കാൻ ധനമന്ത്രി തുനിയുമോ? അതോ സർക്കാരിന്റെ വരുമാനം കുറഞ്ഞാൽ അടിസ്ഥാനസൗകര്യമേഖലകളിൽ പണമിറക്കാനാവില്ലെന്ന കണക്കുകൂട്ടലിൽ വലിയ നികുതിയിളവിന് മുതിരാതിരിക്കുമോ? ഓരോ ബജറ്റുവരുമ്പോഴും സാമ്പത്തികവിദഗ്ധർമുതൽ സാധാരണക്കാരുടെവരെ മനസ്സിലുയരുന്ന ഈ ചോദ്യങ്ങൾക്ക് ഉത്തരംകിട്ടാൻ ഇനി ഒരുദിവസംകൂടി കാത്തിരുന്നാൽ മതി.

നിർമലാ സീതാരാമൻ കഴിഞ്ഞ ജൂലായ് അഞ്ചിന് അവതരിപ്പിച്ച കന്നിബജറ്റിനുശേഷം സാമ്പത്തികരംഗം മെച്ചപ്പെടുത്താൻ ഒട്ടേറെ പാക്കേജുകൾ പ്രഖ്യാപിച്ചിരുന്നു. എങ്കിലും സ്ഥിതിഗതികൾ ഇപ്പോഴും മെച്ചപ്പെട്ടിട്ടില്ല. ഏത് അളവുകോൽവെച്ചു പരിശോധിച്ചാലും തെളിയുന്നത് ഏറക്കുറെ ഒരേ ചിത്രങ്ങൾ. കുറയുന്ന ഡിമാൻഡ്, കാർഷിക-വ്യാവസായിക രംഗങ്ങളിലെ തളർച്ച, പ്രതിസന്ധിയിലായ ഓട്ടോമൊബൈൽ മേഖല, വർധിച്ചുവരുന്ന തൊഴിൽ നഷ്ടം... പട്ടിക അങ്ങനെ നീളുകയാണ്. ആഭ്യന്തരവളർച്ച 11 വർഷത്തെ കുറഞ്ഞ നിരക്കിലാണെന്നത് മാന്ദ്യത്തിന്റെ ആഴം വ്യക്തമാക്കുന്നു.

  • ആദായനികുതി കുറയ്ക്കുമോ?

ഓരോ ബജറ്റെത്തുമ്പോഴും സ്ഥിരവരുമാനക്കാരായ ഇടത്തരക്കാരൻ ആദ്യം നോക്കുന്നത് ആദായനികുതിയിൽ ഇളവുണ്ടാകുമോയെന്നാണ്. ആദായനികുതിയിൽ ഇളവ് വരുത്തിയേക്കുമെന്ന അഭ്യൂഹങ്ങൾ പരക്കുമ്പോൾ ഇത്തവണയും അതു സ്വാഭാവികം. വ്യക്തിഗത ആദായനികുതിയിൽ കാര്യമായ ഇളവൊന്നും നൽകാതെ കോർപ്പറേറ്റുകൾക്ക് വലിയ ആശ്വാസം നൽകുന്നതായിരുന്നു നിർമലാ സീതാരാമന്റെ ജൂലായിലെ ബജറ്റ്.

കോർപ്പറേറ്റ് നികുതിയിൽ കാര്യമായ കുറവ് വരുത്തിയതുവഴി സർക്കാരിന് 1.45 ലക്ഷം കോടി രൂപയുടെ വരുമാനനഷ്ടമുണ്ടായി. നിലവിലുള്ള കമ്പനികളുടെ കോർപ്പറേറ്റ് നികുതി 30 ശതമാനത്തിൽനിന്ന് 22 ശതമാനമായും 2019 ഒക്ടോബർ ഒന്നിനുശേഷം ആരംഭിച്ച നിർമാണ കമ്പനികളുടേത് 25-ൽ നിന്ന് 15 ശതമാനമായും കുറച്ചിരുന്നു. ജി.എസ്.ടി. നിരക്കുകളും അതിനുശേഷം പലതവണയായി കുറച്ചു. ഏപ്രിൽ-നവംബർ കാലയളവിൽ ജി.എസ്.ടി. വരുമാനം പ്രതീക്ഷിച്ചതിനെക്കാൾ 40 ശതമാനത്തോളമാണ് കുറഞ്ഞത്. അതിനാൽ വലിയ ഇളവൊന്നും ആദായനികുതിയിൽ ഉണ്ടാവില്ലെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

  • തൊഴിലുറപ്പിനുവേണം ഉത്തേജനം

ഗ്രാമീണമേഖലയ്ക്ക് ഊർജം പകരാൻ ദേശീയ തൊഴിലുറപ്പുപദ്ധതിക്കായി ബജറ്റിൽ കൂടുതൽ തുക നീക്കിവെക്കണമെന്ന് ആവശ്യമുയരുന്നുണ്ട്. തൊഴിലുറപ്പുപദ്ധതിക്കായി നടപ്പുസാമ്പത്തിക വർഷത്തിലേക്ക് നീക്കിവെച്ച തുകയുടെ 80 ശതമാനവും ചെലവഴിച്ചുകഴിഞ്ഞതിനാൽ അധികമായി 20,000 കോടി രൂപ കൂടി വേണമെന്ന് ഗ്രാമവികസന മന്ത്രാലയം ആവശ്യപ്പെട്ടതായും പറയുന്നു. തൊഴിലുറപ്പ് കൂലി വർധിപ്പിക്കണമെന്നും ആവശ്യമുണ്ട്. ജനങ്ങളിലേക്ക് നേരിട്ടു പണമെത്തിക്കുന്ന പദ്ധതിയായതിനാൽ ഇതുവഴി ഗ്രാമീണമേഖലയ്ക്ക് കൂടുതൽ ഊർജംപകരാനാകുമെന്നാണ് സർക്കാർ പ്രതീക്ഷ.

