കോഴിക്കോട്: ആരോഗ്യ സംരക്ഷണ മേഖലയ്ക്ക് കേന്ദ്ര ബജറ്റില്‍ ധനമന്ത്രി ചില ആനുകൂല്യങ്ങള്‍ നല്‍കിയിട്ടുണ്ടെന്നത് ശുഭകരമായി നോക്കികാണുന്നുവെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും എം.ഡിയുമായ ഡോ. ആസാദ് മൂപ്പന്‍. വളര്‍ച്ചയ്ക്ക് അവസരങ്ങള്‍ സൃഷ്ടിക്കാന്‍ പ്രയാസകരമായ സാമ്പത്തിക സാഹചര്യങ്ങളില്‍ പരിമിതമായ വിഭവശേഷി ഉപയോഗപ്പെടുത്തി തയ്യാറാക്കപ്പെട്ടതാണ് ഈ കേന്ദ്ര ബജറ്റെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

2025 ആകുമ്പോഴേക്കും രാജ്യത്ത് ക്ഷയരോഗ നിര്‍മാര്‍ജനം നടപ്പാക്കുക എന്നത് ആരോഗ്യകരമായ ഇന്ത്യയിലേക്കുള്ള ഒരു വലിയ ചുവടുവെപ്പാണ്. ആയുഷ്മാന്‍ഭാരത് ആവശ്യകത നിറവേറ്റുന്നതിനായി ടയര്‍ 2, 3 നഗരങ്ങളിലെ ആശുപത്രികള്‍ക്ക് വയബിലിറ്റി ഫണ്ട് വിടവ് നികത്താന്‍ പിന്തുണ നല്‍കാനുള്ള നിര്‍ദേശം ചെറിയ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ആളുകള്‍ക്ക് കൂടുതല്‍ എളുപ്പത്തില്‍ ആരോഗ്യ സേവനം ലഭ്യമാക്കാന്‍ സഹായിക്കും. പിപിപി മോഡല്‍ ആശുപത്രികള്‍ സ്ഥാപിക്കാനുള്ള തീരുമാനം 112 ജില്ലകളിലെ പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് ആരോഗ്യ സംരക്ഷണം ഉറപ്പാക്കും. 2000 അവശ്യ മരുന്നുകള്‍ ജന ഔഷധി സ്റ്റോറുകള്‍ വഴി സാധാരണക്കാര്‍ക്ക് ലഭ്യമാക്കും തുടങ്ങിയ പ്രഖ്യാപനങ്ങള്‍ ആശ്വാസ്യകരമാണ്. 

അതേസമയം, ആരോഗ്യ മേഖലയ്ക്ക് ജിഡിപിയുടെ ഒരു ശതമാനം മാത്രം വരുന്ന 69000 കോടി രൂപ വകയിരുത്തിയത് നിര്‍ഭാഗ്യകരമാണ്. ഈ മേഖലയുടെ മുന്നേറ്റത്തിന് ഇത് വലിയ അപര്യാപ്തത സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികളെക്കുറിച്ച് ബജറ്റ് ഏറെക്കുറെ നിശബ്ദമാണ്.  പ്രവാസികള്‍ക്ക് പ്രയോജനകരമാകുന്ന നിരവധി ആവശ്യങ്ങളും നിര്‍ദേശങ്ങളും ബജറ്റ് പരിഗണിച്ചിട്ടില്ലെന്നും ഡോ. ആസാദ് മൂപ്പന്‍ അഭിപ്രായപ്പെട്ടു. 

Content Highlights: union budget 2020; aster dm health care md dr.azad moopan's response