  • വളരണം, വാഹനവിപണി

കടുത്ത വിൽപ്പനമാന്ദ്യം നേരിടുന്ന വാഹനവിപണിക്ക് ആശ്വാസപദ്ധതികൾ നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും വിപണി കരകയറാത്തതിനാൽ കൂടുതൽ ഇളവുകൾക്ക് സാധ്യതയുണ്ട്. സാമ്പത്തികമാന്ദ്യത്തിനുപുറമേ, ഏപ്രിലിൽ ബി.എസ്. 6 വാഹനങ്ങൾ നിർബന്ധമാക്കുന്നതോടെ ബി.എസ്. 4 വാഹനങ്ങളുടെ സ്റ്റോക്ക് വിറ്റുതീർക്കണമെന്നതും കമ്പനികൾക്ക് വെല്ലുവിളിയാണ്. പഴയ വാഹനങ്ങൾ ഉപേക്ഷിക്കുന്നതിന് പദ്ധതികൊണ്ടുവരുമെന്ന് മന്ത്രി നേരത്തേ പ്രഖ്യാപിച്ചിരുന്നു. ബജറ്റിൽ ഇതുസംബന്ധിച്ച് എന്തെങ്കിലും പ്രതീക്ഷിക്കാം. ഇലക്‌ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കൽ, ചാർജിങ് കേന്ദ്രങ്ങൾ സ്ഥാപിക്കൽ എന്നിവയ്ക്കും തുക വകയിരുത്തിയേക്കാം.

  • പെട്രോൾ പൊള്ളരുത്

പെട്രോളിനും ഡീസലിനും അധിക എക്സൈസ് തീരുവ, റോഡ്-അടിസ്ഥാന സൗകര്യ സെസ് എന്നിവ ഓരോ രൂപ വീതം ജൂലായ് ബജറ്റിൽ വർധിപ്പിച്ചിരുന്നു. ഇതോടൊപ്പം വിൽപ്പന നികുതി അഥവാ വാറ്റ് കൂടി ചേരുമ്പോൾ ഫലത്തിൽ പെട്രോൾ ലിറ്ററിന് 2.50 രൂപയും ഡീസലിന് 2.30 രൂപയും കൂടി. അതിനാൽ പുതിയ ബജറ്റിൽ പെട്രോളിനെയും ഡീസലിനെയും വീണ്ടും പൊള്ളിച്ചാൽ സമസ്ത മേഖലയിലും വിലക്കയറ്റത്തിന് വഴിവെക്കാം.

  • എയർ ഇന്ത്യ ബാക്കിവെക്കുന്നത്

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിക്കുന്നത് തുടരുമെന്ന് ധനമന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ബജറ്റിൽ 90,000 കോടി രൂപയാണ് ഓഹരിവിൽപ്പനയിലൂടെ ലക്ഷ്യമിട്ടത്. പല പൊതുമേഖലാ സ്ഥാപനങ്ങളിലും സർക്കാരിന്റെ ഓഹരിവിഹിതം 51 ശതമാനത്തിലും താഴെയാക്കാൻ പദ്ധതിയുണ്ട്.

ഏറെ ഇളവുകൾ അനുവദിച്ചുകൊണ്ടുള്ള എയർ ഇന്ത്യ വിൽപ്പനയിലൂടെ വരുന്ന അധികബാധ്യതയ്ക്കും ബജറ്റിൽ പരിഹാരം കണ്ടേക്കും. എയർ ഇന്ത്യക്ക് 60,000 കോടിയുടെ കടമുണ്ട്. അതിൽ 23,286.50 കോടി രൂപമാത്രമേ വാങ്ങുന്നവർക്ക് കൈമാറൂ. ബാക്കി വരുന്ന കടവും ബാധ്യതകളും വീട്ടുന്നത് ഫലത്തിൽ സർക്കാരിന്റെ തലയിലാകുമെന്നതിനാൽ ബജറ്റിൽ എന്തെങ്കിലും നിർദേശമുണ്ടായേക്കും.

ടീം നിർമല

  1. രാജീവ് കുമാർ (ധനകാര്യ സെക്രട്ടറി, 1986 ബാച്ച് ഐ.എ.എസ്. ജാർഖണ്ഡ് കേഡർ)
  2. അതനു ചക്രബർത്തി (സാമ്പത്തികകാര്യ സെക്രട്ടറി, 1985 ബാച്ച് ഐ.എ.എസ്. ഗുജറാത്ത് കേഡർ)
  3. തുഹിൻ കാന്ത പാണ്ഡെ (ഓഹരിവിറ്റഴിക്കൽ സെക്രട്ടറി, 1987 ഐ.എ.എസ്. ഒഡിഷ കേഡർ)
  4. അജയ് ഭൂഷൺ പാണ്ഡെ (റവന്യൂ സെക്രട്ടറി, 1984 ബാച്ച് ഐ.എ.എസ്. മഹാരാഷ്ട്ര കേഡർ)
  5. ടി.വി. സോമനാഥൻ (എക്സ്‌പെൻഡിച്ചർ സെക്രട്ടറി, 1987 ബാച്ച് ഐ.എ.എസ്. തമിഴ്‌നാട് കേഡർ)